ന്യൂഡല്‍ഹി: രാജ്യത്ത് സാമ്പത്തിക മാന്ദ്യമുള്ളതായി സമ്മതിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍. മാന്ദ്യത്തെ മറികടക്കുന്നതിന് പ്രത്യേക പദ്ധതികള്‍ പ്രഖ്യാപിക്കാനും മോദി സര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായി വളര്‍ച്ചാ നിരക്ക് മെച്ചപ്പെടുത്താന്‍ ഏകദേശം 40000 കോടി മുതല്‍ 50000 കോടി രൂപ ചെലവില്‍ സാമ്പത്തിക പാക്കേജ് നാളെ പ്രഖ്യാപിക്കും. ഊര്‍ജം, ഭവന നിര്‍മാണം, സാമൂഹിക ക്ഷേമം എന്നിവയില്‍ ഊന്നിയ പദ്ധതികളായിരിക്കും ഇവ.
രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ പ്രശ്‌നങ്ങളുണ്ടെന്ന് കേന്ദ്രസര്‍ക്കാറിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നോട്ട് അസാധുവാക്കലെന്ന അതിസാഹസികത കാരണം സമ്പദ് വ്യവസ്ഥ കൂപ്പുകുത്തുകയാണെന്ന വിമര്‍ശനവുമായി മന്‍മോഹന്‍ സിങ് രംഗത്തെത്തിയിരുന്നു.