യു. എസ് സാമ്പത്തിക അടിയന്തിരാവസ്ഥയിലേക്ക്. അടിയന്തര ആവശ്യങ്ങള്‍ക്കുള്ള ധനബില്‍ പാസാക്കാന്‍ സാധിക്കാതിനെ തുടര്‍ന്നാണ് സാമ്പത്തിക അടിയന്തിരാവസ്ഥ സംജാതമായിരിക്കുന്നത്. ഒരു മാസത്തെ ചെലവിനുള്ള പണമാണു സെനറ്റ് അനുവദിക്കാതിരുന്നത്. അഞ്ചുവര്‍ഷത്തിനിടെ രണ്ടാം തവണയാണ് അമേരിക്കയില്‍ സാമ്പത്തിക അടിയന്തരാവസ്ഥ നിലവില്‍ വരുന്നത്. രണ്ടാഴ്ചയ്ക്കിടെ പതിനായിരക്കണക്കിനു പേര്‍ക്കാണു ജോലി നഷ്ടപ്പെട്ടത്. ബറാക് ഒബാമ സര്‍ക്കാരിന്റെ കാലത്തുണ്ടായ അടിയന്തരാവസ്ഥയില്‍ എട്ടരലക്ഷം പേര്‍ക്കു തൊഴില്‍ നഷ്ടമായിരുന്നു. ട്രംപ് പ്രസിഡന്റായി അധികാരമേറ്റ് ഒരു വര്‍ഷം തികയുമ്പോഴാണ് സാമ്പത്തിക അടിയന്തരാവസ്ഥയിലേക്ക് രാജ്യമെത്തുന്നത്.
ബില്ലില്‍ ഇന്ത്യന്‍ സമയം ഇന്നു പുലര്‍ച്ചെ നടന്ന സെനറ്റര്‍മാരുടെ യോഗത്തിലെ വോട്ടെടുപ്പു പരാജയപ്പെട്ടു. ബില്‍ പാസാക്കാന്‍ 60 വോട്ടുകളാണ് റിപ്പബ്ലിക് അംഗങ്ങള്‍ക്കു വേണ്ടിയിരുന്നത്. എന്നാല്‍ 50 വോട്ടുകള്‍ മാത്രമാണ് അവര്‍ക്കു ലഭിച്ചത്. അതേസമയം അഞ്ച് ഡമോക്രാറ്റ് സെനറ്റര്‍മാര്‍ ബില്ലിനെ പിന്തുണച്ചപ്പോള്‍ നാലു റിപ്പബ്ലിക് അംഗങ്ങള്‍ എതിര്‍ത്തു വോട്ടു ചെയ്തു.