അബുദാബി: യുഎഇയില്‍ നിന്നുള്ള ആദ്യ ഇത്തിഹാദ് വിമാനം ഇസ്രയേലിലെത്തി. ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം സാധാരണഗതിയില്‍ ആയതിന് പിന്നാലെയാണ് യുഎഇ വിമാനം അബുദാബിയില്‍ നിന്ന് ടെല്‍ അവീവ് വിമാനത്താവളത്തിലെത്തിയത്. ചരിത്രപരം എന്നാണ് ഇത്തിഹാദ് യാത്രയെ വിശേഷിപ്പിച്ചത്.
ഇവൈ9607 നമ്പര്‍ ഇത്തിഹാദ് വിമാനമാണ് തിങ്കളാഴ്ച പുലര്‍ച്ചെ ബെന്‍ ഗുറിയോന്‍ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തത്. യുഎഇയിലെ ദ്വിദിന സന്ദര്‍ശനത്തിന് ശേഷം നാട്ടിലേക്ക് മടങ്ങുന്ന ഇസ്രയേലി ടൂറിസം ഉദ്യോഗസ്ഥരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.
നേരത്തെ, മെയ് മാസത്തില്‍ മെഡിക്കല്‍ ഉപകരണങ്ങളുമായി ഇത്തിഹാദ് വിമാനം ഇസ്രയേലില്‍ എത്തിയിരുന്നു. എന്നാല്‍ ഈ വിമാനം വഴിയെത്തിയ സഹായങ്ങള്‍ സ്വീകരിക്കാന്‍ ഫലസ്തീന്‍ വിസമ്മതിക്കുകയായിരുന്നു. നേരത്തെ, ഇരുരാഷ്ട്രങ്ങളും തമ്മില്‍ ഒപ്പിട്ട കരാറിനെതിരെയും ഫലസ്തീന്‍ രംഗത്തെത്തിയിരുന്നു.
ഓഗസ്റ്റിലാണ് പതിറ്റാണ്ടുകള്‍ നീണ്ട വൈരം മറന്ന് യുഎഇ ഇസ്രയേലുമായി നയതന്ത്ര ബന്ധം സ്ഥാപിച്ചത്. യുഎസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ സാന്നിധ്യത്തില്‍ വൈറ്റ് ഹൗസിലായിരുന്നു ഒപ്പുവയ്ക്കല്‍ ചടങ്ങുകള്‍. ഇരുരാഷ്ട്രങ്ങള്‍ക്കുമിടയില്‍ പ്രതിവാരം 28 വാണിജ്യ വിമാനങ്ങള്‍ സര്‍വീസ് നടത്താനാണ് ആദ്യഘട്ടത്തില്‍ ധാരണയായിട്ടുള്ളത്.
യുഎഇക്ക് പിന്നാലെ അയല്‍ രാഷ്ട്രമായ ബഹ്‌റൈനും ഇസ്രയേലുമായി കരാര്‍ ഒപ്പിട്ടുണ്ട്. ജൂതരാഷ്ട്രവുമായി ബന്ധം സ്ഥാപിക്കുന്ന നാലാമത്തെ അറബ് രാഷ്ട്രമാണ് ബഹ്‌റൈന്‍.