ബംഗളൂരു: പുതുവര്‍ഷത്തില്‍ ബംഗളൂരുവിലെ സര്‍ക്കാര്‍ ആസ്പത്രിയില്‍ ജനിക്കുന്ന ആദ്യത്തെ പെണ്‍കുട്ടിക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കുമെന്ന് മേയര്‍ സാംപത് രാജ്. പെണ്‍കുട്ടികളുടെ പ്രാധാന്യത്തെക്കുറിച്ച് ബോധവല്‍ക്കരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം.
സാധാരണ പ്രസവത്തിലൂടെ ജനിക്കുന്ന പെണ്‍കുഞ്ഞിനാണ് ഡിഗ്രി വരെയുള്ള വിദ്യാഭ്യാസം സൗജന്യമായി നല്‍കുക. പെണ്‍കുട്ടികളെ ഭാരമായി കാണുന്ന മനോഭാവം മാറ്റുകയാണ് ഇത്തരത്തിലൊരു നടപടിയെന്ന് മേയര്‍ പറഞ്ഞു. ബൃഹത് ബംഗളൂരു മഹാനഗര പാലികെ(ബിബിഎംപി)യുടെ നേതൃത്വത്തില്‍ പെണ്‍കുട്ടിയുടെയും ബിബിഎംപി കമ്മീഷണറുടെയും ജോയിന്റ് അക്കൗണ്ടിലേക്ക് അഞ്ച് ലക്ഷം രൂപ നിക്ഷേപിക്കും. ഈ തുകയുടെ പലിശ കുട്ടിയുടെ പഠനത്തിനായി നല്‍കും.
സര്‍ക്കാര്‍ ആസ്പത്രികള്‍ പ്രസവത്തിനായി തെരഞ്ഞെടുക്കുന്നത് നിര്‍ധനരായവരായിരിക്കും. ഇവര്‍ കൂടുതലായും പെണ്‍കുട്ടികളെ ബാധ്യതയായി കാണുന്നവരായിക്കുമെന്ന് സാംപത് പറഞ്ഞു. സിസേറിയന്‍ നടത്തുന്നതിന്റെ സമയം മുന്‍കൂട്ടി നിശ്ചയിക്കാന്‍ സാധിക്കുന്നതിനാലാണ് സാധാരണ പ്രസവത്തില്‍ ജനിക്കുന്ന പെണ്‍കുഞ്ഞിനെ തെരഞ്ഞെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.