X

പാരീസിലെ ആദ്യ ജുമുഅ, പ്രാർത്ഥന ഫലസ്തീനായി

ഫ്രാൻസ് എന്ന പേരിനൊപ്പം ആദ്യം ചേർക്കാൻ ഞാനിഷ്ടപ്പെടുന്ന പേര് സിനദിൻ സിദാൻ എന്ന ഫുട്ബോളറുടേതാണ്. 1998 ലെ ലോകകപ്പ് നടന്ന ഫ്രാൻസിലെ വേദികളിലൂടെ ഇന്നലെ ഓട്ടപ്രദക്ഷിണം നടത്തിയായിരുന്നു പാരിസിലെ ആദ്യ വെള്ളിയിലെ ജുമുഅക്കായി ബൊളോണിലെ പള്ളിയിലെത്തിയത്. ചന്നം പിന്നം മഴ ചാറുന്ന പാരീസ് മധ്യാഹ്നം. പള്ളിയിൽ നല്ല തിരക്കാണ്. പ്രാർത്ഥനക്ക് മുമ്പായി അംഗശുദ്ധീകരണം നടത്തുമ്പോൾ അടുത്തുളള കൗമാരക്കാരൻറെ ജാക്കറ്റിൽ സിദാൻ എന്ന പേര്. സിദാൻ കാലവും കഴിഞ്ഞ് ഫ്രഞ്ചുകാർ കിലിയൻ എംബാപ്പേ കാലത്താണിപ്പോൾ.

എന്നിട്ടും ഈ കൗമാരക്കാരൻ സിദാൻ എന്നെഴുതിയ ജാക്കറ്റുമിട്ട് നടക്കുന്നു. കൗതുകത്തിന് ഒന്ന് ചോദിക്കാമെന്ന് കരുതി ആംഗലേയം പറഞ്ഞപ്പോൾ അവൻ ചിരിക്കുകയാണ്. കാര്യം പിടികിട്ടി. അവന് ഇംഗ്ലീഷ് വഴങ്ങുന്നില്ല. എനിക്ക് ഫ്രഞ്ചും. ഞങ്ങൾ തമ്മിലുള്ള ഭാഷാചിരി നടക്കുമ്പോൾ മൊറോക്കോക്കാരനായ സുഹൃത്ത് കാര്യം മനസിലാക്കി പറഞ്ഞു-അവൻ സിദാനാണ്. അതായത് പേര് മുഹമ്മദ് സിദാൻ. അവൻറെ പിതാവ് സിദാൻ ഫാനാണ്. അൾജിരിയൻ വംശജനാണ്. 98 ലെ ലോകകപ്പ് രണ്ട് സിദാനെ പ്രണയിച്ച പിതാവാണ്.

ഇതെഴുതാൻ കാരണം ഫ്രാൻസ് എന്ന രാജ്യത്തിലെ മുസ്‌ലിം ചരിത്രം സൂചിപ്പിക്കാനാണ്. ഫ്രഞ്ച് ജനസംഖ്യയിൽ പത്ത് ശതമാനത്തിലധികം മുസ് ലിം ജനസംഖ്യയാണ്. അറബ് ആഫ്രിക്കൻ രാജ്യങ്ങളായ മൊറോക്കോ,തുണിഷ്യ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവർ. ആഫ്രിക്കൻ രാജ്യങ്ങളായ കാമറൂൺ, അൾജീരിയ, കെനിയ, നൈജിരിയ തുടങ്ങിയിടങ്ങളിൽ നിന്നും എത്തി ഇവിടെ സ്ഥിര താമസമാക്കിയ മുസ്‌ലിങ്ങൾ. ഫ്രഞ്ച് കായികരംഗം അടക്കി വാഴുന്നത് ആഫ്രിക്കൻ വംശജരായ കളിക്കാരാണ്.

സിനദിൻ സിദാൻ, ഫ്രാങ്ക് റിബറി, ഉസ്മാൻ ഡെംപാലേ,നിക്കോളാസ് അനേൽക്ക,കരീം ബെൻസേമ, നിക്കോളോ കാൻഡേ,പോൾ പോഗ്ബ, മുസ സിസോക്കോ,ബെഞ്ചമിൻ മെൻഡി തുടങ്ങിയവരെല്ലാം ഫ്രഞ്ച് ജഴ്സി അണിഞ്ഞ വിഖ്യാതരായ ആഫ്രിക്കൻ വേരുകളുള്ള കളിക്കാരാണ്. നമ്മുടെ ബൊളോൺ പള്ളിയിൽ കണ്ട കൊച്ചു സിദാന് മെഹ്സി പറഞ്ഞ് ( മെഹ്സി എന്ന് പറഞ്ഞാൽ ഫ്രഞ്ചിൽ നന്ദി എന്നാണ്. നമ്മുടെ മെസിയുടെ പേരുമായി അടുപ്പമുള്ളതിനാൽ ഇവിടെ എത്തി ആദ്യം പഠിച്ച ഫ്രഞ്ച് പദങ്ങളിൽ ഒന്നാണ് മെഹ്സി).

പള്ളിക്കകം വിശാലമാണ്. ഖുർആൻ ലൈബ്രറി തന്നെയുണ്ട്. പല ഭാഷകളിലെ വിവർത്തനം. ഖുത്തുബ ആരംഭിക്കുന്നതിന് മുമ്പ് നമ്മുടെ പള്ളികളിൽ കാണുന്നത് പോലെ ബക്കറ്റ് പിരിവ്. ക്രെഡിറ്റ് കാർഡ് വഴിയും സംഭാവന നൽകാം. ഇടക്കിടെ പള്ളിയിലെ സഹായി വന്ന് ആളുകളെ അടുത്ത് അടുത്ത് ഇരുത്തുന്നുണ്ട്. ചെറുപ്പക്കാരനായ ഖത്തിബെത്തി ആദ്യം പതിവ് അറബിയിൽ മനോഹരമായ ഖുത്തുബ. പിന്നെ അതിന് ഫ്രഞ്ച് പരിഭാഷ. ഇടക്കിടെ അദ്ദേഹം ഫലസ്തിൻ എന്ന് പറയുന്നുണ്ട്.

അതിന് എല്ലാവരും ഉച്ചത്തിൽ ആമിൻ പറയുന്നുമുണ്ട്. പെട്ടെന്ന് ജുമുഅ കഴിഞ്ഞ്. പുറത്ത് നല്ല ഈത്തപ്പഴ കച്ചവടം പൊടിപൊടിക്കുന്നു. നാല് നിലയാണ് പള്ളി. എല്ലാ നിലകളിലും നിറഞ്ഞ് വിശ്വാസികൾ. മദ്രസകളും സജീവം. പാരീസിൽ ബുധനാഴ്ച്ചകളിലും ശനി,ഞായർ ദിവസങ്ങളിലും സ്ക്കൂളില്ല. ആ ദിവസങ്ങളിലാണ് മദ്രസകൾ. മദ്രസകളോട് ചേർന്ന് ചെറിയ ടെന്നിസ് മൈതാനം. പഠനത്തിനൊപ്പം കളിയും. വിശ്വാസ സംഹിതകളിൽ വീട്ടുവീഴ്ചകൾക്കില്ല ഫ്രഞ്ചുകാർ. സുന്നി വിശ്വാസികളാണ് കൂടുതൽ.ഖത്തിബിനോട് സംസാരിക്കാൻ ചെന്നപ്പോൾ ഫ്രഞ്ച് മാത്രം. സലാം ചൊല്ലി പിരിയുമ്പോൾ മഴ മാറിയിരിക്കുന്നു. ഇനി സെൻ നദിക്കരയിലെത്തണം. ഉദ്ഘാടന പരിപാടികൾ കാണണം. അത് ഓഫിസിലെത്തിക്കണം.

webdesk13: