X

ഒടുവില്‍ പ്രഖ്യാപനം, ക്രിക്കറ്റിനോട് വിടപറഞ്ഞ് ഹര്‍ഭജന്‍ സിങ്

ഇന്ത്യയുടെ ഏക്കാലത്തേയും മികച്ച സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗ് വിരമിക്കല്‍ പ്രഖ്യാപിച്ചു.ട്വിറ്ററിലെ ഒരു വീഡിയോ സന്ദേശത്തിലാണ് കളിയുടെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കുന്നതായി അദ്ദേഹം പ്രഖ്യാപനം നടത്തിയത്.

ജീവിതത്തില്‍ ചില കടുത്ത തീരുമാനങ്ങള്‍ എടുത്ത് മുന്നോട്ട് പോകേണ്ട ഒരു സമയം വരുന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഈ പ്രഖ്യാപനം നടത്താന്‍ ഞാന്‍ ഉദ്ദേശിക്കുന്നു, എന്നാല്‍ അത് നിങ്ങളുമായി പങ്കിടാനുള്ള ശരിയായ നിമിഷത്തിനായി ഞാന്‍ കാത്തിരിക്കുകയായിരുന്നു,ഇന്ന് ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും ഞാന്‍ വിരമിക്കുന്നു അദ്ദേഹം പറഞ്ഞു. ഞാന്‍ കുറച്ചുകാലമായി ഒരു സജീവ ക്രിക്കറ്ററായിരുന്നില്ല. എന്നാല്‍ എനിക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് പ്രതിബദ്ധതയുണ്ടായിരുന്നു, കൂടാതെ (2021) ഐപിഎല്‍ സീസണ്‍ അവരോടൊപ്പം ചെലവഴിക്കാന്‍ ഞാന്‍ ആഗ്രഹിച്ചു. എന്നാല്‍ സീസണില്‍ തന്നെ ഞാന്‍ വിരമിക്കാന്‍ തീരുമാനിച്ചിരുന്നു അദ്ദേഹം വ്യക്തമാക്കി.

1998 മാര്‍ച്ചില്‍ ബെംഗളൂരുവില്‍ ഓസ്ട്രേലിയയ്ക്കെതിരെയായിരുന്നു ഹര്‍ഭജന്‍ 17ാം വയസ്സില്‍ തന്റെ ആദ്യ അന്താരാഷ്ട്ര അരങ്ങേറ്റം കുറിക്കുന്നത്. 103 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 417 വിക്കറ്റ് വീഴ്ത്തിയ അദ്ദേഹം ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയുടെ നാലാമത്തെ ഏറ്റവും ഉയര്‍ന്ന വിക്കറ്റ് വേട്ടക്കാരനായി തുടരും. 236 ഏകദിനങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച ഹര്‍ഭജന്‍ 269 വിക്കറ്റ് വീഴ്ത്തി. ഇന്ത്യക്ക് വേണ്ടി 28 ടി20യില്‍ നിന്ന് 25 വിക്കറ്റും അദ്ദേഹം വീഴ്ത്തി.2000 ത്തിന്റെ തുടക്കത്തില്‍ ടീമിന്റെ അവിഭാജ്യ ഘടകമായിരുന്നു ഹര്‍ഭജന്‍, എംഎസ് ധോണിയുടെ ക്യാപ്റ്റന്‍സിയില്‍ ടീമിനൊപ്പം 2007 ,2011 എന്നിങ്ങനെ ലോകകപ്പുകളും നേടി.

 

Test User: