ബംഗളൂരു: മന്ത്രി കെ.ജെ ജോര്‍ജ് രാജിവെക്കണമെന്ന ബി.ജെ.പി ആവശ്യത്തെ തള്ളി മുഖ്യമന്ത്രി സിദ്ധരാമയ്യ. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ കേസെടുത്തത് രാഷ്ട്രീയ പ്രേരിതമാണെന്നും ഇതുകൊണ്ടൊന്നും സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കാനാവില്ലെന്നും അദ്ദേഹം തിരിച്ചടിച്ചു. ഒരു തെളിവുമില്ലാത്ത ആരോപണമാണിത്.
കേസെടുത്തതിന്റെ പേരില്‍ രാജിവെക്കുകയാണെങ്കില്‍ കേന്ദ്ര മന്ത്രിസഭയുടെ കാര്യം അവതാളത്തിലാകും. 64 കേന്ദ്രമന്ത്രിമാരില്‍ 20 പേരും വധശ്രമം ഉള്‍പ്പെടെയുള്ള ക്രിമിനല്‍ കേസില്‍ പ്രതികളാണ്. എന്താണ് ഇവര്‍ രാജിവെക്കാത്തത്. ബി.ജെ.പി ഇവരുടെ രാജി ആവശ്യപ്പെടാത്തതെന്ത്-സിദ്ധരാമയ്യ ചോദിച്ചു. ബി ശ്രീരാമുലു, നളിന്‍കുമാര്‍ കട്ടീല്‍, പ്രഹ്ലാദ് ജോഷി തുടങ്ങി നിരവധി ബി.ജെ.പി എം.പിമാര്‍ക്കെതിരെ കേസുകളുണ്ട്. രാജ്യദ്രോഹകുറ്റം വരെ നേരിടുന്നവരും ഇതില്‍പ്പെടും.
കര്‍ണാടക ബി.ജെ.പി പ്രസിഡന്റ് ബി.എസ് യെദ്യൂരപ്പ വഞ്ചനാ കേസുകളിലടക്കം ഏഴ് ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. യു.പി മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ യോഗി ആദിത്യനാഥ് വധശ്രമം, വര്‍ഗീയ സംഘര്‍ഷമുണ്ടാക്കല്‍ തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാണെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.
തൊഴില്‍ പീഡനം ആരോപിച്ച് ഡിവൈ.എസ്.പി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കര്‍ണാടക മന്ത്രിയും മലയാളിയുമായ കെ.ജെ ജോര്‍ജിനെിരെ സി. ബി.ഐ കേസെടുത്തിരുന്നു. ഇന്റലിജന്‍സ് എ. ഡി.ജി.പി അഷിത് മോഹന്‍ പ്രസാദ്, ലോകായുക്ത ഐ.ജി പ്രണബ് മൊഹന്തി എന്നിവര്‍ക്കെതിയും കേസെടുത്തിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ബി.ജെ.പി ആവശ്യത്തെ തള്ളി മുഖ്യമന്ത്രി സിദ്ധരാമയ്യ രംഗത്ത് വന്നത്.
മംഗളൂരു റേഞ്ച് ഡി.വൈ.എസ്.പിയായിരുന്ന എം.കെ ഗണപതിയെ 2016 ജൂലൈ ഏഴിനാണ് മടിക്കേരിയിലെ ലോഡ്ജില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന ജോര്‍ജ്ജ്, ഐ.പി.എസ് ഓഫീസര്‍മാരായ അഷിത് മോഹന്‍ പ്രസാദ്, പ്രണബ് മൊഹന്തി എന്നിവര്‍ക്കെതിരെ തൊഴില്‍ പീഡനം ആരോപിച്ച് കുറിപ്പ് എഴുതിവെച്ച ശേഷമായിരുന്നു ആത്മഹത്യ. ഗണപതിയുടെ പിതാവ് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഇതേതുടര്‍ന്നാണ് കേസ് സി. ബി.ഐക്ക് വിട്ടത്.