X

ഐ.സി.സിയുടെ നായകനായി വില്യംസണ്‍; ലോക ഇലവനെ പ്രഖ്യാപിച്ചു; ഇന്ത്യയില്‍ നിന്ന് രണ്ടുപേര്‍ മാത്രം

2019 ലോകകപ്പ് അവസാനിച്ചതോടെ ലോക ഇലവനെ പ്രഖ്യാപിച്ച് ഐസിസി. പന്ത്രണ്ടാം ലോകകപ്പ് ജേതാക്കളായ ഇംഗ്ലണ്ട് ടീമില്‍ നിന്ന് നാല് പേര്‍ ടീമിലിടം പിടിച്ചപ്പോള്‍ ലോകകപ്പ് നേടാന്‍ കഴിഞ്ഞില്ലെങ്കിലും ക്രിക്കറ്റ് ആരാധകരുടെ മനസില്‍ ഇടംപിടിച്ച ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണാണ് ലോകകപ്പ് ഇലവന്റെ നായകനായി. ഫൈനല്‍ കളിച്ച ടീമുകളില്‍ നിന്നും ആറ് പേരാണ് ലോകകപ്പ് ടീമിലിടം നേടിയത്.  ന്യൂസീലന്റ് ടീമില്‍ നിന്നും ക്യാപ്റ്റന്‍ അടക്കം രണ്ടുപേരാണ് ഇടപിടിച്ചത്.

സെമിയില്‍ പുറത്തായ ഇന്ത്യന്‍ ടീമിലെ രണ്ട് അംഗങ്ങള്‍ക്ക് മാത്രമാണ് ലോകകപ്പ് ഇലവനില്‍ ഇടംപിടിക്കാനായത്. റണ്‍വേട്ടകാരനായ ഓപ്പണര്‍ രോഹിത് ശര്‍മ്മയും പേസ് ബൌളര്‍ ജസ്പ്രീത് ബൂമ്രയുമാണ് ടീമിലെത്തിയ ഇന്ത്യന്‍ താരങ്ങള്‍. ഓസീസീന്റെയും രണ്ട് താരങ്ങളും ഒരു ബംഗ്ലാദേശ് താരവുമാണ് ടീമിലുള്ളത്.

ടീം: രോഹിത് ശര്‍മ (ഇന്ത്യ), ജേസണ്‍ റോയ് (ഇംഗ്ലണ്ട്), വില്യംസണ്‍ (ന്യൂസീലന്‍ഡ്), ഷാകിബ് അല്‍ ഹസ്സന്‍ (ബംഗ്ലാദേശ്), ജോ റൂട്ട് (ഇംഗ്ലണ്ട്), ബെന്‍ സ്റ്റോക്സ് (ഇംഗ്ലണ്ട്), അലെക്സ് കാരി (വിക്കറ്റ് കീപ്പര്‍- ഓസീസ്), മിച്ചല്‍ സ്റ്റാര്‍ക് (ഓസീസ്), ജോഫ്ര ആര്‍ച്ചര്‍ (ഇംഗ്ലണ്ട്), ലോക്കി ഫെര്‍ഗൂസന്‍ (ന്യൂസീലന്‍ഡ്), ബൂമ്ര (ഇന്ത്യ). കിവീസ് താരം ട്രെന്റ് ബോള്‍ട്ടാണ് ടീമിലെ പന്ത്രണ്ടാമന്‍.

രോഹിത് ശര്‍മ്മയും ഇംഗ്ലണ്ട് താരം ജേസണ്‍ റോയിയുമാണ് ടീമിലെ ഓപ്പണര്‍മാര്‍. അഞ്ച് സെഞ്ച്വറിയുമായി റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിയ താരമാണ് രോഹിത്. ഇംഗ്ലണ്ടിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവച്ച താരമാണ് ജേസണ്‍ റോയ്. 8 മത്സരങ്ങളില്‍ നിന്ന് നാല് അര്‍ദ്ധ സെഞ്ച്വറിയും ഒരു സെഞ്ച്വറിയുമടക്കം 443 റണ്‍സാണ് റോയ് അടിച്ചുകൂട്ടിയത്.

മൂന്നാം നമ്പര്‍ ബാറ്റ്‌സ്മാനായാണ് കിവീസ് നായകന്‍ കെയ്ന്‍ വില്യംസണ്‍ ടീമിലിടംപിടിച്ചത്. ന്യൂസിലന്‍ഡിനെ ഫൈനലിലെത്തിച്ചതില്‍ നിര്‍ണായക പങ്കുവഹിച്ച വില്യംസണ്‍, 2019 ലോകകപ്പിന്റെ താരം കൂടിയാണ്.

അതേസമയം ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലി യും ധോനിയും ടീമിലിടം നേടിയില്ല. സമീപകാലത്ത് കോഹ് ലി ഇല്ലാതെ ഐസിസിയുടെ ടീം ലിസ്റ്റ് എന്നത് അപൂര്‍വ്വമായൊരു കാഴ്ചയാണ്.

നാലാം നമ്പറില്‍ ഇംഗ്ലണ്ടിന് ലോകചാമ്പ്യന്‍മാരാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച ജോ റൂട്ടാണ്്. ബാറ്റുകൊണ്ടും പന്തുകൊണ്ടും വിസ്മയിപ്പിച്ച ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍ ഷക്കീബ് അല്‍ ഹസനാണ് അഞ്ചാം നമ്പറില്‍ ടീമിലിടം നേടിയത്. ബാറ്റിംഗിനും ബൗളിംഗിനും ഒപ്പം ഫീല്‍ഡിംഗിലും മികച്ച പ്രകടനം പുറത്തെടുത്ത ഇംഗ്ലണ്ട് താരം ബെന്‍ സ്റ്റോക്‌സ് ആണ് ടീമിലെ ആറാമന്‍.

ഓസ്‌ട്രേലിയന്‍ ടീമിലെ വിക്കറ്റ് കീപ്പറായ അലക്‌സ് ക്യാരിയാണ് ലോക ഇലവന്റെ വിക്കറ്റ് കീപ്പര്‍. വിക്കറ്റ് വേട്ടയില്‍ ഒന്നാം സ്ഥാനത്തുള്ള ഓസ്‌ട്രേലിയന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കും ഇംഗ്ലണ്ട് താരം ജോഫ്ര ആര്‍ച്ചറും ഇന്ത്യന്‍ താരം ജസ്പ്രീത് ബൂമ്രയുമാണ് ടീമിലെ ബൌളര്‍മാര്‍. ന്യൂസിലന്‍ഡ് താരം ട്രെന്റ് ബോള്‍ട്ടിനെ ടീമിലെ പന്ത്രണ്ടാമനായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

chandrika: