X

സാമ്പത്തിക സത്യസന്ധത-കുഞ്ഞുമുഹമ്മദ് മദനി പറപ്പൂര്‍

ജീവിക്കാന്‍ വേണ്ടിയുള്ള ധനസമ്പാദനം ലക്ഷ്യമാക്കിയാണ് അധികപേരും പകലന്തിയോളം ജോലി ചെയ്യുന്നത്. ഊണും ഉറക്കവും നഷ്ടപ്പെടുത്തി വ്യാപാര വ്യവസായങ്ങളില്‍ മുഴുകുന്നവരും ആയുസിന്റെ നല്ല കാലം ഗള്‍ഫില്‍ പണിയെടുത്ത് കുടുംബം പോറ്റുന്നവരും ലക്ഷ്യമാക്കുന്നത് ജീവിതം കരുപ്പിടിപ്പിക്കാനാണ്. പലിശയും കൈക്കൂലിയും പണാപഹരണവും കൊള്ളയും നടത്തുന്നവരുടെയും ലക്ഷ്യം സമ്പാദിക്കുക എന്നതുതന്നെ. ധനസമ്പാദനം മനുഷ്യപ്രകൃതത്തില്‍ ഊട്ടപ്പെട്ട വിചാരമാണ്. എന്നാല്‍ അത് ന്യായവും സത്യവും പരിഗണിച്ചുകൊണ്ടു മാത്രമേ ആകാവൂ. എങ്ങനെയെങ്കിലും പണം കിട്ടണം എന്ന വിചാരം മനുഷ്യനെ നാശത്തിലെത്തിക്കുമെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു. എവിടെ നിന്ന് സമ്പാദിച്ചു എന്നും എങ്ങനെ ചിലവഴിച്ചു എന്നും പരലോകത്ത് വെച്ച് അല്ലാഹു ചോദ്യംചെയ്യുമെന്ന് നബി (സ) താക്കീതു ചെയ്തിട്ടുണ്ട്.

നല്ലതു മാത്രം ഭക്ഷിക്കാത്ത മനുഷ്യന്റെ പ്രാര്‍ഥന പോലും അല്ലാഹു സ്വീകരിക്കുകയില്ലെന്ന് നബി (സ) പഠിപ്പിച്ചത് കാണുക. ‘നിശ്ചയം അല്ലാഹു ശുദ്ധനാണ്. ശുദ്ധമല്ലാത്തതൊന്നും അല്ലാഹു സ്വീകരിക്കുകയില്ല. ദൈവദൂതന്മാരോട് അവന്‍ കല്‍പിച്ചതെന്തോ അത്‌ന്നെ എല്ലാ വിശ്വാസികളോടും അല്ലാഹു കല്‍പ്പിച്ചിരിക്കുന്നു. ദൂതന്മാരെ വിളിച്ച് അല്ലാഹു പറഞ്ഞു: നിങ്ങള്‍ നല്ലതു മാത്രം തിന്നുക, നല്ലതു പ്രവര്‍ത്തിക്കുകയും ചെയ്യുക (23:5). വിശ്വാസികളോടും അല്ലാഹു പറഞ്ഞു: സത്യവിശ്വാസികളേ, നിങ്ങള്‍ക്ക് നാം നല്‍കിയതില്‍ നിന്നും നല്ലതുമാത്രം ഭക്ഷിക്കുക (2:172). പിന്നീട് നബി (സ) ദീര്‍ഘദൂര യാത്രക്കാരനായ ഒരാളെപ്പറ്റി പറഞ്ഞു; പൊടിപുരണ്ട ശരീരവും ജടകുത്തിയ മുടിയുമായി യാത്ര ചെയ്യുന്ന അദ്ദേഹത്തിന്റെ പ്രാര്‍ഥനക്ക് അല്ലാഹുവിങ്കല്‍ പ്രത്യേക പരിഗണന ലഭിക്കേണ്ടതായിരുന്നു. എന്നാലദ്ദേഹം ആകശത്തേക്ക് കൈയുയര്‍ത്തി എന്റെ രക്ഷിതാവേ.. എന്റെ രക്ഷിതാവേ.. എന്ന് വിളിച്ച് പ്രാര്‍ഥിച്ചിട്ടും എങ്ങനെ ഉത്തരം ലഭിക്കാനാണ്? അദ്ദേഹം തിന്നത് നിഷിദ്ധമാണ്. ഉടുത്തത് നിഷിദ്ധമാണ് ശരീരം പുഷ്ടിപ്പെട്ടതു തന്നെ ഹറാമില്‍ നിന്നാണ്! (മുസ്‌ലിം). സഅദ്ബ്‌നു അബീവഖാസ് (റ) ഒരിക്കല്‍ നബി (സ)യോട് ഇങ്ങനെ അപേക്ഷിച്ചു. പ്രാര്‍ഥനക്ക് ഉത്തരം ലഭിക്കുന്നവരുടെ കൂട്ടത്തില്‍ എന്നെയും ഉള്‍പ്പെടുത്തണമേയെന്ന് നബിയേ താങ്കള്‍ അല്ലാഹുവോട് ദുആ ചെയ്താലും. നബി(സ) പറഞ്ഞു: സഅദേ, നീ കഴിക്കുന്ന ഭക്ഷണം നല്ലതാവാന്‍ ശ്രദ്ധിക്കുക, എങ്കില്‍ നീയും പ്രാര്‍ഥനക്ക് ഉത്തരം ലഭിക്കുന്നവരുടെ കൂട്ടത്തില്‍ ഉള്‍പ്പെടും. അല്ലാഹുവാണേ സത്യം, ഒരാള്‍ നിഷിദ്ധമായ ഒരുപിടി ഭക്ഷണം തന്റെ ഉള്ളിലേക്ക് ഇറക്കിയാല്‍ അവന്റെ നാല്‍പത് ദിവസത്തെ സല്‍കര്‍മ്മങ്ങള്‍ സ്വീകരിക്കപ്പെടുകയില്ല. അന്യായമായ ഭക്ഷണംകൊണ്ട് കൊഴുത്തുണ്ടായ ശരീരത്തിലെ മാംസങ്ങള്‍ക്ക് നരകമാണ് ഏറ്റവും അനുയോജ്യം (ത്വബ്‌റാനി). അബൂബക്കര്‍ സിദ്ദീഖ് (റ) വിന്റെ ഒരടിമ ഒരിക്കല്‍ അദ്ദേഹത്തിന് ഭക്ഷ്യവസ്തുക്കള്‍ നല്‍കി. അബൂബക്കര്‍ (റ) അത് തിന്നുകയും ചെയ്തു. അന്യായമായ വഴിയില്‍ ഒരാളെ വഞ്ചിച്ച് നേടിയ സമ്പാദ്യം കൊണ്ടാണ് ഈ ഭക്ഷണം കൊണ്ടുവന്നതെന്ന് പിന്നീട് അറിഞ്ഞപ്പോള്‍ അദ്ദേഹം തന്റെ വായില്‍ കൈതിരുകി തിന്നത് മുഴുവനും ഛര്‍ദ്ദിച്ചു എന്നുറപ്പുവരുത്തി. എന്നിട്ടദ്ദേഹം പറഞ്ഞു: ഹറാമായ ഈ ഭക്ഷണം വയറ്റില്‍നിന്ന് എന്റെ ജീവനും കൊണ്ടേ പുറത്തുവരുമായിരുന്നുള്ളൂവെങ്കില്‍ ജീവന്‍ ത്യജിച്ചാലും ഞാനാ ഭക്ഷണം പുറത്തെടുക്കുമായിരുന്നു എന്ന്! (ബുഖാരി).

നിഷിദ്ധമായ സമ്പാദ്യത്തിനോടും ഭക്ഷണത്തിനോടും മുന്‍ഗാമികള്‍ക്കുണ്ടായിരുന്ന സൂക്ഷ്മത എത്രയധികമായിരുന്നു. ഇന്ന് ധനാഗമനമാര്‍ഗങ്ങള്‍ വിശാലമാണ്. ശരിയും തെറ്റും വേര്‍തിരിച്ച് സമ്പാദ്യം ശുദ്ധീകരിക്കാന്‍ ഏറെ ശ്രദ്ധയും സൂക്ഷ്മതയും അനിവാര്യവുമാണ്. ബുഖാരി ഉദ്ധരിച്ച നബി വചനത്തില്‍ ഇങ്ങനെ കാണാം. ‘ഒരു കാലം വരാനിരിക്കുന്നു. ഹലാലില്‍ നിന്നാണോ ഹറാമില്‍നിന്നാണോ താന്‍ ഭക്ഷിക്കുന്നതെന്ന് മനുഷ്യരന്ന് പരിഗണണിക്കുകയേയില്ല (ബുഖാരി). മോഷണവും കൊള്ളയും പോക്കറ്റടിയും അല്ലാതെ തന്നെ,

മാന്യമായ ഭാവത്തില്‍ ഹറാമായ സമ്പാദ്യം വന്നുചേരുന്ന ധാരാളം സന്ദര്‍ഭങ്ങള്‍ നമുക്കിടയിലുണ്ട്. സാമാന്യം ഭേതപ്പെട്ട ഒരു കടയില്‍ കയറി ചായ കുടിക്കുകയായിരുന്നു. ദേശീയ പാതയുടെ തീരത്ത് കണ്ണായ സ്ഥാനത്തുള്ള ആ കടയില്‍ പഴവര്‍ഗങ്ങളും ബേക്കറിയും മറ്റു മധുരപാനീയങ്ങളുമുണ്ട്. റോഡരികില്‍ വണ്ടി നിര്‍ത്തിയ യാത്രക്കാരായ ഒരു കുടുംബം പഴവര്‍ഗങ്ങള്‍ വാങ്ങി തിരിച്ചു നടക്കുമ്പോള്‍ കടക്കാരന്‍ കൂടെയുള്ളയാളോടു പതുക്കെ പറഞ്ഞു: ‘അതങ്ങ് പോയികിട്ടി’ അഞ്ചു രൂപ അധികമിട്ടാണ് ബില്ല് കൊടുത്തത്. ഇത് കേട്ടപ്പോള്‍ മറ്റെയാള്‍ പ്രതികരിച്ചു. അങ്ങനെയൊക്കെ മാത്രമേ ഇക്കാലത്ത് കാര്യം നടക്കൂ. ഇവിടെ സംഭവിച്ചത്; കുറച്ചധികം പഴവര്‍ഗങ്ങള്‍ വാങ്ങിയ ആ പാര്‍ട്ടിക്ക് കേടുവന്ന കുറെ ആപ്പിളുകളും കൂടി കൂട്ടത്തില്‍ തൂക്കി കൊടുത്തു. എന്നു മാത്രമല്ല യാത്രക്കാരായത് കൊണ്ടും വില ചോദിച്ചുറപ്പിച്ച് വാങ്ങിയില്ല എന്നതുകൊണ്ടും ആ യാത്രക്കാരില്‍ നിന്ന് അധിക വില ഈടാക്കുകയും ചെയ്തു. സാമാന്യം മര്യാദയും സത്യസന്ധതയും പ്രകടിപ്പിക്കുന്ന വേഷധാരികളില്‍ നിന്ന് ഇത്തരം അനുഭവങ്ങള്‍ ഒറ്റപ്പെട്ടതല്ല. കണക്കില്‍ കൃത്രിമം കാണിക്കുക, ബാക്കി കൊടുക്കാതിരിക്കുക, മുന്തിയ വസ്തുക്കളില്‍ കൂടി ചീത്തയും വിറ്റഴിക്കുക തക്കം നോക്കി അധികവില വാങ്ങുക തുടങ്ങിയ വഞ്ചനാപരമായ വ്യാപാര വ്യവസായ രീതികളില്‍ കൂടിയുണ്ടാക്കിയ സമ്പാദ്യങ്ങള്‍ അവകാശികള്‍ക്ക് തിരിച്ചുകൊടുത്ത് പശ്ചാത്തപിച്ച് മടങ്ങാന്‍ പോലും സാധിക്കാത്തതാണ് എന്നോര്‍ക്കുക. വഞ്ചിച്ചെടുത്ത സമ്പത്ത് കൈവശം വെച്ച ഒരാള്‍ ധര്‍മ യുദ്ധത്തില്‍ ശഹീദായി (രക്തസാക്ഷിയായി)ട്ടു കൂടി അദ്ദേഹം നരകാവകാശിയായാണെന്ന് നബി (സ) പറഞ്ഞിട്ടുണ്ട് (മുസ്‌ലിം).

അന്യായമായ സമ്പത്ത് കൈവശപ്പെടുത്തുന്ന മറ്റൊരു മാര്‍ഗമാണ് കടം. സാമൂഹ്യ ജീവിതത്തില്‍ കടം വാങ്ങലും കൊടുക്കലും നിത്യസംഭവമാണ്. അതിന് ഇസ്‌ലാം കൃത്യമായ നിയന്ത്രണങ്ങളും നിബന്ധനകളും നിര്‍ണയിച്ചിട്ടുണ്ട്. ഖുര്‍ആനിലെ ഏറ്റവും ദീര്‍ഘമുള്ള വചനം (ആയത്തുദൈന്‍) കടബാധ്യതകളെപ്പറ്റിയാണ്. കടം ബാക്കിവെച്ച് മരിച്ച സ്വഹാബിമാരുടെ മയ്യത്ത് നമസ്‌കാരം പോലും നബി (സ) ആദ്യകാലത്ത് നിര്‍വഹിച്ചില്ല. പിന്നീട് പൊതു ഖജനാവില്‍ (ബൈത്തുല്‍മാല്‍) സമ്പത്ത് വന്നപ്പോള്‍ മരിച്ചവരുടെ കടം നബി (സ) ഏറ്റെടുക്കുകയും പിന്നീട് നമസ്‌കരിക്കുകയും ചെയ്തു. കടം വീട്ടാന്‍ പ്രയാസപ്പെടുന്ന അര്‍ഹരായവര്‍ക്ക് ഇളവ് ചെയ്തുകൊടുത്താല്‍ അല്ലാഹു പരലോകത്ത് അയാള്‍ക്കും ഇളവ് ചെയ്തുകൊടുക്കുമെന്ന് നബി (സ) പറഞ്ഞു. എന്നാല്‍ കഴിവുണ്ടായിട്ടും കടം വീട്ടാന്‍ മടിക്കുക, ഒഴികഴിവുകള്‍ പറഞ്ഞ് ഉപേക്ഷ വരുത്തുക എന്നത് അത്ര ഗൗരവമുള്ള കാര്യമല്ലെ ന്നാണ് പൊതുവെ ധരിച്ചുവച്ചിട്ടുള്ളത്. കടം ബാക്കി നില്‍ക്കെ ഹജ്ജ്, ഉംറ കര്‍മ്മങ്ങള്‍ ചെയ്യുന്നതും നിത്യജീവിതത്തില്‍ ആര്‍ഭാടം കൈവിടാത്തവരും മാന്യതയുടെയും മതഭക്തിയുടെയും മറവില്‍ മഹാപാപമാണ് ചെയ്യുന്നതെന്ന് ഓര്‍ക്കണം.

മറ്റൊരു സാമ്പത്തിക കുറ്റമാണ് സകാത്ത് നല്‍കുന്നതിലെ വീഴ്ച. ഇസ്‌ലാമിലെ അടിസ്ഥാന ഘടകമായ അഞ്ചു കാര്യങ്ങളിലൊന്നാണ് സകാത്ത്. ബോധപൂര്‍വം സകാത്ത് നല്‍കാത്തവരെ നബിയുടെ കാലത്ത് വിശ്വാസിയായി എണ്ണിയിരുന്നില്ല. ഒന്നാം ഖലീഫ അബൂബക്കര്‍ (റ) ന്റെ ഭരണകാലത്ത് സകാത്ത് കൊടുക്കാത്തവരോട് യുദ്ധം പ്രഖ്യാപിച്ചതായി കാണാം. തന്റെ വരുമാനത്തില്‍നിന് ആവശ്യചെലവ് കഴിച്ച് ബാക്കിയുള്ള സമ്പത്തിന്റെ രണ്ടര ശതമാനം മാത്രം വര്‍ഷത്തിലൊരിക്കല്‍ അര്‍ഹരായ ദരിദ്രര്‍ക്ക് നീക്കിവെക്കാനാണ് ഇസ്‌ലാമിന്റെ കല്‍പന. സകാത്തിന്റെ വിഹിതം നല്‍കാതെ ആ സമ്പത്ത് ബാക്കി തൊണ്ണൂറ്റി ഏഴര ശതമാനത്തില്‍ കലര്‍ന്നാല്‍ മൊത്തം സമ്പത്തും അശുദ്ധമാകുമെന്ന് നബി (സ) പറഞ്ഞിട്ടുണ്ട്. മാത്രമല്ല, അശുദ്ധ സമ്പത്ത് തിന്നും ഉടുത്തും ജീവിക്കുന്നവരുടെ സല്‍കര്‍മ്മങ്ങളും പ്രാര്‍ഥനകള്‍ പോലും അല്ലാഹു സ്വീകരിക്കുകയില്ല എന്നാണ് മതനിയമത്തിലുള്ളത്. മതത്തിലെ മറ്റു ആചാരനുഷ്ഠാനങ്ങള്‍ക്കു നല്ല പരിഗണന കൊടുക്കുന്നവര്‍ പോലും സമ്പത്തിന്റെ കാര്യത്തില്‍ നിഷേധ നിലപാട് സ്വീകരിച്ചു കാണുന്നുണ്ട്.

വ്യാപാര വ്യവസായ വരുമാനങ്ങള്‍, ശമ്പളം, കൂലി, ആദായങ്ങള്‍ തുടങ്ങി എല്ലാ വരുമാനങ്ങളും സകാത്തിന്റെ പരിധിയില്‍പെടുന്നു. നമസ്‌കാരം, നോമ്പ്, ഹജ്ജ് എന്നിവക്ക് കൃത്യമായി സമയനിഷ്ഠയും കണക്കും ക്രമവുമുള്ള പോലെ സമൂഹ നിഷ്ഠമായ ഈ ആരാധനക്കുമുണ്ട് കണക്കും നാളും. കൃത്യമായ വരവും ചെലവും നോക്കി സമയമെത്തുമ്പോള്‍ സകാത്തു കൊടുത്താല്‍ മാത്രമേ ഒരാള്‍ രണ്ടു ശഹാദത്തും നേരായവിധം അംഗീകരിച്ച വിശ്വാസിയാവുകയുള്ളൂ. മറ്റൊരു ധനസമ്പാദന വഴിയാണ് കൈക്കൂലി. ഇക്കാലത്ത് ഈ സമ്പ്രദായം സമൂഹത്തിലെ താഴെ തട്ടുമുതല്‍ മേല്‍തട്ടുവരെ മാന്യമായ ധനാഗമന മാര്‍ഗമായിട്ട് അംഗീകരിക്കപ്പെട്ട പോലെയാണ്. പൊതു ഖജനാവില്‍ നിന്ന് നാടിന്റെ വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി ബജറ്റില്‍ വകയിരുത്തപ്പെടുന്ന വിഹിതങ്ങളില്‍ വലിയൊരു ശതമാനവും നാടിന്റെ വികസനത്തിന് ഉപയോഗപ്പെടുത്തുന്നതിന്പകരം ചൂഷണം ചെയ്യപ്പെടുന്നു. കൃത്രിമ ചരക്കുകളുപയോഗിച്ചും കോണ്‍ട്രാക്ടര്‍മാരുടെ വെട്ടിപ്പും ഉദ്യോഗസ്ഥരുടെ മാമൂലുകളുമായി ജനങ്ങള്‍ വഞ്ചിക്കപ്പെടുന്നു. കൃത്യമായി ജോലിയെടുക്കാതെ കൂലിയും ശമ്പളവും കൈപ്പറ്റുന്നതും അവിഹിത സമ്പാദ്യങ്ങളാണ്. സ്ത്രീധനം, ഇസ്‌ലാം പഠിപ്പിക്കാത്ത മതവിരുദ്ധ അനാചാരങ്ങള്‍ വഴിയുണ്ടാക്കുന്ന ധനം, അര്‍ഹതയില്ലാഞ്ഞിട്ടും അര്‍ഹനാണെന്ന് അഭിനയിച്ച് സകാത്തും സ്വദഖയും വാങ്ങി സമ്പാദിക്കുന്നതും നിഷിദ്ധമായ വകുപ്പുകളില്‍ തന്നെയാണ് പെടുക.

Chandrika Web: