X

പ്രഥമ ഓള്‍കേരള ജേര്‍ണലിസ്റ്റ് ക്രിക്കറ്റ് ലീഗ് 20, 21 തീയതികളില്‍ തൊടുപുഴയില്‍

തൊടുപുഴ: കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന കമ്മിറ്റി (കെ.യു.ഡബ്ല്യു.ജെ) സംഘടിപ്പിക്കുന്ന ഒന്നാമത് ഓള്‍ കേരള ജേര്‍ണലിസ്റ്റ് ക്രിക്കറ്റ് ലീഗ് 2022 (ജെ.സി.എല്‍ 2022)’ 20, 21 തീയതികളില്‍ നടക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് എം.വി.വിനീതയും ജനറല്‍ സെക്രട്ടറി ആര്‍.കിരണ്‍ ബാബുവും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

കേരള ക്രിക്കറ്റ് അസോസിയേഷന്‍ (കെ.സി.എ ) തെക്കുംഭാഗം അന്താരാഷ്ട്ര ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരങ്ങള്‍ക്ക് ഇടുക്കി പ്രസ്‌ക്ലബ് ആതിഥേയത്വം വഹിക്കും. ഒരു ലക്ഷം രൂപയും അല്‍അസ്ഹര്‍ ഗ്രൂപ്പ് സ്‌പോണ്‍സര്‍ ചെയ്യുന്ന അല്‍അസ്ഹര്‍ കപ്പുമാണ് ചാമ്പ്യന്‍മാരാകുന്ന ടീമിന് നല്‍കുന്നത്. അന്‍പതിനായിരം രൂപയും ട്രോഫിയും റണ്ണേഴ്‌സ് അപ്പിന് നല്‍കും.

കെ.യു.ഡബ്ല്യു.ജെയുടെ കീഴിലുള്ള 14 പ്രസ്സ് ക്ലബുകളില്‍ നിന്നുള്ള ടീമുകള്‍ പങ്കെടുക്കും. സംസ്ഥാന കമ്മിറ്റി ആദ്യമായാണ് എല്ലാ ജില്ലകള്‍ക്കും പങ്കെടുക്കാവുന്ന ക്രിക്കറ്റ് ലീഗ് സംഘടിപ്പിക്കുന്നത്. എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി.രാജേഷ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. ജെ.സി.എലിന്റെ ലോഗോ പ്രകാശനം ഇടുക്കി പ്രസ് ക്ലബ്ബില്‍ സംസ്ഥാന പ്രസിഡന്റ് എം.വി.വിനീതയും ജനറല്‍ സെക്രട്ടറി ആര്‍.കിരണ്‍ ബാബുവും ചേര്‍ന്ന് നിര്‍വഹിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ ലഹരി വിരുദ്ധ ക്യാംപെയിനുമായി സഹകരിച്ചാണ് ക്രിക്കറ്റ് ലീഗ് നടത്തുന്നത്.

20ന് രാവിലെ 8.30ന് മത്സരങ്ങള്‍ ആരംഭിക്കും. 16 ടീമുകളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. ആദ്യ ദിനം ലീഗ് മത്സരങ്ങളാണ്. നാല് ടീമുകള്‍ വീതമുള്ള നാല് ഗ്രൂപ്പുകളായാണ് ആദ്യദിനം മത്സരങ്ങള്‍. ഇതില്‍ നിന്ന് ഓരോ ടീമുകള്‍ വീതം രണ്ടാം ദിവസത്തെ സെമിയിലേക്ക് യോഗ്യത നേടും. ഉച്ചയ്ക്ക് ശേഷം ഫൈനലും തുടര്‍ന്ന് സമാപന സമ്മേളനവും നടക്കുന്ന രീതിയിലാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.

ആകെ 27 മത്സരങ്ങള്‍ ഉണ്ടാകും. എല്ലാ മത്സരങ്ങളിലും മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരം ഉണ്ടായിരിക്കും. കൂടാതെ ലീഗിലെ ബെസ്റ്റ് ബാറ്റര്‍, ബെസ്റ്റ് ബോളര്‍, ബെസ്റ്റ് വിക്കറ്റ് കീപ്പര്‍, ബെസ്റ്റ് ഫീല്‍ഡര്‍ തുടങ്ങിയ പ്രത്യേക പുരസ്‌കാരങ്ങളും ഉണ്ടാകും. അകാലത്തില്‍ അന്തരിച്ച മാധ്യമ പ്രവര്‍ത്തകരായ സനില്‍ ഫിലിപ്പ്, യു.എച്ച്.സിദ്ധിഖ്, എം.എസ്.സന്ദീപ്, സോളമന്‍ ജേക്കബ്, ജോമോന്‍ വി.സേവ്യര്‍ തുടങ്ങിയവരുടെ മെമ്മോറിയല്‍ ട്രോഫിയും ഫെയര്‍ പ്ലേ അവാര്‍ഡും ഉണ്ടായിരിക്കും.

ക്രിക്കറ്റ് ലീഗില്‍ കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നായി മുന്നൂറോളം മാധ്യമ പ്രവര്‍ത്തകര്‍ പങ്കെടുക്കും. ഇവര്‍ക്കായി താമസവും ഭക്ഷണവും അടക്കമുള്ള വിപുലമായ സൗകര്യങ്ങളാണ് ഇടുക്കി പ്രസ്സ് ക്ലബ് ഒരുക്കിയിരിക്കുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ ഇടുക്കി പ്രസ്സ് ക്ലബ് പ്രസിഡന്റ് സോജന്‍ സ്വരാജ്, സെക്രട്ടറി ജെയ്‌സ് വാട്ടപ്പിള്ളില്‍, ട്രഷറര്‍ വില്‍സണ്‍ കളരിക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Test User: