കൊച്ചി: കാക്കനാട് ഇന്‍ഫോ പാര്‍ക്കിലെ സ്വകാര്യ സ്ഥാപനത്തിലുണ്ടായ തീപുടത്തത്തില്‍ കോടികളുടെ നഷ്ടം. അപകടത്തില്‍ ഒരു കമ്പനിക്ക് മാത്രം 50 ലക്ഷം രൂപയുടെ നഷ്ടമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ശേഷിക്കുന്ന കമ്പനികളുടെയും സ്ഥാപനങ്ങളുടെയും നഷ്ടം, കെട്ടിടത്തിനുണ്ടായ നാശം എന്നിവ വിലയിരുത്തുമ്പോള്‍ കോടികള്‍ വരുമെന്നാണ് കണക്കൂട്ടല്‍. കെട്ടിടത്തിന്റെ നഷ്ടം നിര്‍ണയിക്കാന്‍ സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെ വരുംദിവസങ്ങളിലും പരിശോധന തുടരും.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന നിഗമനത്തിലാണ് ഉദ്യോഗസ്ഥര്‍. ശനിയാഴ്ച വൈകീട്ട് 6 മണിയോടെയാണ് ഇന്‍ഫോപാര്‍ക്കിലെ ജിയോ ഇന്‍ഫോ എന്ന ഐടി സ്ഥാപനത്തില്‍ തീപടര്‍ന്നത്. 20ഓളം ഐടി കമ്പനികളും ചില കമ്പനി ഓഫിസുകളുമാണ് കെട്ടിട സമുച്ചയത്തില്‍ പ്രവര്‍ത്തിച്ചിരുന്നത്. വിരലിലെണ്ണാവുന്ന ജീവനക്കാര്‍ മാത്രമാണ് അപകട ദിവസം അകത്ത് ഉണ്ടായിരുന്നത്.