മുത്തലാഖ് ക്രിമിനല്‍ കുറ്റമായതോടെ കേരളത്തിലെ ആദ്യ അറസ്റ്റ് കോഴിക്കോട് ജില്ലയില്‍. മുക്കം കുമാരനല്ലൂര്‍ സ്വദേശിയുടെ പരാതിയില്‍ കോഴിക്കോട് ചെറുവാടി സ്വദേശി ഇ.കെ ഉസാമിനെയാണ് മുക്കം പൊലീസ് അറസ്റ്റ് ചെയ്തത്.
മുത്തലാഖ് വിഷയത്തില്‍ കേരളത്തിലെ ആദ്യ അറസ്റ്റാണിത്. വെള്ളിയാഴ്ച രാവിലെ അറസ്റ്റ് ചെയ്ത ഉസ്മാനെ താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയങ്കിലും ജാമ്യം അനുവദിച്ചു.
മുസ്‌ലിം വനിതാ സംരക്ഷണ നിയമം 3, 4 ആക്ട് പ്രകാരം അഭിഭാഷകരായ കെ പി ഫിലിപ്പ്, വി കെ അന്‍വര്‍ സാദിഖ് എന്നിവര്‍ മുഖേനെയാണ് പരാതി നല്‍കിയത്. ശിക്ഷിക്കപ്പെട്ടാല്‍ മൂന്ന് വര്‍ഷം വരെ തടവ് ലഭിച്ചേക്കാം.
ഒറ്റയടിക്ക് മൂന്നു തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പെടുത്തുന്ന രീതിയാണ് മുത്തലാഖ്. ജൂലൈ 30 നാണ് വ്യക്തമായ ഭൂരിപക്ഷത്തോടെ മുത്തലാഖ് നിരോധന ബില്‍ പാര്‍ലമെന്റിന്റെ ഇരു സഭകളിലും പാസ്സായതോടെയാണ് മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്നത്. കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ മുത്തലാഖ് നിരോധിച്ചുകൊണ്ട് സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ബില്‍ കൊണ്ടുവരുന്നത്. മുത്തലാഖ് ചൊല്ലുന്ന പുരുഷന് മൂന്നുവര്‍ഷം വരെ ജയില്‍ശിക്ഷയും പിഴയും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്.