X

വെനസ്വേല പൊലീസ് സ്റ്റേഷനില്‍ തീപിടിത്തം; 68 മരണം

കരാക്കസ്: വെനസ്വേലയിലെ വലെന്‍സിയ നഗരത്തില്‍ പൊലീസ് സ്റ്റേഷനിലുണ്ടായ അഗ്നിബാധയില്‍ 68 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. കിടക്കവിരികള്‍ക്ക് തീയിട്ട ശേഷം സ്റ്റേഷനില്‍നിന്ന് രക്ഷപ്പെടാന്‍ തടവുപുള്ളികള്‍ നടത്തിയ ശ്രമമാണ് വന്‍ ദുരന്തത്തില്‍ കലാശിച്ചത്. മരിച്ചവരില്‍ അധികവും തടവുപുള്ളികളാണ്. സ്റ്റേഷനില്‍ സന്ദര്‍ശനത്തിനെത്തിയ രണ്ട് സ്തീകളും മരിച്ചു.

പൊള്ളലേറ്റും ശ്വാസതടസ്സവും കാരണമാണ് മരണം സംഭവിച്ചത്. സെല്ലിനുള്ളില്‍ കുടുങ്ങിയവരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഭിത്തി തകര്‍ത്താണ് രക്ഷപ്പെടുത്തിയത്. തീപിടിത്തത്തെ തുടര്‍ന്ന് പൊലീസ് സ്റ്റേഷനു പുറത്ത് തടവുപുള്ളികളുടെ ബന്ധുക്കള്‍ തടിച്ചുകൂടി. ഇവരെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. സംഘര്‍ഷം നിയന്ത്രണ വിധേയമായിട്ടുണ്ട്.

വെനസ്വേല ചീഫ് സ്റ്റേറ്റ് പ്രോസിക്യൂട്ടര്‍ ദുരന്തത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടു. സാമ്പത്തിക പ്രതിസന്ധിയില്‍ വീര്‍പ്പുമുട്ടുന്ന വെനസ്വേലക്ക് തടവുപുള്ളികളെ പാര്‍പ്പിക്കാന്‍ സൗകര്യമൊരുക്കാന്‍ സാധിക്കുന്നില്ല. പൊലീസ് സ്റ്റേഷന്‍ പോലുള്ള താല്‍ക്കാലിക കേന്ദ്രങ്ങളിലാണ് ഇവരെ പാര്‍പ്പിക്കുന്നത്. വലെന്‍സിയ പൊലീസ് സ്റ്റേഷനിലെ ജയിലില്‍ 60 തടവുകാരെ പാര്‍പ്പിക്കാന്‍ മാത്രമേ സൗകര്യമുള്ളൂ. പക്ഷെ, കൂടുതല്‍ പേരെ തിങ്ങിനിറച്ചിരുന്നതായി റിപ്പോര്‍ട്ടുണ്ട്. ജയില്‍ ജീവനക്കാരുടെ അഭാവവും സുരക്ഷാക്രമീകരണങ്ങളുടെ പ്രശ്‌നങ്ങളും പ്രതിസന്ധിയുമാണ് തടവുകാരെ കലാപത്തിന് പ്രേരിപ്പിച്ചത്. തീപിടിത്തത്തെ തുടര്‍ന്ന് വലെന്‍സിയ നഗരത്തില്‍ ജനം പ്രതിഷേധവുമായി തെരുവിലിറങ്ങിയിരിക്കുകയാണ്. നഗരത്തില്‍ കൂടുതല്‍ സുരക്ഷാ സേനയെ നിയോഗിച്ചിട്ടുണ്ട്.

chandrika: