അഹമ്മദാബാദ്: ഡിസംബര്‍ ഒന്നിന് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന ഗുജറാത്തില്‍ വന്‍ പ്രചാരണവുമായി രാഷ്ട്രീയ പാര്‍ട്ടികള്‍. പ്രമുഖ പാര്‍ട്ടികളുടെ നേതാക്കളെല്ലാം സംസ്ഥാനത്ത് കാടിളക്കി പ്രചാരണത്തിലാണ്.കോണ്‍ഗ്രസിനായി രാഹുല്‍ ഗാന്ധിയും ബി.ജെ.പിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും സജീവമായി രംഗത്തുണ്ട്. ഡല്‍ഹി മുഖ്യമന്ത്രിയും ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലാണ് ആം ആദ്മി പാര്‍ട്ടിയുടെ പ്രചാരണം.
ഭാരത് ജോഡോ യാത്രയില്‍നിന്ന് അവധിയെടുത്ത രാഹുല്‍ ഗാന്ധി, തിങ്കളാഴ്ചയാണ് സംസ്ഥാനത്ത് എത്തിയത്. സൂറത്തിലും രാജ്‌കോട്ടിലും നടന്ന റാലികളില്‍ അദ്ദേഹം പങ്കെടുത്തിരുന്നു. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗഹെ്‌ലോട്ട്, രമേശ് ചെന്നിത്തല എന്നിവരും രാഹുലിനൊപ്പമുണ്ടായിരുന്നു. നരേന്ദ്ര മോദി കഴിഞ്ഞ ദിവസം മൂന്ന് റാലികളിലാണ് പ്രസംഗിച്ചത്.
ഒ.ബി.സി. വിഭാഗങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള സുരേന്ദ്രനഗര്‍, ആദിവാസി വിഭാഗങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള നവ്‌സാരി, ബറൂച്ച് എന്നിവിടങ്ങളിലാണ് മോദി എത്തിയത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവര്‍ പ്രചാരണത്തിലുണ്ട്. ഡിസംബര്‍ അഞ്ചിനാണ് രണ്ടാംഘട്ട വോട്ടെടുപ്പ്. ഫലപ്രഖ്യാപനം എട്ടിന് നടക്കും.