വയനാട്: രോഗിയായ കുട്ടിയുടെ ചികിത്സയ്ക്ക് സോഷ്യല്‍ മീഡിയയിലൂടെ ലഭിച്ച പണം തട്ടിയെടുത്തെന്ന പരാതിയില്‍ ചാരിറ്റി പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പിലിനെതിരെ പൊലീസ് കേസെടുത്തു. വയനാട് മാനന്തവാടി സ്വദേശികളായ സഞ്ജയ്‌യുടെയും ആരതിയുടെയും പരാതിയിലാണ് കേസെടുത്തത്.
കേസില്‍ മാനന്തവാടി പൊലീസ് ഫിറോസ് കുന്നംപറമ്പിലിന്റെ മൊഴി രേഖപ്പെടുത്തി. കുട്ടിയുടെ ചികിത്സക്കുള്ള പണം നല്‍കിയിട്ടുണ്ടെന്ന് ഫിറോസ് പറഞ്ഞു. ബാക്കി വരുന്ന പണം രോഗികളായ മറ്റുള്ളവര്‍ക്ക് നല്‍കാമെന്ന് നേരത്തെ ധാരണയുണ്ടാക്കിയിരുന്നെന്നും ഫിറോസ് വ്യക്തമാക്കി.
മാനന്തവാടി സ്വദേശിയായ സഞ്ജയ്‌യുടെയും ആരതിയുടെയും കുഞ്ഞിന് ജനിച്ചപ്പോള്‍ തന്നെ വന്‍കുടലിന് വലിപ്പക്കുറവായിരുന്നു. ഇതിന്റെ ചികിത്സക്കായി ഫിറോസ് പണം പിരിച്ചിരുന്നു. തുടര്‍ന്ന് സഞ്ജയ്‌യുടെയും ഫിറോസ് നിര്‍ദ്ദേശിച്ച മറ്റൊരാളുടെയും പേരില്‍ അക്കൗണ്ടും തുറന്നു. അക്കൗണ്ടില്‍ വന്ന പണം നിര്‍ബന്ധിച്ച് ചെക്ക് ഒപ്പിട്ടുവാങ്ങിച്ച് ഫിറോസ് തട്ടിയെടുത്തെന്നാണ് മാതാപിതാക്കളുടെ പരാതി. കുട്ടിയുടെ ചികിത്സക്കുള്ള തുകപോലും ഫിറോസ് നല്‍കിയില്ലെന്നും ഇവര്‍ ആരോപിക്കുന്നു.