കോട്ടയം: കോട്ടയത്ത് ട്രെയിനിന് തീപിടിച്ചു. ഇന്ധനവുമായി പോയ ഗുഡ്സ് ട്രെയിനിനാണ് തീപിടിച്ചു. ടാങ്കറില്‍ നിന്നും ഇന്ധനം ചോര്‍ന്ന് തീ പടര്‍ന്നതാണ് അപകടത്തിന് കാരണം. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ കോട്ടയം റെയില്‍വെ സ്റ്റേഷന് സമീപ മുട്ടമ്പലം റെയില്‍വെ ഗേറ്റിന് സമീപമായിരുന്നു അപകടം. അഗ്നി രക്ഷാസേനയെത്തി തീ നിയന്ത്രണ വിധേയമാക്കിയതോടെ വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു.
ഉച്ചക്ക് 1 മണിയോടെ സ്റ്റേഷനിലെത്തിയ ഗുഡ്സ് ട്രെയിന്‍ ഇവിടെ നിന്നും പുറപ്പെട്ട് രണ്ടാം നമ്പര്‍ തുരങ്കം കടന്നപ്പോഴാണ് പിന്നിലെ ബോഗിയില്‍ നിന്നും തീ ഉയരുന്നത് നാട്ടുകാര്‍ കണ്ടത്. ഡ്രൈവറെ വിവരമറിയച്ചതിനെ തുടര്‍ന്ന് എഞ്ചിന്‍ നിര്‍ത്തി ഡ്രൈവര്‍ പുറത്തിറങ്ങി. അഗ്നി രക്ഷാസേനയെ നാട്ടുകാര്‍ വിവരം അറിയിച്ചിരുന്നു. ഇവരെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഗുഡ്സ് ട്രെയിനിലെ ആറ് ടാങ്കറില്‍നിന്നും ഇന്ധനം പുറത്തേക്ക് ചോര്‍ന്ന് ഒഴുകുന്നുണ്ടായിരുന്നു.
ടാങ്കറില്‍ നിന്നും ഓവര്‍ഫ്‌ളോ ഇന്ധനം വൈദ്യുതി ലൈനില്‍നിന്നും പടര്‍ന്ന തീയടക്കം കത്തുകയായിരുന്നെന്നാണ് സംശയിക്കുന്നത്. തീ ആളി പടരാതിരുന്നതിനാല്‍ ഒഴിവായത് വന്‍ ദുരന്തമാണ്. മുട്ടമ്പലം റെയില്‍വെ ഗേറ്റിന് സമീപം ട്രെയിന്‍ പിടിച്ചിട്ടതോടെ ഒരു മണിക്കൂറോളം കോട്ടയം റൂട്ടില്‍ ഗതാഗതം തടസ്സപ്പെട്ടു. തകരാറില്ലെന്ന് കണ്ടെത്തിയതോടെ 2 മണിയോടെ ട്രെയിന്‍ കോട്ടയത്ത് നിന്ന് പുറപ്പെട്ടു.