കൊല്‍ക്കത്ത: ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പരയിലെ മൂന്നാമത്തേയും അവസാനത്തേയും ഏകദിനം ഇന്ന് കൊല്‍ക്കത്തയിലെ ഈഡന്‍ഗാര്‍ഡന്‍സില്‍ നടക്കും. രണ്ട് മത്സരങ്ങളില്‍ വിജയിച്ച ഇന്ത്യ മൂന്നാം മത്സരം ജയിച്ച് വൈറ്റ് വാഷാണ് ലക്ഷ്യമിടുന്നത്. അതേ സമയം ടെസ്റ്റ് പരമ്പരയിലെ ദയനീയ തോല്‍വിക്കു പിന്നാലെ ഏകദിനത്തിലും സമ്പൂര്‍ണ തോല്‍വി മുഖത്തായ ഇംഗ്ലണ്ടിന് വന്‍ നാണക്കേട് ഒഴിവാക്കാന്‍ ഇന്നത്തെ മത്സരം ജയിക്കല്‍ അനിവാര്യമാണ്.
കഴിഞ്ഞ രണ്ട് ഏകദിന മത്സരങ്ങളിലും 300 ന് മുകളില്‍ സ്‌കോര്‍ ചെയ്തിട്ടും വിജയിക്കാനാവാത്തത് ഇംഗ്ലീഷുകാരെ ആശങ്കപ്പെടുത്തുന്നുണ്ട്.
ധോണിയില്‍ നിന്നും ക്യാപ്റ്റന്‍ പദവി ഏറ്റെടുത്ത വിരാട് കോലി പരമ്പര ഇതിനോടകം കൈപ്പിടിയിലൊതുക്കിയതിനാല്‍ കൂടുതല്‍ സമ്മര്‍ദ്ദങ്ങളൊന്നുമില്ലാതെയാണ് ഇന്നിറങ്ങുക. രണ്ടു മത്സരങ്ങളിലും 350 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്ത ഇന്ത്യന്‍ ബാറ്റിങ് നിര മികച്ച ഫോമിലാണ്.അതേ സമയം മധ്യ ഓവറുകളില്‍ ബൗളര്‍മാര്‍ അച്ചടക്കമില്ലാതെ പന്തെറിയുന്നത് മാത്രമാണ് ഇന്ത്യന്‍ നിരയെ അല്‍പമെങ്കിലും ആശങ്കപ്പെടുത്തുന്നത്. ഇരു ടീമുകളും ഒരുപോലെ ബുദ്ധിമുട്ടുന്നത് ബൗളര്‍മാരുടെ പ്രകടനത്തിലാണ്. പരമ്പരയില്‍ ഇതുവരെ ഒരു സന്നാഹ മത്സരം മാത്രമാണ് ഇംഗ്ലണ്ടിന് വിജയിക്കാനായിട്ടുള്ളത്. ടെസ്റ്റില്‍ 4-0ന് തോറ്റ ഇംഗ്ലണ്ടും ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗനും ഏകദിനത്തില്‍ വലിയ പ്രതീക്ഷകളാണ് വച്ചു പുലര്‍ത്തിയിരുന്നത്.
എന്നാല്‍ കഴിഞ്ഞ രണ്ട് മത്സരങ്ങളിലും പ്രതീക്ഷകള്‍ക്കു വിഘാതമായി കനത്ത പരാജയമാണ് ടീമിന് നേരിടേണ്ടി വന്നത്. ആദ്യ മത്സരത്തില്‍ കോലിയും കേദാര്‍ ജാദവുമായിരുന്നെങ്കില്‍ രണ്ടാം മത്സരത്തില്‍ ധോണിയും യുവരാജുമായിരുന്നു ഇന്ത്യന്‍ ബാറ്റിങിന് നട്ടെല്ലായത്. ഇന്ത്യയെ സംബന്ധിച്ച് ബാറ്റിങില്‍ ശിഖര്‍ ധവാന്റേയും കെ.എല്‍ രാഹുലിന്റെയും ഫോം മാത്രമാണ് അല്‍പം പ്രശ്‌നം സൃഷ്ടിക്കുന്നത്. രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ട ധവാന് പകരം അജിന്‍ക്യ രഹാനെയെ ഓപണറായി പരീക്ഷിക്കാനും കോലി തയാറായേക്കും. ചാമ്പ്യന്‍സ് ട്രോഫിക്കു മുമ്പ് ഇന്ത്യയുടെ അവസാന ഏകദിന മത്സരമാണ് ഇന്നത്തേത. കട്ടക്കിലെ വിക്കറ്റിനേക്കാളും അല്‍പം പച്ചപ്പ് നിറഞ്ഞതാണ് ഈഡന്‍ ഗാര്‍ഡന്‍സിലേതെന്നതിനാല്‍ പേസര്‍മാര്‍ക്ക് പിച്ചില്‍ നിന്നും അല്‍പം ആനുകൂല്യം പ്രതീക്ഷിക്കാവുന്നതാണ്.
ഈഡന്‍ ഗാര്‍ഡന്‍സില്‍ ഇതിന് മുമ്പ് മൂന്ന് മത്സരങ്ങള്‍ കളിച്ച ഇംഗ്ലണ്ടിന് ഒന്നു പോലും ജയിക്കാനായിട്ടില്ല. പരമ്പരയില്‍ രണ്ട് തോല്‍വികള്‍ നേരിട്ട ഇംഗ്ലീഷ് ക്രിക്കറ്റ് ടീമിന് പരുക്കേറ്റ ഓപ്പണര്‍ അലക്‌സ് ഹെയില്‍സ് നാട്ടിലേക്ക് മടങ്ങിയത് ആഘാതമായിട്ടുണ്ട്. ഹെയില്‍സിന്റെ വലുതുകൈയിലാണ് പരുക്ക്. കട്ടക്കില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ ക്യാച്ചിന് ശ്രമിച്ചപ്പോഴാണ് ഹെയ്‌യില്‍സിന് പരുക്കേറ്റത്. പരുക്ക് സാരമുള്ളതാണെന്നും സര്‍ജന്റെ ചികിത്സവേണ്ടിവരുമെന്നുമാണ് ഇംഗ്ലീഷ് ടീം മാനേജ്‌മെന്റ് അറിയിച്ചത്.
തുടര്‍ മത്സരങ്ങളില്‍ ഇംഗ്ലീഷ് ടീമിന് വിജയം ആശംസിച്ചാണ് ഹെയില്‍സ് നാട്ടിലേക്ക് മടങ്ങിയത്. ഹെയില്‍സിന് പകരം ടി ട്വന്റി മത്സരങ്ങള്‍ക്കായി ജോണി ബെയര്‍ സ്‌റ്റോയെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നായകന്റെ തൊപ്പിയഴിച്ചുവെച്ചുവെങ്കിലും മൂന്നാം ഏകദിനത്തിന് മുമ്പുള്ള പരിശീലന സെഷനില്‍ ക്യാപ്റ്റന്റെ റോള്‍ ചെയ്തത് ധോണിയായിരുന്നു. കോലി പരിശീലനത്തിന് എത്താഞ്ഞതിനാലാണ് ധോണി പഴയ ചുമതല ഏറ്റെടുത്തത്. പിച്ച് പരിശോധിച്ചതും പിച്ചും ഔട്ഫീല്‍ഡും എന്തായിരിക്കുമെന്ന വിവരങ്ങള്‍ ശേഖരിച്ചതും അത് കളിക്കാര്‍ക്ക് പകര്‍ന്നുകൊടുത്തതുമെല്ലാം ധോണി തന്നെ. ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് മാറിയശേഷവും ടീമിന്റെ ഉത്തരവാദത്തത്തില്‍നിന്ന് അകന്നുമാറിയിട്ടില്ല ധോണി എന്ന് വ്യക്തമാക്കുന്നതായിരുന്നു പരിശീലന സെഷന്‍. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും നിര്‍ണായക ഘട്ടത്തില്‍ തേഡ് അംപയറുടെ വിധി നിര്‍ണയം ആവശ്യപ്പെട്ടത് ധോണിയായിരുന്നു.