അഴിമതിയുടെയും കെടുകാര്യസ്ഥതയുടേയും കൂത്തരങ്ങായി മാറിയ കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനില്‍ (കെ.എം.എസ്.സി.എല്‍) അഴിമതിയുടെ തെളിവുകള്‍ നശിപ്പിക്കുന്നതിന് വേണ്ടിയുള്ള ഗൂഡനീക്കങ്ങളാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.
കോവിഡ് കാലത്ത് കോടികളുടെ ക്രമക്കേടുകള്‍ നടന്ന കെ.എം.എസ്.സി.എല്ലില്‍ അഴിമതി തുടരുന്നുവെന്നാണ് ഇപ്പോഴത്തെ സംഭവങ്ങള്‍ തെളിയിക്കുന്നത്. ലോകായുക്തയും, എ.ജിയും സര്‍ക്കാരിന്റെ സാമ്പത്തിക പരിശോധന വിഭാഗവും ഉള്‍പ്പെടെ അന്വേഷണം നടത്തുമ്പോഴാണ് വീണ്ടും കോടികളുടെ അഴിമതി നടത്തിക്കൊണ്ടിരിക്കുന്നത്. രാഷ്ട്രീയ ഭരണ നേതൃത്വത്തിന്റെ ഒത്താശയോടെയാണ് അഴിമതി നടക്കുന്നത്. കോവിഡ് കാലത്ത് ഉയര്‍ന്ന നിരക്കില്‍ പി.പി.ഇ കിറ്റ് ഉള്‍പ്പെടെയുള്ളവ വാങ്ങിയതിന്റെ മറവില്‍ നടത്തിയ അഴിമതിയ്ക്ക് മുഖ്യമന്ത്രിയാണ് അംഗീകാരം നല്‍കിയതെന്നതിന്റെ രേഖകള്‍ പുറത്തുവന്നതാണ്. കോവിഡ് കാലത്ത് വാങ്ങിയ സാധനങ്ങള്‍ അടക്കം കത്തി നശിക്കുമ്പോള്‍ അത് മുഖ്യമന്ത്രിയെയും മന്ത്രിമാരേയും രക്ഷിക്കാനുള്ള ശ്രമമാണെന്ന് വേണം കരുതാന്‍ അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നിവിടങ്ങളിലെ കെ.എം.എസ്.സി.എല്‍ ഗോഡൗണുകള്‍ക്ക് തീപിടിച്ചതിലൂടെ അഴിമതിയുടെ തെളിവുകള്‍ ഇല്ലാതാക്കാനാണെന്ന് വ്യക്തം. തീപിടിച്ച ബീച്ചിങ് പൗഡര്‍ വാങ്ങിയതില്‍ പോലും അഴിമതിയുണ്ടെന്നാണ് മനസിലാകുന്നത്. ക്ലോറിന്‍ അളവ് 30 ശതമാനമുള്ള ബ്ലീച്ചിങ് പൗഡര്‍ വാങ്ങാനാണ് ആദ്യ ടെന്‍ഡര്‍ ക്ഷണിച്ചത്. എന്നാല്‍ തീപിടിച്ചിരിക്കുന്ന ബ്ലീച്ചിങ് പൗഡറിന്റെ വീര്യം 60 ശതമാനത്തില്‍ കൂടുതലാണെന്നാണ് വിവരം.
ടെന്‍ഡര്‍ ഇല്ലാതെ വാങ്ങിയ ബ്ലീച്ചിങ് പൗഡറാണ് അഗ്‌നിബാധയ്ക്ക് കാരണമെന്നാണ് വ്യക്തമാകുന്നത്. തെളിവ് നശിപ്പിക്കാന്‍ ബോധപൂര്‍വം ഇവ സംഭരിച്ചു വച്ചതാണോയെന്ന സംശയവുമുണ്ട്.ചൂട് കൂടിയാണ് കത്തുന്നതെങ്കില്‍ ചൂട് ഏറ്റവും കുറഞ്ഞ രാത്രി മാത്രം ബ്ലീച്ചിങ് പൗഡര്‍ കത്തുന്നതെങ്ങിനെ? കാലപ്പഴക്കം ചെല്ലുന്തോറും ക്ലോറിന്റെ അളവ് കുറയുമെന്നതാണ് വസ്തുത. അങ്ങിനെയെങ്കില്‍ വാങ്ങിയ സമയത്ത് കത്താതെ ഇപ്പോള്‍ കത്തുനന്നതെങ്ങിനെ? തെളിവുകള്‍ എല്ലാം നശിപ്പിച്ച ശേഷം ബ്ലീച്ചിങ് പൗഡര്‍ മടക്കി നല്‍കാനുള്ള നാടകമാണ് ഇപ്പോള്‍ നടക്കുന്നത്. മുന്‍ ആരോഗ്യമന്ത്രിയും മുഖ്യമന്ത്രിയുടെയും അറിവോടെ നടന്ന അഴിമതിയുടെ തെളിവുകള്‍ ഇല്ലാതാക്കാന്‍ നടക്കുന്ന വലിയ ഗൂഡാലോചനയാണ് തീപിടിത്തത്തിന് പിന്നില്‍ അദ്ദേഹം കൂട്ടിചേര്‍ത്തു.