സംസ്ഥാനത്ത് റേഷൻ സാധനങ്ങൾ കയറ്റിപ്പോകുന്ന 1700ൽ പരം വാഹനങ്ങൾ ഒടുവിൽ ജിപിഎസ് ഘടിപ്പിച്ച വെഹിക്കിൾ ട്രാക്കിങ് ആൻഡ് ഫ്ലീറ്റ് മാനേജ്മെന്റ് (വിടിഎഫ്എംഎസ്) സോഫ്റ്റ്‌വെയറിന്റെ നിരീക്ഷണത്തിലായി. ഇതു കൃത്യമായി നടപ്പാക്കിയാൽ മാത്രമേ ഒക്ടോബർ മുതൽ റേഷൻ സാധനങ്ങളുടെ ട്രാൻസ്പോർട്ട് ചെലവ് നൽകൂ എന്നു കേന്ദ്ര ഭക്ഷ്യമന്ത്രാലയം അറിയിച്ച സാഹചര്യത്തിലാണിത്.
സെപ്റ്റംബറിൽ കേരളം സന്ദർശിച്ച കേന്ദ്ര ഭക്ഷ്യ സെക്രട്ടറി സഞ്ജീവ് ചോപ്ര സംസ്ഥാനത്തെ ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിലും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. പിന്നാലെ, കേന്ദ്രം സംസ്ഥാനത്തിനു കത്തെഴുതിയത്.
ഗോഡൗണുകളിൽ നിന്നു റേഷൻ കടകളിലേക്കു സാധനങ്ങളുടെ ‘വാതിൽപ്പടി’ വിതരണച്ചുമതലയുള്ള സപ്ലൈകോയ്ക്കാണ് വിടിഎഫ്എംഎസ് നിരീക്ഷണച്ചുമതല. വാഹനങ്ങൾ സ്വകാര്യ ഗോഡൗണുകളിലേക്കു ‘വഴിമാറി’ സഞ്ചരിച്ച് സാധനങ്ങളിൽ തിരിമറി നടത്തുന്നതു തടയുകയാണ് ലക്ഷ്യം. നിശ്ചിത റൂട്ടിൽ നിന്നു മാറി സനഞ്ചരിച്ചാൽ റേഷനിങ് ഇൻസ്പെക്ടർമാർ, താലൂക്ക് സപ്ലൈ ഓഫിസർമാർ തുടങ്ങിയവർക്കു മുന്നറിയിപ്പ് സന്ദേശം ഫോണിൽ ലഭിക്കും. കേന്ദ്ര ഭക്ഷ്യമന്ത്രാലയ പ്രതിനിധികൾക്കും ആവശ്യമെങ്കിൽ വാഹനങ്ങൾ നിരീക്ഷിക്കാം.