തിരുവനന്തപുരം: സെക്രട്ടേറിയേറ്റില്‍ തീപിടിത്തം. സ്വര്‍ണക്കടത്ത് അടക്കമുള്ള വിവാദ വിഷയങ്ങളുമായി ബന്ധപ്പെട്ട നിര്‍ണായ രേഖകള്‍ സൂക്ഷിച്ചിരിക്കുന്ന പ്രോട്ടോക്കോള്‍ വിഭാഗത്തിലാണ് തീപിടുത്തം ഉണ്ടായിരിക്കുന്നത്. അപകടത്തില്‍ ആളപായമില്ല.
പൊളിറ്റിക്കല്‍ വിഭാഗത്തിലെ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലാണ് തീപ്പിടിത്തമുണ്ടായത്. രാഷ്ട്രീയമായി വലിയ പ്രാധാന്യമുള്ള മേഖലയാണിത്. പ്രോട്ടോക്കോള്‍ ഓഫീസറുടെ ഓഫീസുംഇവിടെയാണുള്ളത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ദൃശ്യങ്ങളും ഫയലുകളും എന്‍ഐഎ ആവശ്യപ്പെട്ടിട്ടുള്ളത് പ്രോട്ടോക്കോള്‍ ഓഫീസറോടാണ്.
തീപ്പിടിത്തവുമായി ബന്ധപ്പെട്ട് ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. പ്രോട്ടോക്കോള്‍ ഓഫീസ് സ്ഥിതിചെയ്യുന്ന കെട്ടിടത്തില്‍ ഉണ്ടായ തീപ്പിടിത്തത്തില്‍ ദുരൂഹതയുണ്ടെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട തെളിവുകള്‍ നശിപ്പിക്കാനും പ്രതികളെ സംരക്ഷിക്കാനുമുള്ള മുഖ്യമന്ത്രിയുടെ ശ്രമമാണ് ഇതിനു പിന്നിലെന്നും ചെന്നിത്തല ആരോപിച്ചു. സംഭവത്തില്‍ സമഗ്രവും നിക്ഷ്പക്ഷവുമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.