ന്യൂഡല്‍ഹി: ബാബരി മസ്ജിദ് രാമജന്മഭൂമി ഭൂമി തര്‍ക്ക കേസില്‍ ഈമാസം 16 ഓടെ വാദം കേള്‍ക്കല്‍ അവസാനിപ്പിക്കാനാണ് ആലോചിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി. ഈമാസം 17-ന് വാദങ്ങള്‍ അവസാനിപ്പിക്കണമെന്നായിരുന്നു നേരത്തെ ചീഫ് ജസ്റ്റിസ് പറഞ്ഞത്. കേസില്‍ മുസ്ലിം സംഘടനകളുടെ വാദം പൂര്‍ത്തിയായി. കേസില്‍ കക്ഷി ചേര്‍ന്നവരുടെ വാദം ഇതുവരെ കോടതി കേട്ടിട്ടില്ല. എല്ലാവരുടെയും ഭാഗം വിശദമായി കേള്‍ക്കാതെ വിധി പറയാന്‍ മാറ്റിവെക്കരുതെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു.
അതേസമയം കേസ് അന്തിമ ഘട്ടത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ അയോദ്ധ്യയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രദേശത്ത് കനത്ത സുരക്ഷയും ഏര്‍പ്പെടുത്തി. നവംബര്‍ 17-നാണ് നിലവിലെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി വിരമിക്കുന്നത്. അതിനാല്‍ വിരമിക്കുന്നതിന് മുമ്പുള്ള അദ്ദേഹത്തിന്റെ അവസാന പ്രവൃത്തി ദിനമായ നവംബര്‍ 15-ന് ബാബരി കേസിലെ വിധി ഉണ്ടാകാനാണ് സാധ്യത.
അതിനിടെ ഉത്തർപ്രദേശ് സുന്നി വഖഫ് ബോർഡ് ചെയർപേഴ്സന് സംരക്ഷണമാവശ്യപ്പെട്ട് ബാബരി ഭൂമികേസിലെ മധ്യസ്ഥന്മാരിലൊരാൾ സുപ്രീംകോടതിയെ സമീപിച്ചു. മൂന്നംഗ സമിതിയിലുണ്ടായിരുന്ന മധ്യസ്ഥനും സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനുമായ അഡ്വ. ശ്രീരാം പഞ്ചുവാണ് ബി.ജെ.പി പിന്തുണയുള്ള വഖഫ് ബോർഡ് ചെയർപേഴ്സന് സംരക്ഷണം തേടി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ ബെഞ്ചിലെത്തിയത്. ഇതേത്തുടർന്ന് മതിയായ സംരക്ഷണം നൽകാൻ ഉത്തർപ്രദേശ് സർക്കാറിനോട് സുപ്രീംകോടതി നിർദേശിച്ചു. സുപ്രീംകോടതി നിയോഗിച്ച മധ്യസ്ഥ സംഘം രണ്ടാമത് നടത്തിയ മധ്യസ്ഥശ്രമത്തെ സുന്നി വഖഫ് ബോർഡ് എതിർത്തിട്ടും അത് മറികടന്ന് മുസ്ലിം പക്ഷത്തുനിന്ന് ശ്രമം നടത്തിയത് വഖഫ് ബോർഡ് ചെയർപേഴ്സൻ ആണെന്ന് ആരോപണമുയർന്നിരുന്നു.