കാബൂള്‍: അഫ്ഗാനിസ്താനില്‍ തൊണ്ണൂറുപേര്‍ കൊല്ലപ്പെടുകയും 450ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ബോംബ് സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ തലസ്ഥാന നഗരിക്ക് കൂടുതല്‍ സുരക്ഷയൊരുക്കണമെന്നാവശ്യപ്പെട്ട് കാബൂളില്‍ തുടങ്ങിയ ജനകീയ പ്രക്ഷോഭം രണ്ടാം ദിവസമായ ഇന്നലെയും ശക്തമായി തുടര്‍ന്നു. വെള്ളിയാഴ്ച ആയിരത്തിലേറെ പേര്‍ പങ്കെടുത്ത പ്രക്ഷോഭം കാബൂളിന്റെ ക്രമസമാധാനം തകര്‍ക്കുന്ന രൂപത്തിലേക്ക് വളര്‍ന്നിരിക്കുകയാണ്.
പ്രസിഡന്റിന്റെ കൊട്ടാരത്തിനും സ്‌ഫോടനമുണ്ടായ നയതന്ത്ര മേഖലക്കും സമീപം രണ്ട് വലിയ തമ്പുകള്‍ കെട്ടി പ്രക്ഷോഭകര്‍ ശനിയാഴ്ച രാത്രിയും തെരുവില്‍ തന്നെ കഴിച്ചുകൂട്ടി. പ്രദേശത്തേക്കുള്ള എല്ലാ റോഡുകളും പൊലീസ് അടച്ചിരിക്കുകയാണ്. കര്‍ശന പരിശോധനക്കുശേഷം അത്യാവശ്യമെന്ന് തോന്നുന്ന വാഹനങ്ങളെ മാത്രമേ കടന്നുപോകാന്‍ അനുവദിക്കുന്നുള്ളൂ. കാല്‍നടയായി എത്തുന്നവരെയും കടത്തിവിടുന്നില്ല. സുരക്ഷാവലയം ഭേദിച്ച് പ്രസിഡന്റിന്റെ കൊട്ടാരത്തിനടുത്തേക്ക് ഇരച്ചുകയറാന്‍ ശ്രമിച്ച പ്രക്ഷോഭകരെ പിരിച്ചുവിടാന്‍ പൊലീസ് നടത്തിയ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു.
അക്രമാസക്തരായ ജനക്കൂട്ടത്തിനുനേരെ പൊലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു. അതേസമയം കാബൂളിലെ ഭീകരാക്രമണത്തിനു പിന്നില്‍ പാകിസ്താനാണെന്ന് ആരോപിച്ച് അമേരിക്കയിലെ പാക് എംബസിക്കു മുന്നില്‍ അഫ്ഗാന്‍ പൗരന്മാര്‍ അടക്കമുള്ള ഒരുസംഘം ആളുകള്‍ പ്രതിഷേധ റാലി നടത്തി. പാകിസ്താന്‍ ഭീകരരാഷ്ട്രമാണെന്നും ഐ.എസ്.ഐ അല്‍ഖാഇദക്ക് തുല്യമാണെന്നും റാലിയില്‍ പങ്കെടുത്തവര്‍ കുറ്റപ്പെടുത്തി. ഭീകരരെ നിര്‍മിക്കുന്ന ഫാക്ടറികള്‍ അടച്ചുപൂട്ടണമെന്നും തീവ്രവാദികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നത് അവസാനിപ്പിക്കണമെന്നും അവര്‍ പാകിസ്താനോട് ആവശ്യപ്പെട്ടു. പാകിസ്താന്റെ വ്യക്തമായ പിന്തുണ ലഭിക്കാതെ കാബൂളിലെ നയതന്ത്ര മേഖലയില്‍ അത്രയും വലിയൊരു ആക്രമണം നടത്താന്‍ സാധിക്കില്ലെന്നാണ് അഫ്ഗാന്‍ അധികാരികളുടെ വാദം. ഐ.എസ്.ഐയുമായി ബന്ധമുള്ള ഹഖാനി തീവ്രവാദശൃംഖലയാണ് ആക്രമണം നടത്തിയതെന്ന് അഫ്ഗാനിസ്താന്‍ കുറ്റപ്പെടുത്തുന്നു.
- 8 years ago
chandrika
Categories:
Views