മധ്യപ്രദേശ് നിയമസഭയിലേക്ക് മത്സരിക്കുന്ന 130 കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ ആദ്യ പട്ടിക ഒക്ടോബര്‍ 15ന് പ്രഖ്യാപിക്കും. പി.സി.സി പ്രസിഡന്റും മുന്‍ മുഖ്യമന്ത്രിയുമായ കമല്‍നാഥും ഈ പട്ടികയിലുണ്ടാകുമെന്ന് പാര്‍ട്ടിവൃത്തങ്ങള്‍ വ്യക്തമാക്കി.
15നാണ് നവരാത്രി ആഘോഷം തുടങ്ങുന്നത്. സംസ്ഥാനത്ത് പിതൃബലിതര്‍പ്പണപക്ഷാചരണം നടക്കുന്നതിനാലാണ് കോണ്‍ഗ്രസ് സ്ഥനാര്‍ഥിപ്പട്ടിക പ്രഖ്യാപിക്കുന്നത് നീട്ടിയതെന്ന് നേരത്തെ കമല്‍നാഥ് വ്യക്തമാക്കിയിരുന്നു. സെപ്റ്റംബര്‍ 29 മുതല്‍ ഒക്ടോബര്‍ 14 വരെയാണ് പിതൃപക്ഷാചരണം.
5 സര്‍വേകളുടെ അടിസ്ഥാനത്തില്‍ 230 മണ്ഡലങ്ങളിലേക്ക് കോണ്‍ഗ്രസ് 2 പട്ടികകള്‍ തയാറാക്കിയിരുന്നു. രാഹുല്‍ ഗാന്ധിക്കു വേണ്ടി തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനുഗോലുവും കമല്‍നാഥിനുവേണ്ടി മറ്റൊരു സര്‍വേയും നടത്തിയിരുന്നു.
90 സിറ്റിങ് എം.എല്‍.എമാരും 15 മുന്‍ എം.എല്‍.എമാരും ആദ്യ പട്ടികയിലുണ്ടാകുമെന്നാണ് കരുതുന്നത്. കമല്‍നാഥ് ചിന്ദ്‌വാരയില്‍തന്നെ ജനവിധി തേടും. രണ്ടാം പട്ടിക തയാറാക്കാന്‍ കോണ്‍ഗ്രസ് സ്‌ക്രീനിങ് കമ്മിറ്റി ഉടന്‍ ചേരുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. ബി.ജെ.പി നാലു ഘട്ടങ്ങളിലായി 136 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരുന്നു.