ഹൈദരാബാദ്: വ്യാഴാഴ്ച രാത്രി തെലുങ്കാനയിലെ ഭൂഗര്‍ഭ ജലവൈദ്യുത പ്ലാന്റിലുണ്ടായ തീപിടിത്തത്തില്‍ ഒമ്പത് പേര്‍ മരിച്ചു. ഇതുവരെ ആറ് മൃതദേഹങ്ങള്‍ കണ്ടെടുത്തു. മറ്റുള്ളവരെ ഭൂഗര്‍ഭ അറയില്‍ നിന്ന് പുറത്തെത്തിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് നാഗര്‍കുര്‍ണൂല്‍ കളക്ടര്‍ എല്‍.ശര്‍മന്‍ പറഞ്ഞു. അസിസ്റ്റന്റ് എഞ്ചിനീയര്‍മാരായ സുന്ദര്‍നായക്, മോഹന്‍കുമാര്‍ എന്നിവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞതായി ജില്ലാ കളക്ടര്‍ അറിയിച്ചു. തീപിടിത്തമുണ്ടാവുമ്പോള്‍ 19 പേരാണ് ഡ്യൂട്ടിയിലുണ്ടായിരുന്നത്. 10 പേര്‍ രക്ഷപ്പെട്ടു. ഒമ്പത് പേര്‍ തുരങ്കത്തിനകത്ത് കുടുങ്ങിപ്പോവുകയായിരുന്നു.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ മുഖ്യമന്ത്രി ചന്ദ്രശേഖര റാവും സിഐഡി അന്വേഷണത്തിന് ഉത്തരവിട്ടു. കേന്ദ്ര ദുരന്തനിവാരണ സേനാംഗങ്ങള്‍ അടക്കം രക്ഷാപ്രവര്‍ത്തനത്തിന് രംഗത്തിറങ്ങിയെങ്കിലും കനത്ത പുക കാരണം തുരങ്കത്തിനകത്ത് പ്രവേശിക്കാന്‍ കഴിയാത്തതിനാലാണ് രക്ഷാപ്രവര്‍ത്തനം വൈകിയത്.