ന്യൂഡല്‍ഹി: തുടര്‍ച്ചയായ ഇന്ധനവില വര്‍ധന ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ എങ്ങനെ പ്രതികൂലമായി ബാധിച്ചുവെന്ന തിരിച്ചറിവില്‍ നിന്നാണ് വില കുറയ്ക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. വൈകിയാണെങ്കിലും ഇത് വിപണിക്ക് നല്‍കുന്ന പ്രതീക്ഷ വളരെ വലുതാണ്. ഓഹരി വിപണി ഉള്‍പ്പെടെ ഇന്ന് വീണ്ടും സജീവമാകുമ്പോള്‍ ഇത് പ്രതിഫലിക്കും എന്നു തന്നെയാണ് സാമ്പത്തിക വിദഗ്ധര്‍ കണക്കുകൂട്ടുന്നത്.
തുടര്‍ച്ചയായ ഇന്ധന വില വര്‍ധനവ് ഇന്ധനവിലപ്പെരുപ്പത്തിന് മാത്രമല്ല, ഭക്ഷ്യ വിലപ്പെരുപ്പത്തിലേക്ക് കൂടിയാണ് രാജ്യത്തെ എത്തിച്ചത്. സമീപ കാലത്തൊന്നുമില്ലാത്ത വിധത്തിലുള്ള വിലവര്‍ധനവാണ് വിപണിയില്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി പ്രകടമാകുന്നത്. മാത്രമല്ല പിടിച്ചുനിര്‍ത്താനാകാത്ത വിധം വിലപ്പെരുപ്പം വീണ്ടും വീണ്ടും സാഹചര്യം കൂടി സംജാതമായി.
പണപ്പെരുപ്പം നിയന്ത്രിക്കാനായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അസാധാരന യോഗം ചേര്‍ന്ന് രണ്ടുതവണയാണ് റിപ്പോ നിരക്ക് വര്‍ധിപ്പിച്ചത്. എന്നാല്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച കുറയ്ക്കാനല്ലാതെ പണപ്പെരുപ്പം നിയന്ത്രിക്കാന്‍ ഇത് ഫലം ചെയ്തില്ലെന്നാണ് വിലയിരുത്തല്‍. ചൊവ്വാഴ്ച പുറത്തു വരാനിരിക്കുന്ന ഇന്ത്യയുടെ നാലാംപാദ ജി.ഡി. പി, ധനക്കമ്മി കണക്കുകള്‍ കൂടി ആകുന്നതോടെ നിലവിലെ സ്ഥിതി സംബന്ധിച്ച കൂടുതല്‍ ചിത്രം വ്യക്തമാകും.
ആര്‍.ബി.ഐ ഇടപെടല്‍ സമ്പദ് വ്യവസ്ഥയെ എങ്ങനെ പ്രതികൂലമായി ബാധിച്ചു എന്ന് ഈ കണക്കില്‍ നിന്ന് ബോധ്യമാകും. ഇത് മുന്‍കൂട്ടി കണ്ട് ഒരു മുഴം മുന്നേ എറിയുകയാണ് ഇന്ധനവില കുറയ്ക്കുക വഴി കേന്ദ്രം ചെയ്തിട്ടുള്ളത്. പെട്രോളിയം ഉത്പന്നങ്ങളുടെ വില വര്‍ധന ഒരുവശത്ത് പണപ്പെരുപ്പം ഉയരാന്‍ ഇടയാക്കുമ്പോള്‍ മറുവശത്ത് രൂപയുടെ മൂല്യമിടിവിനും വഴിവെക്കുന്നുണ്ട്. രണ്ടും സമ്പദ് വ്യവസ്ഥക്ക് ദോഷമാണ്.
പെട്രോളിയം നികുതിയില്‍ നിന്ന് ലഭിക്കുന്നതിനേക്കാള്‍ കൂടിയ തുകയാണ് രൂപയൂടെ മൂല്യമിടിവ് കാരണം ഇറക്കുമതി ഇനത്തില്‍ അധികം നല്‍കേണ്ടി വരുന്നത്. ഈ തിരിച്ചറിവാണ് കേന്ദ്രത്തെ പുതിയ പാഠം പഠിപ്പിച്ചത്. മാത്രമല്ല, നിലവിലെ രീതിയില്‍ മുന്നോട്ടു പോയാല്‍ സമ്പദ് വ്യവസ്ഥയുടെ ക്രമമായ തകര്‍ച്ചയിലേക്കായിരിക്കും രാജ്യത്തെ കൊണ്ടെത്തിക്കുക എന്ന സാമ്പത്തിക വിദഗ്ധരുടെ ഉപദേശവും വൈകിയാണെങ്കിലും കേന്ദ്രം ചെവിക്കൊണ്ടിരിക്കുന്നു. അതുകൊണ്ടുതന്നെ ഇന്ധന നികുതിയില്‍ കേന്ദ്രം വീണ്ടും കുറവു വരുത്തിയേക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. അമേരിക്കന്‍ വിപണിയുടെ തകര്‍ച്ചയും കേന്ദ്രത്തെ ഇരുത്തിച്ചിന്തിപ്പിക്കുന്നുണ്ട്. ജനുവരി മൂന്നിന് നേടിയ റെക്കോര്‍ഡ ഉയരത്തില്‍ നിന്ന് 20 ശതമാനമാണ് അമേരിക്കന്‍ വിപണി കൂപ്പു കുത്തിയത്. വെള്ളിയാഴ്ച ഉച്ചക്കുശേഷം തിരിച്ചുവരവ് പ്രവണത പ്രകടിപ്പിച്ചത് നേരിയ ആശ്വാസം പകരുന്നുണ്ട്. ഇന്ന് വിപണി വീണ്ടും സജീവമാകുമ്പോള്‍ സൂചിക എങ്ങനോട്ട് നീങ്ങുന്നു എന്നത് തുടര്‍ നിലപാടുകളില്‍ നിര്‍ണായകമാകുമെന്നാണ് വിലയിരുത്തല്‍.