X

ജേക്കബ് തോമസിനെതിരായ അഴിമതി കേസില്‍ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചു

തിരുവനന്തപുരം: മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ അഴിമതിക്കേസ്. തുറമുഖ ഡയറക്ടറായിരിക്കെ ഡ്രെഡ്ജര്‍ വാങ്ങിയതില്‍ ജേക്കബ് തോമസ് അഴിമതി നടത്തിയെന്നാണ് കേസ്. ഇതുസംബന്ധിച്ച് വിജിലന്‍സ് കമ്മീഷന്‍ കോടതിയില്‍ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചു. ഹോളണ്ടില്‍ നിന്നുള്ള ഒരു കമ്പനിയില്‍ നിന്നാണ് ഡ്രഡ്ജിംഗ് ഉപകരണങ്ങള്‍ വാങ്ങിയത്. ഈ കമ്പനിക്കെതിരെയും കേസ് എടുത്തിട്ടുണ്ട്.

ഡ്രെഡ്ജര്‍ വാങ്ങാന്‍ എട്ട് കോടിയാണ് അനുവദിച്ചതെങ്കിലും 19കോടിക്കാണ് ഡ്രെഡ്ജര്‍ വാങ്ങിയത് എന്ന് എഫ്.ഐ.ആര്‍ പറയുന്നു. വിജിലന്‍സും ഹൈക്കോടതിയും പരിശോധിച്ച് തള്ളിയ ആരോപണത്തിലാണ് പുതിയ കേസ്. പ്രാഥമിക അന്വേഷണത്തിനു ശേഷമാണ് വിജിലന്‍സ് പ്രത്യേക യൂണിറ്റ് കേസ് രജിസ്റ്റര്‍ ചെയ്ത് എഫ്.ഐ.ആര്‍ കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. ജേക്കബ് തോമസ് ഔദ്യോഗിക പദവി ദുരുപയോഗം ചെയ്‌തെന്നും സര്‍ക്കാരിന് നഷ്ടമുണ്ടാക്കിയെന്നുമാണ് പ്രധാന ആരോപണങ്ങള്‍.

ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ നേരത്തെ ധനകാര്യ പരിശോധനാ വിഭാഗം ക്രമക്കേടിനെ കുറിച്ച് അന്വേഷണം നടത്തിയിരുന്നു. 14.96 കോടിരൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണ് ധനകാര്യ വിഭാഗം അന്വേഷണത്തില്‍ കണ്ടെത്തിയത്. തുടര്‍ന്നാണ് കേസെടുക്കാനുള്ള ശുപാര്‍ശ ചീഫ് സെക്രട്ടറിക്ക് സമര്‍പ്പിക്കപ്പെടുന്നതും വിജിലന്‍സ് അന്വേഷണത്തിന് നിര്‍ദേശം ലഭിക്കുന്നതും.

chandrika: