തേഞ്ഞിപ്പലം: കൗമാരകുതിപ്പിന് സാക്ഷ്യം വഹിച്ച് തേഞ്ഞിപ്പലം കാലിക്കറ്റ് സര്‍വകലാശാല സിന്തറ്റിക് സ്റ്റേഡിയത്തില്‍ ആരംഭിച്ച സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ആദ്യ സ്വര്‍ണം നിലവിലെ ചാമ്പ്യന്മാരായ എറണാകുളത്തിന്. സീനിയര്‍ ആണ്‍കുട്ടികളുടെ അയ്യായിരം മീറ്ററില്‍ കോതമംഗലം മാര്‍ബേസില്‍ സ്‌കൂളിലെ ബിപിന്‍ ജോര്‍ജ്ജാണ് എറണാകുളത്തിനു വേണ്ടി സ്വര്‍ണം സ്വന്തമാക്കിയത്. തിരുവനന്തപുരം സായിയിലെ അഭിനന്ദ് സുരേന്ദ്രന്‍ വെള്ളിയും പാലക്കാട് പറളി എച്ച്എസിലെ അജിത്ത് പിഎന്‍ വെങ്കലവും നേടി.
പാലക്കാട് കല്ലടി എച്ച്എസ്എസിലെ സി. ബബിതയും തിരുവനന്തപുരം സായിയിലെ മേഘ മറിയം മാത്യുവും റെക്കോര്‍ഡ് സ്വന്തമാക്കുന്നതിന് കായികമാമാങ്കത്തിന്റെ ആദ്യദിനം സാക്ഷ്യംവഹിച്ചു. സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ ദേശീയ റെക്കോര്‍ഡ് മറികടന്ന പ്രകടനത്തോടെയായിരുന്നു ബബിതയുടെ സ്വര്‍ണനേട്ടം. ഒമ്പത് മിനിറ്റും 37 സെക്കന്റും കൊണ്ടാണ് ബബിത സ്വര്‍ണത്തിലേക്ക് ഓടിയടുത്തത്. ജൂനിയര്‍ പെണ്‍കുട്ടികളുടെ ഷോട്ട്പുട്ടിലൂടെയാണ് മേഘ മറിയം മാത്യു റെക്കോര്‍ഡ് മികവില്‍ സ്വര്‍ണം നേടിയത്. ഈ ഇനത്തില്‍ കോതമംഗലം മാതിരിപ്പള്ളി സ്‌കൂളിലെ കെസിയ മറിയം ബെന്നി വെള്ളിയും തൃശൂര്‍ നാട്ടിക ഫിഷറീസ് എച്ച്എസ്എസിലെ അതുല്യ വെങ്കലവും നേടി.
ജൂനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്ററില്‍ മാര്‍ ബേസിലിലെ ആദര്‍ശ് ബേബി സ്വര്‍ണം നേടിയപ്പോള്‍ ജൂനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ പാലക്കാട് ജില്ല മെഡലുകള്‍ തൂത്തുവാരി. കല്ലടി സ്‌കൂളിലെ സി.ചാന്ദിനി സ്വര്‍ണവും മുണ്ടൂര്‍ സ്‌കൂളിലെ ആതിര വെള്ളിയും നേടി. അതേസമയം ജൂനിയര്‍ ആണ്‍കുട്ടികളഉടെ ലോങ്ജംപില്‍ തൃശൂര്‍ കണ്‍കോര്‍ഡ് ഇഎച്ച്എസ്എസിലെ മുഹമ്മദ് അസ്‌ലമിനാണ് സ്വര്‍ണം. ആദ്യദിനമായ ഇന്ന് 18 ഇനങ്ങളിലാണ് ഫൈനല്‍ നടക്കുക. കഴിഞ്ഞ തവണത്തെ റണ്ണേഴ്‌സ് അപ്പായ പാലക്കാടാണ് ഇപ്പോള്‍ രണ്ടാം സ്ഥാനത്തുള്ളത്. വൈകിട്ട് മൂന്നരക്ക് മേളയുടെ ഉദ്ഘാടനം മന്ത്രി പ്രൊഫ.രവീന്ദ്രനാഥ് നിര്‍വഹിക്കും.