X

റോഡ് കുളമായി; എഞ്ചിനീയറെ ചെളിയില്‍ കുളിപ്പിച്ച് എം.എല്‍.എ

പണികഴിഞ്ഞ റോഡ് ചളികുളമായതോടെ റോഡ് നിര്‍മാണത്തിന് മേല്‍നോട്ടം വഹിച്ച എഞ്ചിനീയര്‍ക്കെതിരെ കായികമായി തിരിഞ്ഞ് സ്ഥല എംഎല്‍എ രംഗത്ത്.

റോഡില്‍ നിറയെ കുഴികള്‍ രൂപപ്പെട്ടതോടെയാണ് റോഡ് നിര്‍മാണത്തിന് മേല്‍നോട്ടം വഹിക്കുന്ന എഞ്ചിനീയറുടെ ദേഹത്ത് ചെളി കോരിയൊഴിച്ചാണ് എം.എല്‍.എയും അനുയായികളും എതിരേറ്റത്. മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി നാരായണ്‍ റാണെയുടെ മകനും കോണ്‍ഗ്രസ് എം.എല്‍.എയുമായ നിതീഷ് റാണെയുടെ നേതൃത്വത്തിലാണ് എഞ്ചിനീയര്‍് പ്രകാശ് ഷെദ്ദേക്കറിനെതിരെ കയ്യേറ്റം നടത്തിയത്. മുംബൈ- ഗോവ ഹൈവേയിലെ കന്‍കവാലിക്ക് സമീപമാണ് സംഭവം അരങ്ങേറിയത്.

റോഡിന്റെ ശോചനീയാവസ്ഥ നേരിട്ടറിയാന്‍ എത്തിയതായിരുന്നു എം.എല്‍.എ. പ്രദേശത്തെ സാമൂഹ്യപ്രവര്‍ത്തകര്‍ക്കും മുന്‍സിപ്പല്‍ കൗണ്‍സില്‍ പ്രസിഡന്റിനുമൊപ്പമെത്തിയ എംഎല്‍എ റോഡിന്റെ നിലവിലെ സ്ഥിതി കണ്ട് എഞ്ചിനീയറുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയായിരുന്നു.

മണ്ണും ചെളിയും നിറഞ്ഞ ഈ കുഴി റോഡിലൂടെ എങ്ങനെയാണ് ആളുകള്‍ ദിവസവും യാത്ര ചെയ്യേണ്ടതെന്ന് ചോദിച്ച എം.എല്‍.എ, ജനങ്ങള്‍ ദിവസവും അനുഭവിക്കുന്ന അവസ്ഥ എന്‍ജിനീയറും മനസിലാക്കണമെന്ന് പറഞ്ഞ് ചെളിവെള്ളം ഷെദേക്കറുടെ ദേഹത്ത് ഒഴിക്കുകയായിരുന്നു. എഞ്ചിനീയറുടെ ദേഹത്ത് ചെളി കോരിയൊഴിച്ചതിന് പിന്നാലെ അദ്ദേഹത്തെ റോഡിന്റെ യഥാര്‍ത്ഥ അവസ്ഥ മനസിലാക്കാന്‍ ചെളിയിലൂടെ നടത്തുകയുമുണ്ടായി. ഇതിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാണ്.

എം.എല്‍.എയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേരാണ് രംഗത്തെത്തിയത്. അതേസമയം എം.എല്‍.എക്കെതിരെ പൊലീസ് നിയമനടപടി ആരംഭിച്ചു.

chandrika: