X

‘എന്താ യൂറോപ്പില്‍ യാത്ര പോയാല്‍?, കേരളം അത്ര ദരിദ്രമല്ല’ ; മുഖ്യമന്ത്രിയുടെ യൂറോപ്യന്‍ പര്യടനത്തെ ന്യായീകരിച്ച് ധനമന്ത്രി

തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയനും വിദ്യാഭ്യാസ മന്ത്രി ശിവകുട്ടിയുമുള്‍പ്പെട്ട സംഘം നടത്തുന്ന യൂറോപ്യന്‍ പര്യടനത്തെ ന്യായീകരിച്ച് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. കേരളം അത്ര ദരിദ്രമായ സംസ്ഥാനമല്ലെന്നും വിദേശത്തു പോകുന്നതു നല്ലതാണെന്നും യാത്രയെ ന്യായീകരിച്ച് അദ്ദേഹം പറഞ്ഞു.

ഉന്നതതല സംഘം യാത്ര പോയാല്‍ എന്താ പ്രശ്‌നം വരാനിരിക്കുന്നത് ? മുഖ്യമന്ത്രിയുടെ യാത്ര മൊത്തം ചെലവിനെ ഒരിക്കലും ബാധിക്കില്ല. കേരളം ദരിദ്ര സംസ്ഥാനമൊന്നുമല്ല. വരുമാനമുള്ള സംസ്ഥാനമാണ് കേരളം. കേന്ദ്ര സര്‍ക്കാറിന്റെ സമീപമാണ് പ്രശ്‌നം. യാത്രയല്ല ചര്‍ച്ച ചെയ്യേണ്ടത്. പകരം കേന്ദ്രത്തില്‍ നിന്ന് ലഭിക്കാനുള്ള നികുതിവിഹിതമാണ് ചര്‍ച്ചയാക്കേണ്ടത്. യാത്ര പോകുന്നതും സെമിനാറിന് പോകുന്നതും പഠനത്തിനായി കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയെ ബാധിക്കുന്നില്ല.

ഒരു ലക്ഷത്തി എഴുപതിനായിരം കോടി രൂപ ഒരു വര്‍ഷം ചെലവാക്കുന്ന സംസ്ഥാനമാണ് കേരളം. സംസ്ഥാനം ഓവര്‍ഡ്രാഫ്റ്റിലേക്ക് പോവില്ലെന്നും സ്ഥിതി നിയന്ത്രണ വിധേയമാണെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയില്ലെന്ന് ആവര്‍ത്തിച്ച ധനമന്ത്രി കേന്ദ്ര സര്‍ക്കാറിന്റെ സമീപനത്തെ രൂക്ഷമായി വിമര്‍ശിച്ചു. സംസ്ഥാനത്തിന് അര്‍ഹമായ പണം കേന്ദ്രം അനുവദിക്കുന്നില്ലെന്നാണ് ധനമന്ത്രിയുടെ കുറ്റപ്പെടുത്തല്‍.

Chandrika Web: