കൊടുംദാരിദ്രത്തില്‍ രണ്ടാമത്തെ പ്രസവത്തിലുണ്ടായ പെണ്‍കുട്ടിയെ 800 രൂപയ്ക്ക് വിറ്റ് ഗോത്ര യുവതി. രണ്ടാം തവണയും പെണ്‍കുഞ്ഞ് ജനിച്ചതില്‍ അസന്തുഷ്ടയായ യുവതി മകളെ മറ്റൊരു ദമ്പതികള്‍ക്ക് വില്‍ക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഒഡീഷയിലെ മായുര്‍ബഞ്ച് ജില്ലയിലായിരുന്നു സംഭവം. കരാമി മുര്‍മു എന്ന ഗോത്രയുവതിയാണ് എട്ടുമാസം പ്രായമുള്ള പെണ്‍കുട്ടിയെ 800 രൂപയ്ക്ക് വിറ്റത്. തന്റെ പെണ്‍മക്കളെ വളര്‍ത്തുന്നതിനെക്കുറിച്ചുള്ള ആശങ്കകള്‍ അയല്‍വാസിയായ മഹി മുര്‍മുവുമായി കരാമി പങ്കുവെക്കാറുണ്ടായിരുന്നു. കുഞ്ഞിനെ ബിപ്രചരണ്‍പൂര്‍ ഗ്രാമത്തിലെ ഫുലാമണിഅഖില്‍ മറാണ്ടി ദമ്പതികള്‍ക്ക് 800 രൂപയ്ക്ക് വില്‍ക്കാന്‍ ഇടനില നിന്നത് മഹി മുര്‍മുവാണെന്ന് പൊലീസ് കണ്ടെത്തി. തമിഴ്‌നാട്ടില്‍ നിന്ന് വീട്ടിലെത്തി ഭര്‍ത്താവ് മുസു മുര്‍മു രണ്ടാമത്തെ മകളെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ കുട്ടി മരിച്ചുവെന്നാണ് ഇവര്‍ പറഞ്ഞത്. പിന്നീട് അയല്‍വാസികള്‍ പറഞ്ഞാണ് ഇയാള്‍ കാര്യങ്ങള്‍ അറിഞ്ഞത്.