പട്‌ന: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ വിമര്‍ശനങ്ങളെ അടിച്ചൊതുക്കുമെന്ന ഭീഷണിയുമായി ബിജെപി നേതാവ് ”ദരിദ്ര കുടുംബത്തില്‍ നിന്നാണ് മോദി ഇന്ത്യയുടെ പ്രധാനമന്ത്രി പദവിയിലെത്തിയത്. മോദിക്കെതിരെ ഒരു ചെറുവിരല്‍ ഉയര്‍ത്തിയാലും അത് തല്ലിയൊടിക്കും. ഉയര്‍ത്തുന്നത് കൈകള്‍ ആണെങ്കില്‍ വേണ്ടിവന്നാല്‍ വെട്ടി മാറ്റുമെന്നും” ബിഹാര്‍ ബിജെപി അധ്യക്ഷനും ലോക്സഭാ എംപിയുമായ ഉജിയാര്‍പൂര്‍ നിത്യാനന്ദ റായ് പറഞ്ഞു. പട്‌നയില്‍ റാലിയില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് നിത്യാനന്ദയുടെ ഭീഷണി.
ബിഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി, മറ്റു ബിജെപി മന്ത്രിമാരായ നന്ദ് കിഷോര്‍ യാദവ്, മംഗല്‍ പാണ്ഡ്യ, സുരേഷ് ശര്‍മ ഉള്‍പ്പെടെയുളള നിരവധി നേതാക്കള്‍ വേദിയിലിക്കയെയാണ് റായ് ഇത്തരമൊരു പ്രസ്താവന നടത്തിയത്.
എന്നാല്‍ പ്രസംഗം വിവാദമായതോടെ വിശദീകരണവുമായി റായ് രംഗത്തെത്തി. വിരലൊടിക്കുമെന്നും കൈവെട്ടുമെന്നുമുള്ള പ്രയോഗം താന്‍ ആലങ്കാരികമായി പറഞ്ഞതാണ്. രാജ്യത്തിന്റെ ആത്മാഭിമാനത്തെയും സുരക്ഷയെയും ബാധിക്കുന്ന വിഷയങ്ങളില്‍ ശക്തമായി പ്രതികരിക്കുമെന്നാണ് തന്റെ പ്രസ്താവനയിലൂടെ ഉദ്ദേശിച്ചതെന്നും ബി.ജെ.പി നേതാവ് വ്യക്തമാക്കി.