X

ഹാദിയാ കേസ് ലൗ ജിഹാദാക്കിമാറ്റി ജെ.എന്‍.യുവില്‍ ഡോക്യുമെന്ററി പ്രദര്‍ശനം: വിദ്യാര്‍ത്ഥി സംഘടനകള്‍ തമ്മില്‍ സംഘര്‍ഷം

ന്യൂഡല്‍ഹി: കേരളത്തില്‍ ലവ് ജിഹാദ് വ്യാപകമാണന്നും ഹാദിയ കേസ് ലൗ ജിഹാദാക്കി മാറ്റിയും ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയില്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ച സംഭവത്തില്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ തമ്മില്‍ സംഘര്‍ഷം. അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്തും (എബിവിപി), ഇടതുപക്ഷ സംഘടനകളും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. വിവേകാനന്ദ വിചാര്‍ എന്ന സംഘടനയുടെ നേതൃത്വത്തില്‍ നടന്ന ‘ഇന്‍ ദി നെയിം ഒഫ് ലവ് മെലങ്കലി ഓഫ് ഗോഡ്‌സ് ഓണ്‍ കണ്‍ട്രി’ എന്ന ചിത്രം വര്‍ഗീയ വിദ്വേഷം പരത്തുന്നതാണെന്ന് ആരോപിച്ച് ഇടതുപക്ഷ വിദ്യാര്‍ത്ഥികള്‍ ഡോക്യുമെന്ററി പ്രദര്‍ശനത്തിനെതിരെ എതിര്‍പ്പ് പ്രകടിപ്പിക്കുകയായിരുന്നു. ഇതാണ് സംഘര്‍ഷത്തില്‍ അവസാനിച്ചത്.

ലൗ ജിഹാദ് വിഷയത്തെ ആസ്പദമാക്കി എടുത്ത ഡോക്യുമെന്ററിയില്‍ കേരളത്തില്‍ ലവ് ജിഹാദ് വ്യാപകമാണെന്നും ഹാദിയയും ഷെഫിന്‍ ജഹാനും തമ്മിലുള്ള ബന്ധം ലൗ ജിഹാദായി പരാമര്‍ശിച്ചിരുന്നു. എന്നാല്‍ ഹാദിയ കേസ് ലൗ ജിഹാദ് അല്ലെന്ന് രാജ്യത്തിന്റെ പരമോന്നത കോടതിയായ സുപ്രിംകോടതി നേരത്തേ വ്യക്തമാക്കിയിട്ടും ഇത്തരത്തില്‍ അവതരിപ്പിക്കുന്നത് ഗൂഢാലോചനയുടെ ഭാഗമാണെന്ന് വിദ്യാര്‍ത്ഥി സംഘടനകള്‍ ആരോപിച്ചാണ് പ്രദര്‍ശനം നിര്‍ത്തണമെന്നാവശ്യപ്പെട്ടത്.

അതേസമയം പ്രതിഷേധിച്ചവര്‍ക്കെതിരെ എ.ബി.വി.പി ആക്രമണ നടത്തി. ജെഎന്‍യു വിദ്യാര്‍ത്ഥി യൂനിയന്‍ മുന്‍ അധ്യക്ഷന്‍ മോഹിത് പാണ്ഡേയെ കയ്യേറ്റം ചെയ്തു. മോഹിത് പാണ്ഡെ സഞ്ചരിച്ച കാറിനു നേരെയും ആക്രമണമുണ്ടായി സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുതകയാണ്. ഇടതുപക്ഷ വിദ്യാര്‍ത്ഥികള്‍ അവരുടെ അസഹിഷ്ണുത പ്രകടമാക്കിയതുവഴി സുരക്ഷാ വലയങ്ങള്‍ തകര്‍ന്നു എന്ന് വിവേകാനന്ദ മഞ്ചിന്റെ കണ്‍വീനര്‍ ഉമേഷ് കുമാര്‍ ഖൂട്ട് കുറ്റപ്പെടുത്തി. ലൗ ജിഹാദ് എന്ന പേരില്‍ രാജ്യത്ത് വെറുപ്പ് സൃഷ്ടിക്കുന്ന രാഷ്ടീയത്തിനെതിരെ വെള്ളിയാഴ്ച ഇടതുപക്ഷ സംഘടനകള്‍ പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു. സമാധാനപരമായ പ്രകടനത്തിന് നേരെ മുട്ടയും കല്ലും ഉപോയാഗിച്ച് സംഘപരിവാര്‍ ശക്തികള്‍ ആക്രമിച്ചെന്ന് ഇടതുപാര്‍ട്ടികള്‍ കുറ്റപ്പെടുത്തി.

chandrika: