കമാല്‍ വരദൂര്‍
ലണ്ടന്‍ എന്ന മഹാനഗരം ആ നഗരത്തിന്റെ സവിശേഷതകള്‍ എത്രയോ തവണ പറഞ്ഞതാണ് എത്രയോ തവണ എഴുതിയതാണ്. അതിവിശാലമായി കിടക്കുന്ന സാമ്രാജ്യത്തിന്റെ ഒരു ആസ്ഥാനമാണ് ലണ്ടന്‍ നഗരം. എവിടെ നോക്കിയാലും നമ്മള്‍ കാണുന്നത്. ചരിത്രമാണ് ചിത്രങ്ങളാണ്. ഈ നഗരത്തില്‍ എവിടെ പോയാലും ഒരേ അച്ചില്‍ വാര്‍ത്ത കെട്ടിടങ്ങള്‍ ഒരേ രീതിയില്‍ സംസാരിച്ച് പോകുന്ന നല്ല നാട്ടുകാര്‍ വളരെ വൃത്തിയുള്ള പാതകള്‍ എന്നിവയെല്ലാം കാണാം. ഇതൊക്കെയാണ് ഈ നഗരത്തിന്റെ സവിശേഷതകള്‍. പക്ഷെ ലോഡ്‌സ് നഗരമധ്യത്തിലാണ് . സെന്റ് ജോണ്‍സ് മെട്രോയില്‍ കയറി സെന്റ് ജോണ്‍സ് സ്‌റ്റേഷനിലിറങ്ങി അഞ്ച് മിനുട്ട് നടന്നാല്‍ ലോര്‍ഡ്‌സിലെത്താം.
പുറത്തുനിന്ന് കാണുമ്പോള്‍ അമ്പരചുംബികളായ കെട്ടിടങ്ങളിെല്ലങ്കിലും പഴയ ഓര്‍മകളെ കാണിക്കുന്ന കെട്ടിടങ്ങള്‍ ഇവിടുണ്ട്. അതിന് നടുവിലാണ് ലോഡ്‌സ് മൈതാനം. ഇന്നലെ അതുവഴി പോയപ്പോള്‍ ആ കവാടത്തില്‍ പഴയകാല ക്രിക്കറ്റ് താരങ്ങളെ ഓര്‍മ്മിപ്പിക്കുന്ന ചിത്രങ്ങള്‍ മനോഹരമായി കൊത്തിവെച്ചതായി കാണുകയുണ്ടായി. ക്രിക്കറ്റിനെ അറിയുന്നവര്‍ക്ക് അറിയാം എങ്ങിനെയാണ് ആ കായിക വിനോദം വരുന്നതെന്ന്. പണ്ട് ആട്ടിടയന്‍മാര്‍ കളിച്ചിരുന്ന വിനോദം പിന്നീട് കാലാന്തരങ്ങളിലൂടെ എവിടെയെല്ലാം ബ്രിട്ടീഷ് സാമ്രാജ്യമുണ്ടോ അവിടെയെല്ലാം ക്രിക്കറ്റെന്ന കായികം വ്യാപിച്ച കഥകള്‍ നാം പലതവണ വായിച്ചിട്ടുണ്ട്. ലോഡ്‌സിലേക്ക് വരുമ്പോള്‍ നമ്മെ സ്വീകരിക്കാന്‍ നില്‍ക്കുന്ന ഈ ചിത്രങ്ങളില്‍ ഉള്ളത് ആരൊക്കൊയണെന്ന് മുഖം നോക്കി പറയാന്‍ സാധിക്കില്ലെങ്കിലും. ഇംഗ്ലണ്ടിന് ആദ്യകാലം മുതല്‍ ക്രിക്കറ്റിനോടുള്ള ഇഷ്ടത്തെ വിളിച്ച് ഓതുന്നതാണ് ഈ ചിത്രങ്ങള്‍.
ഇന്നലെ ഇവിടെ നിന്ന് വെസ്റ്റ് ഇന്‍ഡീസ് താരം ഇയാന്‍ ബിഷപ്പുമായി സംസാരിക്കുമ്പോള്‍ ഈ ചിത്രങ്ങളുടെ ചരിത്രവും മനോഹാരിതയും അദ്ദേഹം പോലും പറയുന്നുണ്ട്. ക്രിക്കറ്റിന്റെ മക്കയില്‍ ഒരു സെഞ്ച്വറി സ്വന്തമാക്കുക എന്നത് ഓരോ ക്രിക്കറ്റ് താരത്തിന്റെയും സ്വപ്‌നമാണ്. അതുകൊണ്ടാണ് പാകിസ്താന്റെ ഇമാമുള്‍ ഹഖ് ലോഡ്‌സില്‍ സെഞ്ച്വറി നേടിയപ്പോള്‍ പറഞ്ഞത് അദ്ദേഹത്തിന്റെ ചെറിയ ക്രിക്കറ്റ് കരിയറിലെ ഏറ്റവും നല്ല ദിവസമായിരുന്നു ഇന്ന് എന്നാണ്.
സെക്യൂരിറ്റി ചെക്കിങ്ങ് കഴിഞ്ഞ് ഗ്രൗണ്ടിന് അകത്തേക്ക് കടക്കുമ്പോള്‍ ഇരിപ്പിടം മുതല്‍ മീഡിയ ബോക്‌സിന് വരെ എല്ലാത്തിനും വ്യത്യസ്ഥമായ സൗന്ദര്യമുണ്ട്. ക്രിക്കറ്റ് അത്ര പ്രചാരമുള്ള മത്സരമെന്നുമല്ല ഫുട്‌ബോളുമായി താരതമ്യം ചെയ്യുമ്പോള്‍ കളിക്കുന്നവരുടെ എണ്ണം പോലും കുറവാണ്. പക്ഷെ ഈ ലോഡ്‌സിലേക്ക് വരുമ്പോള്‍ ഈ മനോഹാരിതയില്‍ ക്രിക്കറ്റിനോട് അടങ്ങാത്ത പ്രണയം നമുക്കെല്ലാം തോന്നും. ചില പ്രധാനപ്പെട്ട മത്സരങ്ങള്‍ക്ക് മാത്രമാണ് ഈ ലോകകപ്പില്‍ ലോഡ്‌സ് വേദിയായത്. ലോഡ്‌സിനെ ഇംഗ്ലീഷ് ക്രിക്കറ്റ് അസോസിയേഷന്‍ ഫൈനലിന് വേണ്ടി ഒരുക്കിവെക്കുകയായിരുന്നെന്ന് പറയാം. നമ്മള്‍ ഈ സ്റ്റേഡിയത്തിലേക്ക് വരുമ്പോള്‍ നമ്മളെ സ്വീകരിക്കുന്ന ഈ ചിത്രങ്ങളാണ് ക്രിക്കറ്റ് എന്ന മത്സരത്തെ നമ്മളിലേക്ക് ഏറെ അടുപ്പിക്കുന്നത്. ഫൈനല്‍ കാണാന്‍ എത്തുന്നവര്‍ ഈ ചിത്രങ്ങള്‍ക്ക് മുന്നില്‍ നിന്ന് ചിത്രങ്ങള്‍ എടുക്കാതെ പോകാറില്ല. ഈ ലോകകപ്പില്‍ ആര് കിരീടം നേടിയാലും അവര്‍ അഭിമാനത്തേടെ പറയുക ഈ മൈതാനത്തുനിന്ന് കിരീടം നേടാനായി എന്നായിരിക്കും. അത്രമാത്രം ഫീലിങ്ങാണ് ഈ ലോഡ്‌സ് നല്‍കുന്നത്.