X

ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് സാമ്പത്തിക ക്രമക്കേട്; സര്‍ക്കാര്‍ ഉദ്യോഗസ്ഥന് ഒരുവര്‍ഷം തടവും 60,000 രൂപ പിഴ ശിക്ഷയും

കോഴിക്കോട്: ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് സാമ്പത്തിക ക്രമക്കേട് നടത്തിയ കുറ്റത്തിന് സര്‍ക്കാര്‍ ജീവനക്കാരനെ ഒരുവര്‍ഷം കഠിനതടവിനും 60,000 രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷിച്ചു. മലപ്പുറം മമ്പാട് ഗ്രാമപഞ്ചായത്തിലെ ക്ലര്‍ക്കായിരുന്ന വി.എന്‍ ലെനീഷിനെയാണ് കോഴിക്കോട് വിജിലന്‍സ് ജഡ്ജ് ടി.മധുസൂദനന്‍ ശിക്ഷിച്ചത്. 2006-2008 കാലഘട്ടത്തില്‍ മമ്പാട് ഗ്രാമപഞ്ചായത്തില്‍ യു.ഡി ക്ലര്‍ക്കായിരുന്ന ലെനീഷ് മണല്‍ പാസ് വിതരണം ചെയ്ത തുകയില്‍ നിന്ന് 2.47 ലക്ഷം രൂപ സര്‍ക്കാരിന് അടക്കാതെ വെട്ടിപ്പ് നടത്തിയതിന് മലപ്പുറം വിജിലന്‍സ് യൂണിറ്റ് ഡപ്യൂട്ടി പൊലീസ് സൂപ്രണ്ട് അബ്ദുള്‍ ഹമീദ് അന്വേഷണം നടത്തി മുന്‍ വിജിലന്‍സ് ഡപ്യൂട്ടി പോലീസ് സൂപ്രണ്ട് കെ. സലിം കുറ്റപത്രം സമര്‍പ്പിച്ച കേസിലാണ് ശിക്ഷ.

പ്രോസിക്യൂഷന് വേണ്ടി വിജിലന്‍സ് പബ്ലിക് പ്രോസിക്യൂട്ടര്‍ അരുണ്‍ നാഥ്. കെ ഹാജരായി. വിവിധ കുറ്റങ്ങള്‍ക്ക് മൊത്തം മൂന്ന്‌വര്‍ഷം തടവ് വിധിച്ചെങ്കിലും ഒരു വര്‍ഷം ഒന്നിച്ച് അനുഭവിച്ചാല്‍ മതിയെന്ന് ഉത്തരവിലുണ്ട്.

webdesk11: