X

ആദ്യ ഹജ്ജ് വിമാനം ഓഗസ്റ്റ് എട്ടിന്

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മറ്റി വഴിയുള്ള ആദ്യ വിമാനം ഓഗസ്റ്റ് എട്ടിന് യാത്രതിരിക്കും. നെടുമ്പാശ്ശേരിയിലാണ് ഈ വര്‍ഷവും ഹജ്ജ് ക്യാമ്പ്. 26 വരെ 19 സര്‍വ്വീസുകളാണുണ്ടാവുക. സെപ്തംബര്‍ 15 മുതല്‍ ഒക്ടോബര്‍ അഞ്ചു വരെയാണ് മടക്ക സര്‍വ്വീസ്. ജിദ്ദ വഴിയാണ് ഹാജിമാരെ പുണ്യഭൂമിയില്‍ എത്തിക്കുക. മദീന വഴിയായിരിക്കും മടക്കയാത്ര. 12,000ത്തോളം പേര്‍ക്ക് ഈ വര്‍ഷം ഹജ്ജിന് അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷ. ഹജജ് ക്യാമ്പ് ഓഗസ്റ്റ് ആറ് മുതല്‍ സജീവമാകും. രാജ്യത്ത് ഏറ്റവും കൂടുതല്‍ ഹജ്ജ് അപേക്ഷകര്‍ ഇത്തവണയും കേരളത്തിലാണ്.

ഒരു ലക്ഷത്തിനടുത്ത് അപേക്ഷകളാണ് ലഭിച്ചത്. ഇന്ത്യയിലെ ഇതുവരെയുള്ള ഏറ്റവും കൂടിയ അപേക്ഷയാണിത്. ഗുജറാത്ത് – 57,138, മഹാരാഷ്ട്ര- 56,066, ഉത്തര്‍പ്രദേശ്- 51,000 എന്നിവയാണ് അപേക്ഷകരുടെ എണ്ണത്തില്‍ രണ്ടും മൂന്നും നാലും സ്ഥാനങ്ങളിലുള്ള സംസ്ഥാനങ്ങള്‍. കേരളത്തില്‍ 1733പേര്‍ 70 വയസ്സ് കാരും 9038 അഞ്ചാം വര്‍ഷക്കാരുമടക്കം റിസര്‍വ് കാറ്റഗറിയില്‍ മാത്രം ഇത്തവണ 10,771 പേരുള്ളതിനാല്‍ നാലാം വര്‍ഷ അപേക്ഷക്കാര്‍ക്ക് അവസരം ലഭിക്കാന്‍ സാധ്യത കുറവാണ്.

ക്വാട്ടക്കനുസരിച്ച് അപേക്ഷകര്‍ ഇല്ലാത്ത അസം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ സീറ്റുകള്‍ വീതിക്കുന്ന മുറക്ക് ലഭിക്കുന്ന സീറ്റുകള്‍ക്കനുസരിച്ചാവും ഇവര്‍ക്ക് അവസരം ലഭിക്കുക. മാര്‍ച്ച് 19നാണ് നറുക്കെടുപ്പ്. നിലവിലെ അപേക്ഷകരുടെ ഡാറ്റാ എന്‍ട്രി നടത്തി കവര്‍ നമ്പറുകള്‍ ഹജ്ജ് ഹൗസില്‍നിന്ന് അയച്ചു തുടങ്ങിയിട്ടുണ്ട്. 18ന് രാവിലെ ഹജ്ജ് ഹൗസില്‍ നടക്കുന്ന ഹജജ് കമ്മറ്റി യോഗത്തില്‍ ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യും. പുതിയ ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞി മൗലവി ചുമതലയേറ്റ ശേഷമുള്ള പ്രഥമ യോഗമാണിത്.

chandrika: