ഹൈദരാബാദ്: തെലങ്കാനയിലെ ശ്രീശൈലം പവര്‍ സ്റ്റേഷനില്‍ വന്‍ തീപിടുത്തം. സംഭവസ്ഥലത്ത് ഉണ്ടായിരുന്ന 10 പേര്‍ തുരങ്കത്തിലൂടെ രക്ഷപ്പെട്ടെങ്കിലും 8 പേര്‍ തുരങ്കത്തില്‍ കുടുങ്ങിയതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ടിഎസ് ജെങ്കോ ജീവനക്കാരും സ്വകാര്യ കമ്പനി ജീവനക്കാരും കുടുങ്ങിക്കിയത്തുന്നത്. രക്ഷാപ്രവര്‍ത്തനത്തിനായി കുര്‍ണൂലിലെ അറ്റ്മകുര്‍ ഫയര്‍ സ്റ്റേഷനില്‍ നിന്നുള്ള ഫയര്‍ എഞ്ചിനുകള്‍ സംഭവസ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. തീപ്പടര്‍ന്നതോടെ തുരങ്കത്തിലെ കനത്ത പുക കാരണം രക്ഷാപ്രവര്‍ത്തകര്‍ക്ക് ഉള്ളിലേക്ക് പ്രവേശിക്കാന്‍ കഴിയാത്ത നിലയാണ്. രക്ഷപ്പെട്ട പത്ത് പേരില്‍ 6 പേര്‍ ശ്രീശൈലത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്.
വ്യാഴാഴ്ച രാവിലെ 10 മണിയോടെയാണ് തീപിടുത്തം ഉണ്ടായത്. വൈദ്യുതി നിലയത്തിന്റെ നാലാം യൂണിറ്റില്‍ സ്ഫോടനം ഉണ്ടായതിനെ തുടര്‍ന്നാണ് തീപിടുത്തം ഉണ്ടായത്. ശ്രീശൈലം അണക്കെട്ടില്‍ സ്ഥാപിച്ചിട്ടുള്ള ഹൈഡ്രോഇലക്ട്രിക് പവര്‍ സ്റ്റേന്‍ നിലയത്തിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവ സമയം 25 പേര്‍ സ്ഥലത്ത് ജോലിയിലുണ്ടായിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടായതിനെ തുടര്‍ന്ന് പാനല്‍ ബോര്‍ഡുകള്‍ക്ക് തീപിടിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ആന്ധ്രാപ്രദേശിനെയും തെലങ്കാനയെയും വിഭജിക്കുന്ന കൃഷ്ണ നദിയിലാണ് ഡാം സ്ഥിതി ചെയ്യുന്നത്.
തെലങ്കാന മന്ത്രി ജഗ്ദീഷ് റെഡ്ഡിയും ടി എസ് ജെങ്കോ സിഎംഡി പ്രഭാകര്‍ റാവുവും സ്ഥലത്തെത്തി. പവര്‍ സ്റ്റേഷന്റെ ആദ്യ യൂണിറ്റില്‍ അപകടം ഉണ്ടായതായും നാല് പാനലുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായും റെഡ്ഡി പറഞ്ഞു.