X

അമേരിക്കന്‍ പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ തീപിടുത്തം; 50ാം നില കത്തിയമര്‍ന്ന് ഒരാള്‍ കൊല്ലപ്പെട്ടു

 

പ്രസിഡന്റ് ട്രംപിന്റെ ഭവനമായ മാന്‍ഹാട്ടണിലെ ട്രംപ് ടവറില്‍ തീപിടുത്തം. അന്‍പതാം നിലയില്‍ പൊട്ടിപ്പുറപ്പെട്ട തീപിടുത്തം കെടുത്താന്‍ ഇരുനൂറോളം അഗ്‌നിശമന സേനാ വിഭാഗങ്ങള്‍ സ്ഥലത്തെത്തി. സംഭവത്തില്‍ ഗുരുതരമായി പരുക്കേറ്റ് മൗണ്ട് സിനായ് റൂസ്‌വെല്‍റ്റ് ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന 67കാരന്‍ ടോഡ് ബ്രാസ്‌നര്‍ മരണത്തിന് കീഴടങ്ങി. നാവ് അഗ്‌നിശമന സേനാ പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റിട്ടുണ്ട്. ഇവരുടെ പരുക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

വൈകുന്നേരം 6 മണിയോടെയായിരുന്നു തീപിടുത്തം. ട്രംപ് ടവറില്‍ നിന്നും ഉയര്‍ന്ന കറുത്ത പുകയും, അവശിഷ്ടങ്ങള്‍ താഴേക്ക് പതിച്ചതും ആദ്യം ഭീതി പടര്‍ത്തിയെങ്കിലും സ്ഥലത്തെത്തിയ രക്ഷാപ്രവര്‍ത്തകര്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കി. തന്റെ അപ്പാര്‍ട്ട്‌മെന്റില്‍ വെച്ചാണ് ടോഡ് ബ്രാസ്‌നര്‍ക്ക് പരുക്കേറ്റത്. ഇദ്ദേഹത്തിന്റെ അപ്പാര്‍ട്ട്‌മെന്റ് പൂര്‍ണ്ണമായും അഗ്‌നി വിഴുങ്ങിയ അവസ്ഥയിലായിരുന്നെന്ന് എഫ്ഡിഎന്‍വൈ കമ്മീഷണര്‍ ഡാനിയല്‍ നിഗ്രോ വ്യക്തമാക്കി.

50 നില ഉയരത്തിലായതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുര്‍ഘടമായിരുന്നു. തീപിടുത്തത്തെത്തുടര്‍ന്ന് കെട്ടിടത്തില്‍ നിറയെ പുകയും പടര്‍ന്നു. സിനിമാ സ്‌റ്റൈലിലാണ് തീപടര്‍ന്ന അപ്പാര്‍ട്ട്‌മെന്റില്‍ നിന്നും പരുക്കേറ്റയാളെ പുറത്തെത്തിച്ചത്. പല നിലകളിലും തെരച്ചില്‍ നടത്തി സ്ഥിതിഗതികള്‍ 7.45ഓടെയാണ് നിയന്ത്രണവിധേയമാക്കിയത്. ഫസ്റ്റ് ലേഡി മെലാനിയ ട്രംപും, മകന്‍ ബാരണ്‍ ട്രംപും വാഷിംഗ്ടണ്‍ ഡിസിയില്‍ എത്തിയിട്ടുണ്ട്. പ്രസിഡന്റും ഇവിടെ എത്തിയെന്നാണ് റിപ്പോര്‍ട്ട്. കെട്ടിടത്തില്‍ ട്രംപിന്റെ ഓഫീസും, വീടും പ്രവര്‍ത്തിക്കുന്നുണ്ട്.

ട്രംപ് ടവറിലെ തീകെടുത്തിയതായി അറിയിച്ച് പ്രസിഡന്റ് ട്വിറ്ററില്‍ സന്ദേശം അയച്ചിരുന്നു. ഫയര്‍ ജീവനക്കാര്‍ക്ക് അദ്ദേഹം നന്ദിയും പറഞ്ഞു. 1983ലാണ് ട്രംപ് ടവര്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. 664 അടി ഉയരമുള്ള ട്രംപ് ടവറില്‍ 58 നിലകളാണുള്ളത്.

chandrika: