X
    Categories: Sports

യൂറോപ്പില്‍ തീപാറും

 

ലണ്ടന്‍: അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങളുടെ ഇടവേളക്കു ശേഷം യൂറോപ്പിലെ മുന്‍നിര ഫുട്‌ബോള്‍ ലീഗുകളില്‍ ഇന്ന് വീണ്ടും പന്തുരുളുന്നു. വിവിധ ലീഗുകളിലായി മാഞ്ചസ്റ്റര്‍ സിറ്റി, ബാര്‍സലോണ, യുവന്റസ്, ബയേണ്‍ മ്യൂണിക്ക്, റയല്‍ മാഡ്രിഡ്, മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, ലിവര്‍പൂള്‍ തുടങ്ങിയ കരുത്തര്‍ ഇന്നിറങ്ങുന്നു. ജര്‍മന്‍ ബുണ്ടസ്‌ലിഗയില്‍ ബയേണ്‍-ബൊറുഷ്യ ഡോട്മുണ്ട്, ഇറ്റാലിയന്‍ സീരി എയില്‍ യുവന്റസ് – എ.സി മിലാന്‍, ഇംഗ്ലണ്ടില്‍ എവര്‍ട്ടന്‍ – മാഞ്ചസ്റ്റര്‍ സിറ്റി എന്നിവയാണ് ശ്രദ്ധേയ മത്സരങ്ങള്‍.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ 81 പോയിന്റുമായി ഒന്നാം സ്ഥാനത്ത് കുതിക്കുന്ന മാഞ്ചസ്റ്റര്‍ സിറ്റിക്ക് കിരീടത്തോട് ഒരു പടികൂടി അടുക്കാനുള്ള അവസരമാണ് എവര്‍ട്ടനെതിരായ മത്സരം. രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ യുനൈറ്റഡിനേക്കാള്‍ (65) 16 പോയിന്റ് ലീഡുണ്ട് പെപ് ഗ്വാര്‍ഡിയോള പരിശീലിപ്പിക്കുന്ന ടീമിന്. സീസണില്‍ ഒരു തോല്‍വി മാത്രമേ സിറ്റി വഴങ്ങിയിട്ടുള്ളൂ.
സ്പാനിഷ് ലാലിഗയില്‍ മുന്നിലുള്ള ബാര്‍സലോണ കരുത്തരായ സെവിയ്യയെ അവരുടെ തട്ടകത്തിലാണ് നേരിടുന്നത്. രണ്ടാം സ്ഥാനത്തുള്ള അത്‌ലറ്റികോ മാഡ്രിഡിനേക്കാള്‍ 11 പോയിന്റ് ലീഡുണ്ടെങ്കിലും ഏണസ്‌റ്റോ വല്‍വെര്‍ദെയുടെ സംഘത്തിന് കിരീടത്തിലേക്കുള്ള യാത്രയില്‍ ജയം നിര്‍ണായകമാണ്. ലീഗില്‍ മൂന്നാം സ്ഥാനത്തുള്ള റയല്‍ മാഡ്രിഡ് ലാസ് പല്‍മാസിനെ അവരുടെ ഗ്രൗണ്ടില്‍ ചെന്ന് നേരിടുന്നുണ്ട്.
സീരി എയില്‍ കിരീടത്തിനായി ഇഞ്ചോടിഞ്ച് പോരാട്ടം നടത്തുന്ന യുവന്റസും നാപോളിയും ഇന്ന് 30-ാം റൗണ്ട് മത്സരങ്ങള്‍ക്കായി ഇറങ്ങുന്നു. നാപോളി ദുര്‍ബലരായ സസ്സോളോയെ അവരുടെ തട്ടകത്തില്‍ നേരിടുമ്പോള്‍ കരുത്തരായ മിലാന്‍ ആണ് സ്വന്തം സ്‌റ്റേഡിയത്തില്‍ യുവെയുടെ എതിരാളികള്‍. ഗന്നാരെ ഗട്ടൂസോ കോച്ചായതിനു ശേഷം ലീഗില്‍ ഈ വര്‍ഷം തോല്‍വിയറിഞ്ഞിട്ടില്ലാത്ത മിലാന്‍ അവസാനം കളിച്ച അഞ്ച് മത്സരങ്ങളിലും വിജയം നേടിയാണ് വരുന്നത്. യുവെക്ക് 75-ഉം നാപോളിക്ക് 73-ഉം പോയിന്റാണുള്ളത്. 50 പോയിന്റുമായി മിലാന്‍ ആറാമതാണ്.

chandrika: