X

ഇന്ന് തീപാറും; റയല്‍ മാഡ്രിഡിനെതിരെ മാഞ്ചസ്റ്റര്‍ സിറ്റി കളത്തില്‍

മാഡ്രിഡ്: ഇന്നാണ് ആ മല്‍സരം. ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനല്‍ ആദ്യപാദം. റയല്‍ മാഡ്രിഡിനെതിരെ മാഞ്ചസ്റ്റര്‍ സിറ്റി. നിലവിലെ ചാമ്പ്യന്മാരാണ് റയല്‍. സിറ്റിയാവട്ടെ ഇത് വരെ യൂറോപ്യന്‍ കിരീടം ലഭിക്കാത്തവര്‍. വന്‍കരാ സോക്കറിലെ തലമുതിര്‍ന്ന തന്ത്രശാലികളായ കാര്‍ലോസ് അന്‍സലോട്ടിയും പെപ് ഗുര്‍ഡിയോളയുമാണ് ഇരു ടീമുകളെയും ഒരുക്കുന്നത്. ഇവരുടെ തന്ത്രങ്ങളാവും ദ്വിപാദ പോരാട്ടത്തില്‍ നിര്‍ണായകം. സാന്‍ഡിയാഗോ ബെര്‍ണബു എന്ന സ്വന്തം വേദിയില്‍ അതികരുത്തരാണ് റയല്‍. സ്പാനിഷ് ലാലീഗ കിരീടം അകന്ന സാഹചര്യത്തില്‍ പതിനാല് തവണ സ്വന്തമാക്കിയ വന്‍കരാ കിരീടത്തില്‍ തന്നെയാണ് റയലിന്റെ കാര്യമായ നോട്ടം. കിംഗ്‌സ് കപ്പ് ഫൈനലില്‍ ഒസാസുനയെ തകര്‍ത്ത ആത്മവിശ്വാസത്തിലാണ് ടീം. അതേ സമയം സിറ്റിയും വര്‍ധിത വീര്യത്തിലാണ്. പ്രീമിയര്‍ ലീഗ് ടേബിളില്‍ ആദ്യ സ്ഥാനത്തേക്ക് തിരികെയെത്താനായി. ഗോള്‍ വേട്ടക്കാരെല്ലാം ഫോമില്‍ നില്‍ക്കുമ്പോള്‍ ടീമിന് പേടിക്കാനാനില്ല.

സൂപ്പര്‍ താരങ്ങള്‍ ഇരു സംഘത്തിലുമുണ്ട്. ചാമ്പ്യന്‍സ് ലീഗ് വേദികളില്‍ എന്നും ഗോള്‍ വേട്ട നടത്താറുള്ള കരീം ബെന്‍സേമ എന്ന 35 കാരന്‍ തന്നെയാണ് റയലിന്റെ വലിയ അസ്ത്രം. അപാര മികവിലാണ് സീസണില്‍ അദ്ദേഹം കളിക്കുന്നത്. ലാലീഗയില്‍ നിരവധി ഹാട്രിക്കുകള്‍ സ്വന്തമാക്കി സീസണില്‍ മുപ്പതിലേറെ ഗോളുകള്‍ സ്വന്തം പേരില്‍ കുറിച്ച ഫ്രഞ്ചുകാരന്‍ പരുക്കില്‍ നിന്ന് മുക്തനായി കഴിഞ്ഞ ദിവസം കിംഗ്‌സ് കപ്പ് ഫൈനലില്‍ കളിച്ചിരുന്നു. കരീമിനൊപ്പം മുന്‍നിരയില്‍ ഇരു വിംഗുകളിലുമായി ബ്രസീലുകാരായ വിനീഷ്യസ് ജൂനിയര്‍, റോഡ്രിഗോ എന്നിവര്‍ക്കായിരിക്കും അന്‍സലോട്ടി അവസരം നല്‍കുക. വിനീഷ്യസ്-കരീം സഖ്യമാണ് സമീപകാല വിജയങ്ങളില്ലെല്ലാം ടീമിന് കരുത്തയാത്. ഇരുവരും പന്ത് കൈമാറി മുന്നേറുമ്പോള്‍ മധ്യനിരയില്‍ ലുക്കാ മോദ്രിച്ച്, ടോണി ക്രൂസ് തുടങ്ങിയ അനുഭവ സമ്പന്നരുണ്ട്. കിംഗ്‌സ് കപ്പ് ഫൈനലില്‍ ഒസാസുനക്കെതിരെ റയലിന്റെ രണ്ട് ഗോളും സ്വന്തമാക്കിയത് റോഡ്രിഗോയായിരുന്നു. വിനീഷ്യസാവട്ടെ അതിവേഗം അപകടകരമായ രീതിയില്‍ പെനാല്‍ട്ടി ബോക്‌സിലേക്ക് ഊളിയിട്ട് കയറുന്ന താരമാണ്. സിറ്റിയിലും താരബലത്തിന് കുറവില്ല. ഏര്‍ലിന്‍ ഹലാന്‍ഡ് എന്ന ഗോള്‍ വേട്ടക്കാരന്‍ ഏത് പ്രതിരോധത്തിനും തലവേദനയാണ്. അമ്പത്തിലധികം ഗോളുകളാണ് അദ്ദേഹം സിറ്റിക്കായി ഈ സീസണില്‍ സ്വന്തമാക്കിയത്. മധ്യനിരയില്‍ നായകന്‍ കെവിന്‍ ഡി ബ്രുയനെ പോലെ വന്‍കരയിലെ തന്നെ നമ്പര്‍ വണ്‍ പ്ലേ മേക്കറുണ്ട്. സിറ്റി സമീപകാലത്ത് സ്വന്തമാക്കിയ വിജയങ്ങള്‍ക്കെല്ലാം പിറകില്‍ ഈ ജോഡിയുടെ സാന്നിദ്ധ്യമുണ്ട്.

webdesk11: