കോവിഡ് ലോക്ഡൗണിന് ശേഷം നിയന്ത്രണങ്ങളോടെ സിനിമാ തിയറ്ററുകള്‍ ചൊവ്വാഴ്ച തുറക്കുകയാണ്. തിയറ്ററുകളിലെത്താന്‍ തയ്യാറായി ഇരിക്കുന്നത് 80 ഓളം മലയാള ചലച്ചിത്രങ്ങളാണ്. പ്രൊഡക്ഷന്‍, പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളെല്ലാം പൂര്‍ത്തിയാക്കിയ ചിത്രങ്ങളാണ് ഇവ.
മോഹന്‍ലാലിന്റെ മരയ്ക്കാര്‍, മമ്മൂട്ടിയുടെ വണ്‍, പ്രീസ്റ്റ്, ഫഹദ് ഫാസിലിന്റെ മാലിക്, ദുല്‍ഖര്‍ സല്‍മാന്റെ കുറുപ്പ് എന്നിവയെല്ലാം മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ റിലീസ് ചെയ്യുമെന്നാണ് സൂചന. പൂര്‍ത്തിയാക്കിയ ബിഗ് ബജറ്റ് സിനിമകള്‍ ഉടന്‍ റിലീസിനെത്തില്ല. പൊങ്കലിന് വിജയ് നായകനായ മാസ്റ്റര്‍ തമിഴ്‌നാട്ടില്‍ റിലീസ് ചെയ്യുന്നുണ്ട്. ചിലപ്പോള്‍ പുതിയ സാഹചര്യത്തില്‍ കേരളത്തിലും റിലീസ് ചെയ്‌തേക്കാം.
തിയറ്ററുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതോടെ, മോഹന്‍ലാല്‍ – ജീത്തു ജോസഫ് ചിത്രം ‘ദൃശ്യം 2’ ന്റെ ഒടിടി റിലീസ് സംബന്ധിച്ചു ചലച്ചിത്ര ലോകത്ത് അവ്യക്തതയുണ്ട്. ആമസോണ്‍ പ്രൈമിലൂടെ ചിത്രം റിലീസ് ചെയ്യുമെന്നു ടീസര്‍ റിലീസ് ചെയ്ത മോഹന്‍ലാലാണ് ഇന്നലെ രാവിലെ സമൂഹ മാധ്യമത്തിലൂടെ പ്രഖ്യാപിച്ചത്. ഈ മാസം അവസാനമോ ഫെബ്രുവരിയിലോ റിലീസ് ചെയ്യുമെന്നായിരുന്നു സൂചനകള്‍. എന്നാല്‍, തിയറ്ററുകള്‍ 5 മുതല്‍ തുറക്കാമെന്നു വൈകിട്ടു മുഖ്യമന്ത്രി പ്രഖ്യാപിച്ചതോടെ ഒടിടി റിലീസ് തീരുമാനത്തില്‍ മാറ്റം വരുമോയെന്നു വ്യക്തമല്ല.