ജറൂസലം: ഇസ്രാഈലില്‍ ഭീതി വിതക്കുന്ന കാട്ടുതീ അഞ്ചാം ദിനത്തിലും ശമനമായില്ല. അധിനിവിഷ്ട വെസ്റ്റ് ബാങ്കിലേക്കും തീ വ്യാപിച്ചു. 100 കണക്കിന് കുടുംബങ്ങള്‍ ഇവിടെ നിന്ന് പലായനം ചെയ്തു. നിരവധി പേരെ ഇസ്രാഈല്‍ സേന ഒഴിപ്പിച്ചു. വെസ്റ്റ് ബാങ്കിലെ ദെലോവ്, അല്‍ഫെയ് മെനാഷെ, കാര്‍ണോയ് ഷോംറോണ്‍ എന്നിവിടങ്ങളിലും തീ പടര്‍ന്നു.
തീവെപ്പുമായി ബന്ധപ്പെട്ട് നിരവധി പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. ഇസ്രാഈല്‍, ഫലസ്തീന്‍ അഗ്നിശമന സേനകള്‍ വിമാനങ്ങള്‍ ഉപയോഗിച്ച് തീയണക്കല്‍ ശ്രമങ്ങള്‍ തുടരുകയാണ്. ശക്തമായ കാറ്റ് കാരണം തീ ആളിപ്പടര്‍ന്നതിനാല്‍ ആയിരങ്ങളാണ് പ്രദേശം വിട്ട് പോയത്. റഷ്യ, ഫ്രാന്‍സ്, തുര്‍ക്കി, ഗ്രീസ്, സ്‌പെയിന്‍, കാനഡ എന്നീ രാജ്യങ്ങളും സഹായവുമായി രംഗത്തുണ്ട്. അതേസമയം തീ വെപ്പുമായി ബന്ധപ്പെട്ട് 14 പേരെ അറസ്റ്റു ചെയ്തു.
ഇസ്രാഈലിലെ ഹൈഫയിലാണ് തീ ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ചില സ്ഥലങ്ങളില്‍ തീ നിയന്ത്രണ വിധേയമായെന്നും തീവെപ്പ് ഭീകരതക്ക് പിന്നിലുള്ളവര്‍ കനത്ത വിലയൊടുക്കേണ്ടി വരുമെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.