വഖഫ് ഭേതഗതി നിയമം വന്നതിന് പിന്നാലെ പഞ്ചഗംഗ ഘട്ടിലെ ആലംഗീര്‍ (ധരഹര) മസ്ജിദ് ബിജെപി എംഎല്‍എയും സംഘവും വൃത്തിയാക്കി. തിങ്കളാഴ്ചയാണ് സിറ്റി സൗത്തില്‍ നിന്നുള്ള എംഎല്‍എ നീലകാന്ത് തിവാരിയും അനുയായികളും ചേര്‍ന്നാണ് പള്ളി വൃത്തിയാക്കിയത്. എംഎല്‍എ തൂത്തുവാരുമ്പോള്‍ കൂടെയുണ്ടായിരുന്നവര്‍ മോദി-യോഗി സിന്ദാബാദ് മുദ്രാവാക്യങ്ങള്‍ വിളിക്കുന്നുണ്ടായിരുന്നു.
‘എംഎല്‍എയുടെ പ്രവൃത്തി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. പാര്‍ലമെന്റില്‍ വഖഫ് ബില്‍ പാസായതിന്റെ ആദ്യ പ്രത്യാഘാതമായ എംഎല്‍എയുടെ ഈ പ്രവൃത്തി ശ്രദ്ധിക്കണമെന്ന് ഞങ്ങള്‍ സുപ്രീംകോടതിയോട് അപേക്ഷിക്കുകയാണ്. പുതിയ വഖഫ് നിയമത്തിന്റെ കാര്യം സുപ്രീംകോടതിയില്‍ വാദം കേള്‍ക്കുന്നുണ്ടെങ്കിലും, ബന്ധപ്പെട്ട അധികാരികളുടെ അനുമതി വാങ്ങാതെ വഖഫ് സ്വത്തില്‍ പ്രവേശിച്ചുകൊണ്ട് ഭരണകക്ഷി നേതാക്കള്‍ അതിക്രമിച്ചു കയറാന്‍ തുടങ്ങിയിരിക്കുന്നു’ -ഗ്യാന്‍വാപി മസ്ജിദ് മാനേജ്മെന്റ് കമ്മിറ്റി ജോയിന്റ് സെക്രട്ടറി എസ്.എം യാസീന്‍ പറഞ്ഞു. ഇവര്‍ കാലില്‍ ചെരിപ്പുമായാണ് പള്ളിയില്‍ പ്രവേശിച്ചതെന്നും ഇത് മതകേന്ദ്രത്തിന് നേരെയുള്ള അപമാനമാണെന്നും യാസീന്‍ കുറ്റപ്പെടുത്തി.
ബിജെപി എംഎല്‍എയും 20ഓളം അനുയായികളും പള്ളി വളപ്പിലേക്ക് പ്രവേശിച്ചത് തങ്ങളുടെ അനുവാദം കൂടാതെയാണെന്ന് പരിപാലകന്‍ റാഷിദ് അലി പറഞ്ഞു. തെരുവ് വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന അതേ ചൂല്‍ ഉപയോഗിച്ചാണ് പള്ളി വളപ്പ് തൂത്തുവാരാന്‍ തുടങ്ങിയത്. ഇത് അന്യായവും അപമാനകരവുമാണ്. പള്ളിയുടെ സുരക്ഷയ്ക്കായി വിന്യസിച്ചിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ എംഎല്‍എയെയും അനുയായികളെയും തടഞ്ഞില്ലെന്നും യാസീന്‍ പറഞ്ഞു. തദ്ദേശവാസികളുമായി നല്ല ബന്ധം പുലര്‍ത്തുന്നതിനാലും ഒരു തരത്തിലുള്ള കുഴപ്പവും സൃഷ്ടിക്കാന്‍ ആഗ്രഹിക്കാത്തതിനാലും ഞങ്ങള്‍ ഉടനടി എതിര്‍പ്പ് ഉന്നയിച്ചില്ല.
ഏപ്രില്‍ 11ന് പ്രധാനമന്ത്രിയുടെ സന്ദര്‍ശനവും പാര്‍ട്ടി സ്ഥാപക ദിനാഘോഷവും കണക്കിലെടുത്ത് ആരംഭിച്ച പ്രത്യേക ശുചിത്വ പരിപാടിയുടെ ഭാഗമായാണ് പഞ്ചഗംഗ ഘട്ടും സമീപ പ്രദേശങ്ങളും വൃത്തിയാക്കിയതെന്ന് നീലകാന്ത് തിവാരി പറഞ്ഞു. തര്‍ക്കം നിലനില്‍ക്കുന്ന മസ്ജിദാണിത്. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ സംരക്ഷണത്തിലാണ് ഇതുള്ളത്.