ഹിജാബ് വിവാദത്തിനും നിരോധനത്തിനുംശേഷം പുതിയൊരു തീക്കളിക്ക്് തിരികൊളുത്തിയിരിക്കുകയാണ് കര്‍ണാടകയിലെ സംഘ്പരിവാരമിപ്പോള്‍. തെക്കന്‍ കര്‍ണാടകയിലെ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് മുസ്്‌ലിം വിദ്യാര്‍ഥിനികളുടെ തലമറയ്ക്കുന്ന വസ്ത്രത്തെച്ചൊല്ലിയാണ് ഇക്കൂട്ടര്‍ കോളിളക്കം സൃഷ്ടിച്ചതെങ്കില്‍ ഇത്തവണ അതിലുംകടന്ന് മുസ്്‌ലിംകളുടെ ആരാധനാസ്വാതന്ത്ര്യത്തിന് നേര്‍ക്കാണ് തങ്ങളുടെ വര്‍ഗീയ തൃശൂലങ്ങളുമായി ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്. ഹിജാബ് ധരിച്ച് ക്ലാസുകളിലും പരീക്ഷാഹാളുകളിലും ഹാജരാകരുതെന്നാണ് സംഘ്പരിവാരവും ബി.ജെ.പിയും ആക്രോശിച്ചത്. ഇതിനെതിരെ പെണ്‍കുട്ടികള്‍ കോടതിയെ സമീപിച്ചെങ്കിലും ഹിജാബ് ഇസ്്‌ലാമികമായി നിര്‍ബന്ധ വസ്ത്രമല്ലെന്നു ‘കണ്ടെത്തി’ കര്‍ണാടകഹൈക്കോടതി വിധി പുറപ്പെടുവിക്കുകയുണ്ടായി. എന്നാല്‍ കഴിഞ്ഞദിവസം സംഘ്പരിവാരം ഉയര്‍ത്തിയിരിക്കുന്ന ആവശ്യം മുസ്‌ലിം പള്ളികളില്‍ മൈക്കിലൂടെ ബാങ്കുവിളിക്കാന്‍ അനുവദിക്കരുതെന്നാണ്. അഞ്ചു നേരത്തെ നിര്‍ബന്ധ നമസ്‌കാരത്തിനുള്ള സമയം അറിയിക്കുന്നതിനായി ലോകൈകമായി ഇസ്‌ലാമിക വിശ്വാസികള്‍ ചെയ്തുപോരുന്ന സംവിധാനവും അനുഷ്ഠാനവുമാണ് ഉച്ചത്തിലുള്ള ബാങ്ക് വിളി. ഇതുകേട്ട് സമീപവാസികളായ വിശ്വാസികള്‍ക്ക് നമസ്‌കാരസമയത്തിന് കൃത്യമായി എത്താന്‍കഴിയും. രാവിലെ 5നും രാത്രി എട്ടിനും ഇടയിലാകും സാധാരണയായി ബാങ്ക് വിളിക്കുക. ഇതുകൊണ്ട് എന്തെങ്കിലും ശബ്ദമലിനീകരണ പ്രശ്‌നം ഇതുവരെ ഒരിടത്തുമുണ്ടായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. മാത്രമല്ല, ശബ്ദ നിയന്ത്രണം രാവിലെ ആറു മുതല്‍ പത്തു വരെയുമാണ്. അപ്പോള്‍ പ്രശ്‌നം നിയമപരമായി ഒരു മണിക്കൂറിന്റെ മാത്രമാകുന്നു. ക്ഷേത്രങ്ങളിലും ഇതേസമയത്ത് മൈക്കിലൂടെയുള്ള ആരാധന നിര്‍വഹിക്കപ്പെടാറുണ്ട്. എന്നാല്‍ രാത്രികാലത്തെ മൈക്കിലൂടെയുള്ള ബാങ്കുവിളി ശല്യമാകുന്നുവെന്നും അത് നിര്‍ത്തണമെന്നുമാണ് ബി.ജെ.പി ജനറല്‍സെക്രട്ടറികൂടിയായ സംഘ്പരിവാര്‍ നേതാവ് സി.ടി രവി ആവശ്യപ്പെട്ടത്. ബജ്‌രംഗ്ദള്‍, ശ്രീരാംസേന സംഘടനകളാണ് ആദ്യം രംഗത്തുവന്നതെങ്കിലും മണിക്കൂറുകള്‍ക്കകം കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്ന ബി.ജെ.പിയുടെ അഖിലേന്ത്യാനേതാവുതന്നെ വിഷയം ഏറ്റെടുക്കുകയായിരുന്നു. ബാങ്കുവിളി സമയങ്ങളില്‍ അത് തടസ്സപ്പെടുത്തുന്നതിനായി ‘ജയ്ശ്രീരാമും’ ‘ഓം നമശിവായ’യും വിളിക്കുമത്രെ! ഇതിനര്‍ത്ഥം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പുറകെ മുഖ്യ ന്യൂനപക്ഷത്തിന്റെ ആരാധനാലയങ്ങളെകൂടി വിവാദങ്ങള്‍ക്ക് ഇരയാക്കുകയാണ് ഇവര്‍ ലക്ഷ്യമിടുന്നത്. അതുവഴി കോടതിയെ വീണ്ടും ഇതിലേക്കുകൂടി വലിച്ചിഴച്ച് നിയമത്തിന്റെ പഴുതുകളുപയോഗിച്ച് ബാങ്കുവിളിയും നിരോധിക്കാമെന്നായിരിക്കാം കണക്കുകൂട്ടല്‍. ഏതാനും ദിവസംമുമ്പാണ് പാക്കിസ്താന്റെ റിപ്പബ്ലിക്ദിനത്തിന് മനുഷ്യരെല്ലാം ഒന്നാകണമെന്ന സന്ദേശം പങ്കുവെച്ചതിന് രാജ്യദ്രോഹക്കുറ്റം ചുമത്തി ഒരു പെണ്‍കുട്ടിയെ ബി.ജെ.പിയുടെ പൊലീസ് സംസ്ഥാനത്ത് അറസ്റ്റുചെയ്തത്. ക്ഷേത്ര പരിസരത്ത് പാവപ്പെട്ട മുസ്‌ലിംകള്‍ ചെറുകിട കച്ചവടം ചെയ്യുന്നതിനെതിരെയും ഇക്കൂട്ടര്‍ ചട്ടംപറഞ്ഞ് രംഗത്തെത്തി. മുമ്പ് മംഗലാപുരത്ത് മാന്യമായി വസ്ത്രം ധരിക്കാത്തതിന് പെണ്‍കുട്ടികളെ ആക്രമിച്ചവരാണ് തലമറയ്ക്കുന്നതിനെതിരെ രംഗത്തുവന്നതെന്നതും ജുഗുപ്‌സാവഹം. ഹലാല്‍ ഭക്ഷണത്തിനെതിരെയുമുണ്ട് ഹാലിളക്കം. അടുത്തവര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാതിരഞ്ഞെടുപ്പിന് നിലമൊരുക്കുകയാണ് ലക്ഷ്യം.
അധികാരത്തിനായി മതവിശ്വാസത്തെ എന്തുമാത്രം ഹീനമായാണ് ദുരുപയോഗിക്കുന്നതെന്നതിന് ഒട്ടനവധി തെളിവുകള്‍ മുമ്പുണ്ടായിട്ടുണ്ടെങ്കിലും ഭരണഘടനയിലെ മൗലികാവകാശമായ പൗരന്റെ ആരാധനതന്നെ തടസ്സപ്പെടുത്തുന്നത് ഞെട്ടിപ്പിക്കുന്നതാണ്. ഡല്‍ഹിക്കടുത്ത് ഗുരുഗ്രാമില്‍ ജുമുഅ തടസ്സപ്പെടുത്താന്‍ ഹിന്ദുത്വവാദികള്‍ നടത്തിവരുന്ന നീക്കങ്ങള്‍ അവിടെയും സമൂഹികാന്തരീക്ഷത്തെ അസ്വസ്ഥപ്പെടുത്തിയിട്ടുണ്ട്. ഒരു തീപ്പൊരിയിട്ട് പടര്‍ത്തുകയാണ് സംഘ്പരിവാറിന്റെ മാര്‍ഗം. കൗതുകരമെന്നുപറയട്ടെ, ബി.ജെ.പിയുടെ 42-ാം ജന്മദിനമായ ഇന്നലെ ആ പാര്‍ട്ടിയുടെ ഭരണഘടന ശശിതരൂര്‍ എം.പി പങ്കുവെക്കുകയുണ്ടായി. ‘മത, ജാതി, വര്‍ഗ, ലിംഗ, രാഷ്ട്രീയ, സാമ്പത്തിക വ്യത്യാസമില്ലാതെ ജനാധിപത്യ രാജ്യം കെട്ടിപ്പടുക്കുകയാണ് പാര്‍ട്ടിയുടെ ലക്ഷ്യ’മെന്നാണ് അതില്‍ എഴുതിപ്പിടിപ്പിച്ചിരിക്കുന്നത്! അസംഖ്യം ത്യാഗികള്‍ ജീവന്‍കൊടുത്തും പ്രഗത്ഭമതികള്‍ കൂലങ്കഷമായ സംവാദത്തിലൂടെയും രൂപീകരിച്ച ഒരു രാഷ്ട്രത്തെയും മതേതര ഭരണഘടനയെയും പുല്ലു വിലകല്‍പിക്കുന്ന ബി.ജെ.പിക്കും സംഘ്പരിവാരത്തിനും നേര്‍വഴികാട്ടാനിനിയാരെന്ന ചോദ്യമാണിവിടെ ഉയരുന്നത്.