X

ഒന്നാംഘട്ട വിധിയെഴുത്ത്: ഗുജറാത്ത് ഇന്ന് ബൂത്തിലേക്ക്

 

രാജ്യം ഉറ്റുനോക്കുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പിലെ ആദ്യഘട്ട പോളിങ് ഇന്ന്. 182 അംഗസഭയില്‍ സൗരാഷ്ട്ര, വടക്കന്‍ ഗുജറാത്ത് എന്നിവിടങ്ങളിലെ 19 ജില്ലകളിലായി 89 മണ്ഡലങ്ങളാണ് ഇന്ന് ബൂത്തിലെത്തുന്നത്. മുഖ്യമന്ത്രി വിജയ് രൂപാണിയടക്കം 977 സ്ഥാനാര്‍ത്ഥികളാണ് ഒന്നാംഘട്ടത്തില്‍ അങ്കത്തട്ടിലുള്ളത്. 24,689 പോളിങ് ബൂത്തുകളാണ് വോട്ടിങിനായി ഒരുക്കിയിട്ടുള്ളത്.
്പ്രധാനമന്ത്രി നരേന്ദ്രമോദി, കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി എന്നിവരുടെ കാടിളക്കിയ പ്രചാരണത്തിന് ശേഷമാണ് സംസ്ഥാനം ആദ്യഘട്ട വിധിയെഴുത്തിലേക്ക് കടക്കുന്നത്. നോട്ടുനിരോധനം, ചരക്കുസേവന നികുതി, ഭരണവിരുദ്ധ വികാരം എന്നിവയാണ് ഭരണകക്ഷിയായ ബി.ജെ.പി നേരിടുന്ന വെല്ലുവിളി. ബി.ജെ.പിയുടെ വികസനം പൊള്ളയാണ് എന്ന് ആരോപിക്കുന്നതായിരുന്നു കോണ്‍ഗ്രസിന്റെ പ്രചാരണം.
കഴിഞ്ഞ തവണ ബി.ജെ.പിക്ക് കൂടുതല്‍ സീറ്റുകള്‍ ലഭിച്ച സൗരാഷ്ട്ര, കച്ച് മേഖല ഇത്തവണ ആരെ തുണക്കുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഉറ്റുനോക്കുന്നത്. അറബിക്കടലിന്റെ തീരത്ത് 11 ജില്ലകളിലായി പടര്‍ന്നു കിടക്കുന്ന സൗരാഷ്ട്രയിലും കച്ചിലുമായി 58 സീറ്റുകളാണുള്ളത്. 2012ല്‍ ഇവിടെ 35 ഇടത്ത് ബി.ജെ.പിയും 20 ഇടത്ത് കോണ്‍ഗ്രസുമാണ് ജയിച്ചത്. ശേഷിച്ച മൂന്നു സീറ്റുകളില്‍ രണ്ടെണ്ണം കേശുഭായ് പട്ടേലിന്റെ ഗുജറാത്ത് പരിവര്‍ത്തന്‍ പാര്‍ട്ടിക്കും ഒന്ന് എന്‍.സി.പിക്കും ലഭിച്ചു. 2007ല്‍ ബി.ജെ.പി 43 ഇടത്തും കോണ്‍ഗ്രസ് 14 ഇടത്തുമാണ് ജയിച്ചിരുന്നത്. അഭിപ്രായ സര്‍വേകള്‍ സംസ്ഥാത്ത് ബി.ജെ.പിക്കു തന്നെയാണ് മുന്‍തൂക്കം പ്രവചിക്കുന്നത്. എന്നാല്‍ വോട്ടിങ് ശതമാനത്തില്‍ ഇരുകക്ഷികളും ഒപ്പത്തിനൊപ്പമെത്തുമെന്നും ശക്തമായ പോരാട്ടം നടക്കുമെന്നും സര്‍വേകള്‍ പ്രവചിക്കുന്നു. 14നാണ് രണ്ടാം ഘട്ട വോട്ടെടുപ്പ്. 14 ജില്ലകളിലെ 93 സീറ്റുകളാണ് 14ന് വിധിയെഴുതുക. 18നാണ് വോട്ടെണ്ണല്‍.

chandrika: