സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് കേരള കലാമണ്ഡലത്തില്‍ കൂട്ട പിരിച്ചുവിടല്‍. മുഴുവന്‍ താല്‍ക്കാലിക ജീവനക്കാരെയും പിരിച്ചുവിട്ടു. 120 ഓളം ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. കലാമണ്ഡലത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ മുഴുവന്‍ താത്കാലിക ജീവനക്കാരെയും പിരിച്ചുവിടുന്നത്.
രജിസ്ട്രാറുടെ പുതിയ ഉത്തരവു പ്രകാരം 120 താത്കാലിക ജീവനക്കാരോടും നാളെമുതല്‍ ജോലിക്കു വരേണ്ടെന്ന് അറിയിച്ചു. പദ്ധതിയേതര വിഹിതത്തില്‍ നിന്ന് ലഭിക്കേണ്ട തുക ലഭിക്കാത്ത സാഹചര്യത്തില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണെന്നും ഉത്തരവില്‍ പറയുന്നു. ശമ്പളമടക്കം പ്രതിമാസം എണ്‍പത് ലക്ഷം രൂപയാണ് കലാമണ്ഡലത്തിന് ആവശ്യമായുള്ളത്. എന്നാല്‍ അമ്പത് ലക്ഷം രൂപമാത്രമാണ് കഴിഞ്ഞ മാസം സാംസ്‌കാരിക വകുപ്പില്‍ നിന്ന് ലഭിച്ചത്.