X

ചൂട് കനക്കുന്നു; തീപിടിത്ത ഭീഷണിയൊഴിവാക്കാന്‍ വേണം കരുതല്‍

കോഴിക്കോട്: ചൂട് കനത്തതോടെ തീപിടിത്ത ഭീഷണിയില്‍ നാടും നഗരവും.കുംഭമാസം ആരംഭിച്ചപ്പോഴേക്ക് പകല്‍സമയം പുറത്തിറങ്ങാനാവാത്ത സ്ഥിതിയാണ്. മുന്‍വര്‍ഷങ്ങളില്‍ മാര്‍ച്ച്, ഏപ്രില്‍,മെയ് മാസങ്ങളില്‍ നിരവധി തീപിടിത്തങ്ങളാണ് നഗരത്തിലുണ്ടായത്. സമാനമായ സാഹചര്യം ഇത്തവണയൊഴിവാക്കാന്‍ ജാഗ്രതപുലര്‍ത്തണമെന്ന് അഗ്നിശമന സേന അധികൃതര്‍ പറയുന്നു. അലക്ഷ്യമായീ തീകത്തിക്കുന്നതാണ് പലപ്പോഴും വലിയ അപകടങ്ങളിലേക്ക് എത്തിക്കുന്നത്.വഴിയരികിലേയും ഒഴിഞ്ഞ പറമ്പുകളിലേയും മാലിന്യകൂമ്പാരങ്ങളും ഉണങ്ങിയ പുല്ലും കുറ്റിച്ചെടികളും കത്തുന്ന സംഭവങ്ങള്‍ മുന്‍വര്‍ഷങ്ങളില്‍നിരവധിയുണ്ടായിട്ടുണ്ട്. ഇത്തരം തീപിടിത്തമൊഴിവാക്കാന്‍ ശ്രദ്ധ ആവശ്യമാണ്.

തീയണക്കാനുള്ള സംവിധാനങ്ങള്‍ ഉറപ്പാക്കിയശേഷംമാത്രം തീയിടുകയാകും ഉചിതം. ഓടിക്കൊണ്ടിരുന്ന വാഹനങ്ങള്‍ കത്തുന്നതടക്കമുള്ള സംഭവങ്ങള്‍ ഒഴിവാക്കാന്‍ കൃത്യമായ പരിശോധന നടത്തണമെന്ന് അഗ്നിശമനസേന വ്യക്തമാക്കി. പഴയവാഹനങ്ങള്‍ ദീര്‍ഘദൂരയാത്രപോകുന്നതിന് മുന്‍പായി സര്‍വ്വീസ് ചെയ്യുന്നത് നന്നാകും. ചപ്പ് കൂട്ടിയിട്ട് കത്തിക്കുന്നതും പൊതുവഴിയില്‍ മാലിന്യങ്ങള്‍ അശ്രദ്ധമായി കത്തിക്കുന്നതുമെല്ലാം വലിയ തീപിടിത്തതിന് കാരണമാക്കും. പാടശേഖരം, തോട്ടം എന്നിവിടങ്ങളില്‍ തീയിടുമ്പോള്‍ സുരക്ഷ ഉറപ്പ് വരുത്തണം. രാത്രിയില്‍ ആളില്ലാത്ത ഇടങ്ങളില്‍ തീകത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.

തീപിടിത്ത ഭീഷണിയോടൊപ്പം സൂര്യാഘാതമേല്‍ക്കാതിരിക്കാനും ശ്രദ്ധവേണം. പകല്‍സമയങ്ങളില്‍ തുറസായ സ്ഥലത്ത് ജോലിചെയ്യുന്നവ ഇതിന് ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കണം. എന്നാല്‍ കൃത്യമായ നിയന്ത്രണം ഇതുവരെ പുറപ്പെടുവിക്കാത്തതിനാല്‍ തൊഴിലുടമകള്‍ ജോലിസമയം ക്രമീകരിക്കാനും തയാറായിട്ടില്ല. തലയിലൂടെ വെള്ളമൊഴിച്ചും ഇടയ്ക്ക് മുഖം കഴുകിയും വെള്ളംകുടിച്ചുമാണ് തൊഴിലാളികള്‍ ചൂടിനെ പ്രതിരോധിക്കുന്നത്.

webdesk11: