X

സിനിമ ചിത്രീകരണത്തിനിടയില്‍ 27 പ്രവര്‍ത്തകര്‍ക്ക് തേനിച്ചയുടെ കുത്തേറ്റു, മൂന്നു പേരുടെ നിലഗുരുതരം

കൊച്ചി: തേനീച്ചയുടെ കുത്തേറ്റ് മലയാള സിനിമാ പ്രവര്‍ത്തകരായ 27 പേര്‍ക്ക് പരിക്ക്. കൊച്ചി-ധനുഷ്‌കോടി ദേശീയ പാതയില്‍ ശാസ്താംമുകള്‍ പാറമടക്ക് സമീപത്തുവെച്ചാണ് സിനിമാ പ്രവര്‍ത്തകര്‍ക്ക് തേനീച്ചയുടെ കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

അസിസ്റ്റന്റ് ക്യാമറാമാന്‍ എറണാകുളം സ്വദേശി പ്രവീണ്‍(23), മേക്കപ്പ് മാന്‍ ആലുവ വെണ്ണിപ്പറമ്പില്‍ മനോജ്(40), ഫോട്ടോഗ്രാഫര്‍ എറണാകുളം വാഴക്കാല സ്വദേശി ജോജി(48) എന്നിവരാണ് ആസ്പത്രിയില്‍ ചികിത്സയിലുള്ളത്.
മറ്റുള്ളവരെ പ്രഥമ ചികിത്സക്ക് ശേഷം വിട്ടയച്ചു.

ഇന്നലെ രാവിലെ പത്തരയോടെയായിരുന്നു സംഭവം. മലയാള സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിലായിരുന്നു സംഭവം. നായകന്റെ ചെറുപ്പകാലം ഷൂട്ട് ചെയ്യുന്നതിനിടെ ഹെലി ക്യാമിന്റെ ശബ്ദവും വെളിച്ചവുമാണ് തേനീച്ചക്കൂട് ഇളകുവാന്‍ കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. തേനീച്ച ഇഴകിയപ്പോള്‍ കുറേപേര്‍ ഓടി രക്ഷപ്പെട്ടതിനാല്‍ തേനീച്ചയുടെ കാര്യമായ കുത്തേറ്റില്ല. ദേശീയപാതയോട് ചേര്‍ന്നുള്ള പാറമടയില്‍ മൂന്നിടങ്ങളിലാണ് തേനീച്ചക്കൂട്ടം ഉള്ളത്.

chandrika: