X

കിഴക്കമ്പലത്തെ തീക്കളി

കെ.ബി.എ കരീം

അതിഥി തൊഴിലാളികളുമായി ബന്ധപ്പെട്ട് ദിനംപ്രതി കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാറുണ്ടെങ്കിലും ക്രമസമാധാനനിലയെ ഗുരുതരമായി ബാധിക്കുന്ന അവസ്ഥയിലേക്ക് മാറുമെന്ന് ആരും കരുതിയിരുന്നില്ല. കഴിഞ്ഞ പത്ത് വര്‍ഷത്തിനകം അതിഥി തൊഴിലാളികള്‍ പ്രതികളാകുന്ന നൂറുകണക്കിന് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും ഇവയൊന്നും മലയാളിയുടെ സൈ്വര്യജീവിതത്തെ കാര്യമായി സ്പര്‍ശിച്ചിരുന്നില്ല. എങ്കിലും പെരുമ്പാവൂരിലെ ജിഷ വധക്കേസില്‍ അതിഥി തൊഴിലാളി ശിക്ഷിക്കപ്പെട്ടത് മുതല്‍ ഇവരെ മാന്യമായി പരിഗണിക്കുന്നതിനൊപ്പം ജാഗ്രതയും നിരീക്ഷണവും വേണമെന്ന് വിദഗ്ധ കോണുകളില്‍ നിന്ന് അഭിപ്രായം ഉയര്‍ന്നിരുന്നു. ജിഷ വധത്തിനുശേഷം ഏറ്റവും കൂടുതല്‍ അതിഥി തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന പെരുമ്പാവൂരില്‍ മാത്രം കൊലപാതക കുറ്റമടക്കം രണ്ട് ഡസനോളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും ഇവരുടെ പൊലീസ് വെരിഫിക്കേഷന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കാര്യക്ഷമമായി നടക്കാതെ പോവുകയായിരുന്നു.

കിഴക്കമ്പലത്തെ അതിഥി കലാപം ഈ തൊഴിലാളികളുടെ കാര്യത്തില്‍ അതീവജാഗ്രതയും കര്‍ശന മുന്‍കരുതലുകളും പാലിക്കേണ്ടതിന്റെ അനിവാര്യതയിലേക്കാണ് വിരല്‍ചൂണ്ടുന്നത്. കിഴക്കമ്പലത്ത് പൊലീസിനുനേരെ അതിഥി തൊഴിലാളികളുടെ സംഘടിത ആക്രമണം ആണ് ഉണ്ടായത്. സംസ്ഥാനത്തുതന്നെ ഇത്തരമൊരു സംഭവം ഇതാദ്യമാണ്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഇന്ത്യയില്‍ മൂന്നാമത്തേതാണ് ഇത്തരം സംഭവം.

കോവിഡ് വ്യാപന കാലത്ത് ബംഗളൂരുവിലും മുംബൈയിലുമാണ് ഇത്തരത്തില്‍ അതിഥി തൊഴിലാളികളുടെ സംഘടിതമായ ആക്രമണം ഏറ്റവും അവസാനം കണ്ടത്. കിഴക്കമ്പലത്ത് അതിഥി തൊഴിലാളികള്‍ ഒന്നടങ്കം സംഘടിച്ച് പൊലീസിനുനേരെ അതിക്രൂരമായ ആക്രമണമാണ് അഴിച്ചുവിട്ടത്. രാത്രി 11ന് ക്രിസ്തുമസ് കരോള്‍ നടത്തുന്നതുമായി ബന്ധപ്പെട്ട് കിറ്റക്‌സ് കമ്പനിയിലെ അതിഥി തൊഴിലാളികളിലെ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷം പൊലീസിനെതിരെ സംഘടിതമായ ആക്രമണമായി മാറുകയായിരുന്നു. തമ്മില്‍തല്ലിയ ഇരു വിഭാഗവും ഒന്നിച്ചാണ് പൊലീസിനുനേരെ തിരിഞ്ഞത് എന്നതും ശ്രദ്ധേയമാണ്. പൊലീസുമായുള്ള തൊഴിലാളികളുടെ ഏറ്റുമുട്ടല്‍ 11 മണി മുതല്‍ പുലര്‍ച്ചെ ആറു മണി വരെ തുടര്‍ന്നു എന്നതാണ് അതിലേറെ ശ്രദ്ധേയം. പൊലീസുകാരെ ജീപ്പിനുള്ളിലിട്ട് കത്തിക്കാനായിരുന്നു ശ്രമമെന്ന് എഫ്.ഐ.ആറില്‍ വ്യക്തമാക്കുമ്പോള്‍ കേരളത്തിന്റെ ഞെട്ടല്‍ പതിന്മടങ്ങ് വര്‍ധിക്കുകയാണ്. ജീപ്പില്‍നിന്ന് പൊലീസുകാര്‍ ഇറങ്ങിയോടി മിനിട്ടുകള്‍ക്കുള്ളില്‍ അക്രമികള്‍ ജീപ്പിന് തീയിട്ടു. ദൃശ്യങ്ങള്‍ ചിത്രീകരിക്കാന്‍ ശ്രമിച്ച നാട്ടുകാര്‍ക്കെതിരെയും അതിഥി തൊഴിലാളികള്‍ ആഞ്ഞടുത്തു. കൂര്‍ത്ത കല്ലുകളും വടികളും വടിവാളുകളുമായി പൊലീസിനെ നേരിട്ട തൊഴിലാളികള്‍ രണ്ടു പൊലീസ് ജീപ്പും കത്തിച്ചു ചാമ്പലാക്കി.

ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ഇത്തരത്തില്‍ സംഘടിതമായ ആക്രമണം നടത്താന്‍ എങ്ങനെ ധൈര്യം കിട്ടി എന്നതു തന്നെയാണ് പ്രധാനം. ഗൗരവമായി അന്വേഷണം നടത്തി ഇക്കാര്യം കണ്ടെത്തേണ്ടിയിരിക്കുന്നു. അത്യാധുനിക മയക്കുമരുന്നിന് അടിമപ്പെട്ടതുകൊണ്ടാണ് ഇത്തരത്തില്‍ കേട്ടുകേള്‍വിയില്ലാത്ത ആക്രമണത്തിന് ഇവര്‍ മുതിര്‍ന്നതെന്ന്് വ്യക്തമാക്കുന്നുണ്ട്. അതിഥി തൊഴിലാളികള്‍ താമസിക്കുന്ന ലേബര്‍ ക്യാമ്പുകളില്‍ മദ്യവും മയക്കുമരുന്നും ഒഴുകുകയാണെന്ന പരാതികള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഏതെങ്കിലും ഭാഗത്ത് സംഘര്‍ഷം ഉണ്ടാകുമ്പോള്‍ ഒന്നോ രണ്ടോ ദിവസത്തെ നടപടികളില്‍ ഇത്തരം മയക്കുമരുന്നുകള്‍ക്കെതിരായ നടപടികള്‍ ഒതുങ്ങുകയാണ് ചെയ്യുന്നത്. ഇതിന്റെ പരിണിതഫലമാണ് കിഴക്കമ്പലത്തെ സംഘടിത ആക്രമണം എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
അതിഥി തൊഴിലാളികളുടെ ക്രിമിനല്‍ നടപടികളില്‍നിന്ന് തൊഴിലുടമകള്‍ക്കും ഒഴിഞ്ഞുമാറാന്‍ കഴിയില്ല. ഇവരെ ഈ വിധം വഷളാക്കിയതിനുപിന്നില്‍ തൊഴിലുടമകള്‍ക്കും കാര്യമായ പങ്കുണ്ട്. അതിഥി തൊഴിലാളികളെ ഇറക്കുമതി ചെയ്യുന്ന തൊഴിലുടമകള്‍ പകുതി പേരുടെയും പൊലീസ് വെരിഫിക്കേഷന്‍ നടത്താറില്ല എന്നതാണ് ഏറ്റവും പുതിയ അന്വേഷണത്തില്‍ തെളിയുന്നത്.

2020 ല്‍ രാജ്യത്ത് കോവിഡ് പൊട്ടിപ്പുറപ്പെട്ട സമയം ഇന്ത്യയില്‍ മറ്റൊരിടത്തും ലഭിക്കാത്ത പരിഗണനയാണ് കേരളത്തില്‍ അതിഥി തൊഴിലാളികള്‍ക്ക് ലഭിച്ചത്. അവരെ ഇതര സംസ്ഥാന തൊഴിലാളികള്‍ എന്ന് വിളിക്കരുതെന്നും അതിഥി തൊഴിലാളികള്‍ എന്ന് വിളിക്കണമെന്നും തീരുമാനിച്ചതും മുഖ്യമന്ത്രി പ്രഖ്യാപിച്ചതും ഈ കാലയളവിലാണ്. മഹാമാരി പൊട്ടിപ്പുറപ്പെട്ട സാഹചര്യത്തില്‍ അതിഥി തൊഴിലാളികള്‍ക്ക് സ്വന്തം നാട്ടിലേക്ക് പോകാന്‍ സൗകര്യം ഏര്‍പ്പെടുത്തുകയും കമ്യൂണിറ്റി കിച്ചന്‍ വഴി ഇവരുടെ ഭക്ഷണം ഉള്‍പ്പെടെയുള്ള സുഖസൗകര്യങ്ങള്‍ ഉറപ്പാക്കുകയും ചെയ്ത നാടാണ് കേരളം. ഇന്ത്യയിലെ മറ്റേതൊരു സംസ്ഥാനത്ത് ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ വേതനവും മറ്റ് സൗകര്യങ്ങളും അവര്‍ക്ക് ഇവിടെ ലഭിച്ചു. സ്വന്തം നാട്ടുകാര്‍ക്ക് ലഭിക്കുന്ന അതേ പരിഗണന വാക്‌സിനേഷന്‍ ക്യാമ്പുകളിലും അതിഥി തൊഴിലാളികള്‍ക്ക് ലഭിച്ചു. വാക്‌സിനേഷനും മറ്റു ആവശ്യങ്ങള്‍ക്കുമായി അതിഥി തൊഴിലാളികളുടെ ഭാഷ അറിയാവുന്നവരെ നിയോഗിച്ച് ബോധവത്കരണം നടത്തുകയും ചെയ്തു. കോവിഡിന്റെ തുടക്കത്തില്‍ അതിഥി തൊഴിലാളികള്‍ സംഘടിതരായി വാക്‌സിനേഷന്‍ എടുക്കില്ലെന്ന് പറഞ്ഞ് നിന്നത് ഈ സമയത്ത് ഓര്‍മ്മിക്കേണ്ടതാണ്. അന്ന് അവരുടെ ഭാഷകളില്‍ അവര്‍ക്ക് ബോധവത്കരണം നടത്തിയാണ് വാക്‌സിനേഷന്് അനുകൂല നിലപാടിലേക്ക് തൊഴിലാളികളെ എത്തിച്ചത്. 2020 ഏപ്രിലില്‍ കോവിഡ് പൊട്ടിപ്പുറപ്പെട്ടതിനെതുടര്‍ന്ന് നാട്ടിലേക്ക് പോകാനുള്ള തത്രപ്പാടില്‍ ഇവര്‍ സംഘടിച്ചതും കേരളം മറന്നിട്ടില്ല. വാക്‌സിനേഷന്റെ കാര്യത്തിലും നാട്ടിലേക്ക് പോകുന്ന കാര്യത്തിലും ഈ സംഘം ഇതേ ഒത്തൊരുമ കാണിച്ചത് അധികൃതര്‍ ഗൗരവമായെടുത്തെങ്കില്‍ കിഴക്കമ്പലം കലാപം ഉണ്ടാകില്ലായിരുന്നെന്നും അതിന് അവര്‍ക്ക് ധൈര്യം ലഭിക്കില്ലായിരുന്നു എന്നു ചിന്തിക്കുന്നവരുമുണ്ട്. ഒരു പ്രദേശത്തെ അല്ലെങ്കില്‍ കിഴക്കമ്പലത്തെ മാത്രം നൂറില്‍ താഴെ വരുന്ന അതിഥി തൊഴിലാളികള്‍ സംഘടിച്ചതിന്റെ പരിണിതഫലമാണ് കേരളത്തെയാകെ ഇത്രയധികം ഞെട്ടിക്കുകയും ദുഃഖത്തിലാഴ്ത്തുകയും ചെയ്തതെങ്കില്‍ കേരളത്തിലെ മുഴുവന്‍ അതിഥി തൊഴിലാളികളും സംഘടിക്കാന്‍ തീരുമാനിച്ചാലുള്ള അവസ്ഥയെക്കുറിച്ച് കേരളം ബോധവാന്മാരാകുന്നത് നന്നായിരിക്കും.

കേരളത്തില്‍ അരക്കോടിയോളം അതിഥിതൊഴിലാളികളുണ്ടെന്നാണ് കണക്ക്. കോവിഡിനെതുടര്‍ന്ന് നാട്ടില്‍ പോയ എല്ലാവരും തിരിച്ചെത്തിയിട്ടില്ലാത്തതിനാല്‍ നിലവില്‍ 35 ലക്ഷം ഇതര സംസ്ഥാന തൊഴിലാളികള്‍ ഇവിടെയുണ്ടെന്ന് കണക്കാക്കുന്നു. അതിഥി തൊഴിലാളികളില്ലെങ്കില്‍ സംസ്ഥാനം നിശ്ചലമായിത്തീരുന്ന അവസ്ഥയാണ്. ഇവരെ ചേര്‍ത്തുനിര്‍ത്തിയല്ലാതെ വികസനത്തിന്റെ പാതയില്‍ നമുക്കു മുന്നേറാനാവില്ല എന്ന വസ്തുതകൂടി കണക്കിലെടുക്കേണ്ടതുണ്ട്. 2013ല്‍ ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പഠനമനുസരിച്ച് 25 ലക്ഷം അന്യസംസ്ഥാന തൊഴിലാളികളാണ് കേരളത്തിലുണ്ടായിരുന്നത്. ഓരോ വര്‍ഷവും രണ്ടേകാല്‍ ലക്ഷത്തോളം പേര്‍ പുതുതായി വന്നുചേരുന്നു എന്നാണ് കണ്ടെത്തല്‍. സി.ഡി.എസിന്റെ പഠനം കൂടുതല്‍ വ്യക്തമായ കണക്കുകള്‍ പുറത്തുവിട്ടു. 2017ല്‍ത്തന്നെ 40 ലക്ഷത്തിലധികം അതിഥി തൊഴിലാളികള്‍ കേരളത്തില്‍ ഉണ്ടായിരുന്നു. ഹോട്ടല്‍ വ്യവസായരംഗത്തും ആഭരണ നിര്‍മാണരംഗത്തും ഉള്‍പ്പെടെ എല്ലാ മേഖലകളിലും ഇവരുടെ സാന്നിധ്യമുണ്ട്. നിര്‍മാണ, കാര്‍ഷിക രംഗങ്ങളില്‍ മലയാളികളേക്കാള്‍ കൂടുതല്‍ തൊഴിലാളികള്‍ എല്ലാ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നും കേരളത്തിലുണ്ട്. വ്യവസായം, ചെറുകിട കച്ചവടം എന്നുവേണ്ട എല്ലാ തൊഴില്‍ മേഖലയിലും പങ്കുള്ളവരാണ് അവര്‍.

പല സ്ഥലങ്ങളിലും അതിഥി തൊഴിലാളികള്‍ തൊഴിലുടമയുടെ ഗുണ്ടകളായാണ് പ്രവര്‍ത്തിക്കുന്നതെന്ന വസ്തുതകളും കണക്കിലെടുക്കേണ്ടതുണ്ട്. തൊഴിലുടമയുടെ വ്യവസായവും രാഷ്ട്രീയ താല്‍പര്യങ്ങളും വളര്‍ത്തിക്കൊണ്ടുവരാന്‍ ഇത്തരം തൊഴിലാളികളായ ഗുണ്ടാ സംഘങ്ങളെ വ്യാപകമായി ഉപയോഗിക്കുന്നതായാണ് കണ്ടുവരുന്നത്. ഇത്തരം സമ്പ്രദായങ്ങള്‍ക്കെതിരെ ചെറുവിരലനക്കാന്‍ പോലും പൊലീസ് തയ്യാറാകുന്നില്ല എന്നതാണ് മറ്റൊരു വസ്തുത. കിഴക്കമ്പലത്ത് ഇത്തരത്തിലുള്ള സംവിധാനങ്ങളുടെ പര്യവസാനം ആയിരുന്നോ കലാപം എന്ന് അന്വേഷിക്കേണ്ടതുണ്ട്. കിഴക്കമ്പലം സംഭവത്തില്‍പെട്ട കൂടുതല്‍ തൊഴിലാളികളും നാഗാലാന്‍ഡ്, മണിപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. എറണാകുളം ജില്ലയിലെ കിഴക്കമ്പലം ഉള്‍പ്പെടുന്ന പെരുമ്പാവൂര്‍ പ്രദേശങ്ങളിലുള്‍പ്പെടെ സംസ്ഥാനത്തെ വിവിധ അന്യ സംസ്ഥാന ക്യാമ്പുകളില്‍ ബോഡോ തീവ്രവാദികള്‍ ഉള്‍പ്പെടെയുള്ളവര്‍ നുഴഞ്ഞുകയറിയിട്ടുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഇക്കാര്യങ്ങള്‍ പരിശോധിക്കാന്‍ യാതൊരു സംവിധാനവും പൊലീസില്‍ ഇല്ല. കേരളത്തിലെത്തുന്ന ചില അതിഥി തൊഴിലാളികളുടെ ഗ്രീന്‍കാര്‍ഡ് വ്യാജമാണെന്നു തെളിഞ്ഞിട്ടുണ്ട്. അസം, പശ്ചിമ ബംഗാള്‍, ഒഡീഷ, ഉത്തര്‍പ്രദേശ്, നാഗാലാന്റ്് തുടങ്ങിയ സംസ്ഥാനങ്ങളില്‍ വ്യാജ ഗ്രീന്‍ കാര്‍ഡുകള്‍ നിര്‍മിച്ചുനല്‍കുന്ന ഏജന്‍സികള്‍ വ്യാപകമാണെന്ന കേന്ദ്ര ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കേരള പൊലീസ് ഒരിക്കലെങ്കിലും പരിഗണിച്ചിട്ടുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കേരളത്തിലെ ചില അതിഥി തൊഴിലാളി കേന്ദ്രങ്ങളെങ്കിലും ബോഡോ തീവ്രവാദികളും മാവോയിസ്റ്റുകളും ഉള്‍പ്പെടെയുള്ള ക്രിമിനലുകള്‍ക്ക് ഒളിവില്‍ കഴിയാനുള്ള സങ്കേതമായി മാറുന്നുണ്ട് എന്നതും യാഥാര്‍ഥ്യമാണ്. കേരളത്തില്‍ എത്തുന്ന അതിഥി തൊഴിലാളികളെ നിരീക്ഷിക്കാനും അവരുടെ രേഖകള്‍ പരിശോധിക്കാനും പൊലീസില്‍ തുടര്‍സംവിധാനം ഇല്ലാത്തതുകൊണ്ടാണ് ഇത്തരം നുഴഞ്ഞുകയറ്റം സാധ്യമാകുന്നത്. പൊലീസിനെതിരെ സംഘടിത ആക്രമണം ഉണ്ടായ പ്രദേശങ്ങളില്‍ ഇന്റലിജന്‍സ് വീഴ്ചയും എടുത്തുപറയേണ്ടതാണ്. കിഴക്കമ്പലം പെരുമ്പാവൂര്‍ പോലെ അതിഥി തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങളില്‍ പ്രത്യേകിച്ച് ഈ പ്രദേശങ്ങള്‍ ഉള്‍കൊള്ളുന്ന പൊലീസ്്‌സ്റ്റേഷനുകളില്‍ കൂടുതല്‍ പോലീസ് സേനയെ നിയോഗിക്കുകയും നിരീക്ഷണം ശക്തമാക്കുകയുമാണ് വേണ്ടത്. ഇപ്പോഴത്തെ പ്രശ്‌നം പരിഹരിക്കാനും ആവര്‍ത്തിക്കാതിരിക്കാനും കരുതല്‍ ഒരുക്കേണ്ടത് പൊലീസ് തന്നെയാണ്. കൂടുതല്‍ കാര്യക്ഷമമായി പൊലീസ് പ്രവര്‍ത്തിച്ചാല്‍ മാത്രമേ നാട്ടുകാര്‍ക്കും സ്വസ്ഥമായി ഉറങ്ങാനാവൂ എന്ന യാഥാര്‍ഥ്യം തിരിച്ചറിയേണ്ടതും പൊലീസും ഭരണ സംവിധാനങ്ങളും തന്നെയാണ്.

 

 

 

 

 

Test User: