സംസ്ഥാനത്ത് ട്രഷറി നിയന്ത്രണം ഉൾപ്പെടെ പ്രശ്‌നങ്ങളുമായി സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ലൈഫ് ഭവന പദ്ധതിയും സ്തംഭിച്ചു. ഹഡ്‌കോ വായ്പ പരിധി കൂടി തീർന്നതോടെയാണ് ലൈഫ് ഭവന പദ്ധതിയുടെ വേഗം കുറഞ്ഞത്. ഭവനനിർമ്മാണത്തിൽ സർക്കാർ വിഹിതം കണ്ടെത്താനുള്ള നെട്ടോട്ടത്തിനിടെ പുതിയ വീടുകളുടെ കരാർ ഏറ്റെടുക്കാൻ തദ്ദേശസ്ഥാപനങ്ങൾക്ക് കഴിയാത്തതാണ് പ്രതിസന്ധി.
ആയിരക്കണക്കിന് പേരാണ് വീടെന്ന സ്വപ്‌നത്തിന് വേണ്ടി വർഷങ്ങളായി കാത്തിരിക്കുന്നത്. ആറ് വർഷത്തിലേറെയാണ് ലൈഫിന് വേണ്ടി കാത്തിരിക്കുന്ന കുടുംബങ്ങളുണ്ട്. ഇവരിൽ പലരും വീടെന്ന സ്വപ്‌നം നടക്കാതെ മരിച്ച് പോയി. ഭവന പദ്ധതി വേഗത്തിലാക്കാൻ സംസ്ഥാന സർക്കാറിന് പ്രത്യേക പദ്ധതികളില്ലാത്തതും വെല്ലുവിളിയാണ്.