ഹൈദരാബാദ്: ചരക്കുസേവന നികുതിയില്‍ നടുവൊടിഞ്ഞ ജനങ്ങള്‍ക്ക് ആശ്വാസം. ഇഡ്ഡലി-ദോശ മാവ്, ചന്ദനത്തിരി, മഴക്കോട്ട്, പിണ്ണാക്ക്, വറുത്ത ധാന്യങ്ങള്‍, വാളന്‍പുളി, റബര്‍ബാന്‍ഡ് എന്നിവയടക്കം 30 ഉല്‍പ്പന്നങ്ങളുടെ നികുതിയില്‍ മാറ്റംവരുത്താന്‍ ജിഎസ്ടി കൗണ്‍സില്‍ തീരുമാനം. അതേസമയം, ഖാദി ഉല്‍പ്പന്നങ്ങളെ ജിഎസ്ടി പരിധിയില്‍നിന്ന് ഒഴിവാക്കി. കൂടാതെ വര്‍ഷം 20 ലക്ഷത്തിനു മുകളില്‍ വരുമാനമുള്ള ആര്‍ട്ടിസാന്‍സ്മാരെയും നാടന്‍ കലാകാരന്മാരെയും ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കി.
എന്നാല്‍ ഇടത്തരം ആഡംബര വാഹനങ്ങള്‍ക്കുള്ള നികുതി കൂട്ടാനും യോഗം തീരുമാനിച്ചു. ഇടത്തരം കാറുകളുടെ നികുതിയില്‍ രണ്ടു ശതമാനവും വലിയ കാറുകളുടെ നികുതി അഞ്ചുശതമാനവും എസ്യുവിന്റെ നികുതിയില്‍ ഏഴുശതമാനവും വര്‍ധനയുണ്ടാകും. വലിയ കാറുകള്‍ക്കുള്ള നികുതി 20 ശതമാനമാകും. എസ്യുവികള്‍ക്ക് 22 ശതമാനവും ഇടത്തരം ചെറുകാറുകള്‍ക്ക് 17 ശതമാനവുമായാണ് നികുതി വര്‍ധിപ്പിക്കുക. 1200 സിസി പെട്രോള്‍, 1500 സിസി ഡീസല്‍ എന്നീ രണ്ടു കാറ്റഗറികളിലുള്ള വാഹനങ്ങളുടെ നികുതിയില്‍ വര്‍ധനയില്ല. ഇത് 15 ശതമാനമായി തുടരുമെന്നും കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. പാക്ക്‌ചെയ്ത ധാന്യങ്ങള്‍ക്ക് ജിഎസ്ടിയില്‍ വന്‍ നികുതി ഈടാക്കിയതോടെ വില്‍പ്പന നിര്‍ത്തിവച്ച വില്‍പ്പനക്കാരുമായി ചര്‍ച്ച നടത്താനും തീരുമാനിച്ചു. അതേസമയം, ജിഎസ്ടിയില്‍ റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയ പരിധി 10 വരെ ദീര്‍ഘിപ്പിച്ചു.